അമ്മ പ്രേമകുമാരി അൽപ്പ സമയത്തിനകം നിമിഷ പ്രിയയെ കാണും; കൂടിക്കാഴ്ച 12 വർഷത്തിന് ശേഷം

വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു യമൻ തലസ്ഥാനമായ സനയിലെ ജയിലിൽ കഴിയുന്ന മലയാളി യുവതി നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരിക്ക് അനുമതി. ഉച്ചയ്ക്കു ശേഷം രണ്ടിന് ജയിലിൽ എത്താൻ പ്രേമകുമാരിക്ക് നിർദേശം നൽകി. 12 വർഷത്തിന് ശേഷമാണ് പ്രേമകുമാരി മകളെ കാണുന്നത്. പ്രാദേശിക സമയം 10.30ഓട് കൂടി (ഇന്ത്യൻസമയം ഉച്ചയ്ക്ക് ഒരു മണി)  പ്രേമകുമാരി ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് അവർക്കൊപ്പമാകും ജയിലിലെത്തി നിമിഷയെ സന്ദർശിക്കുക.

2012ലാണു മകളെ പ്രേമകുമാരി അവസാനമായി കണ്ടത്. ഇന്നലെ രാവിലെ 11 മണിയോടെ (ഇന്ത്യൻ സമയം) റോഡുമാർഗം ഏദനിൽനിന്നു സനയിലെത്തിയ പ്രേമകുമാരി ‌മനുഷ്യാവകാശ പ്രവർത്തകൻ സാമുവേൽ ജെറോം വഴിയാണ് ജയിൽ അധികൃതർക്ക് അപേക്ഷ നൽകിയത്.

.
2017 ജൂലൈ 25ന് യെമൻ സ്വദേശിയെ കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയിൽ ഒളിപ്പിച്ചെന്ന കേസിലാണ് നിമിഷയെ വധശിക്ഷയ്ക്കു വിധിച്ചത്. നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായവാഗ്ദാനവുമായി വന്ന യുവാവ് പാസ്പോർട്ട് പിടിച്ചെടുത്ത് ഭാര്യയാക്കിവെക്കാൻ ശ്രമിച്ചതാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് നിമിഷ പ്രിയയുടെ വിശദീകരണം.

ക്രൂരമായ പീഡനത്തിനിരയായിരുന്ന നിമിഷ, ക്ലിനിക്കിൽ ജോലി ചെയ്തിരുന്ന യുവതിയുടെയും മറ്റൊരു യുവാവിന്റെയും നിർദേശപ്രകാരം അമിത ഡോസ് മരുന്നു കുത്തിവച്ചത് മരണത്തിന് ഇടയാക്കുകയായിരുന്നുവെന്നും പ്രതി വിശദീകരിക്കുന്നു. മരുന്നു കുത്തിവയ്ക്കുന്നതിന് സഹായിച്ച തദ്ദേശിയായ നഴ്സ് ഹാൻ ഇതേ ജയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്.

.

Share
error: Content is protected !!