സൗദിയിൽ നിന്നുള്ള മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; ഒരാൾ മരിച്ചു, നാല് പേർക്ക് പരിക്ക്

സൗദിയിൽ നിന്നുള്ള മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. കൊല്ലം കൊട്ടാരക്കര സ്വദേശി ഉമ്മന്നൂർ പഴിഞ്ഞം ബഥേൽ മന്ദിരം കോശി എന്ന ജോയി (55) ആണ് മരിച്ചത്.

 

സൗദിയിൽ നിന്നും ശനിയാഴ്ച കുടുംബ സമേതം ഒമാനിലെ സലാലയിലേക്ക് റോഡ് മാർഗം യാത്ര ചെയ്യുകയായിരുന്നു ഇവർ. ഇതിനിടയിൽ ശനിയാഴ്ച രാത്രിയോടെ ഒമാനിലെ ഹൈമക്കടുത്ത് കർണാലത്തിൽ വെച്ച് ഇവർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെടുകയയിരുന്നു.  മരിച്ച കോശിയുടെ ഭാര്യ ഭാര്യ വാളകം സ്വദേശി പ്രെയ്സി, മക്കളായ കെസിയ, കെൻസ്, സാറാ എന്നിവരെ പരിക്കുകളോടെ ഹൈമ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

അപകടവിവരം പുറത്തറിയാൻ വൈകിയതിനാൽ ആശുപത്രിയിലെത്തിക്കാനും വൈകിയതായി സാമൂഹിക പ്രവർത്തകർ പറഞ്ഞു.  കൊട്ടാരക്കര ഉമ്മന്നൂർ പഴിഞ്ഞം പരേതനായ എ.കെ. യേശുദാസിന്‍റെയും (ഫെയ്ത്ത് സൗണ്ട് ) കുഞ്ഞു മറിയാമ്മയുടെയും മകനാണ് മരിച്ച കോശി.

 

മികച്ച സാമുഹിക പ്രവർത്തകൻ കൂടിയായ കോശി കോവിഡ് കാലത്ത് സൗദി ഖഫ്ജി നോർക്കയുമായി സഹകരിച്ച് സാമൂഹ്യ സേനന രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. പെന്തെക്കൊസ്ത് മിഷൻ ഖഫ്ജി സഭാംഗമാണ്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

 

.

 

Share
error: Content is protected !!