ജസ്നയുടെ തിരോധാനത്തെക്കുറിച്ച് അറിയാമെന്നു മോഷണക്കേസ് പ്രതി: വഴിത്തിരിവായി നിര്‍ണായക മൊഴി
പത്തനംതിട്ട വെച്ചൂച്ചിറയിൽനിന്നു കാണായ വിദ്യാര്‍ഥിനി ജസ്ന മരിയ ജെയിംസിന്റെ തിരോധാനക്കേസില്‍ വഴിത്തിരിവായി നിര്‍ണായക മൊഴി. മോഷണക്കേസിൽ പ്രതിയായ യുവാവിന് ജസ്നയുടെ തിരോധാനത്തില്‍ അറിവുണ്ടെന്ന് സിബിഐയ്ക്ക് മൊഴി ലഭിച്ചു. ഈ യുവാവിനൊപ്പം ജയിലില്‍ കഴിഞ്ഞ മറ്റൊരു പ്രതിയുടെതാണ് വെളിപ്പെടുത്തല്‍. പത്തനംതിട്ട സ്വദേശിയായ മോഷണക്കേസിലെ പ്രതി ഒളിവിലൊണെന്നാണ് കണ്ടെത്തല്‍.
2018 മാർച്ച് 22ന് രാവിലെ എരുമേലിയിലെ വീട്ടില്‍ നിന്നിറങ്ങിയ ജസ്നയെ പിന്നീട് കാണാതാവുകയായിരുന്നു. ജസ്ന വിവാഹം കഴിച്ച് വിദേശത്തുണ്ടെന്ന തരത്തിലുള്ള ക്രൈംബ്രാഞ്ചിന്റെ നിഗമനങ്ങള്‍ തെറ്റാണെന്നു സിബിഐ കണ്ടെത്തിയിരുന്നു. ഇതിനിടെയാണ് നാലു മാസങ്ങള്‍ക്ക് മുന്‍പ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് സിബിഐയ്ക്ക് ഫോണ്‍ സന്ദേശമെത്തുന്നത്. പോക്സോ കേസില്‍ പ്രതിയായ കൊല്ലം സ്വദേശിക്ക് ജസ്ന കേസിനെക്കുറിച്ച് പറയാനുണ്ടെന്നായിരുന്നു സന്ദേശം. സിബിഐ ഉദ്യോഗസ്ഥര്‍ ജയിലിലെത്തി പ്രതിയുടെ മൊഴിയെടുത്തു.
മൊഴിയിലെ പ്രധാന ഭാഗം ഇങ്ങനെ: പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ യുവാവ് രണ്ടു വര്‍ഷം മുന്‍പ് മറ്റൊരു കേസില്‍ പ്രതിയായി കൊല്ലം ജില്ലാ ജയിലില്‍ കഴിഞ്ഞിരുന്നു. പത്തനംതിട്ട സ്വദേശിയും മോഷണക്കേസ് പ്രതിയുമായ യുവാവായിരുന്നു സെല്ലില്‍ കൂടെക്കഴിഞ്ഞിരുന്നത്. ജയിലിൽ വച്ച് ജസ്നയ്ക്ക് എന്ത് സംഭവിച്ചുവെന്ന് തനിക്ക് അറിയാമെന്ന് യുവാവ് പറഞ്ഞിരുന്നുവെന്നായിരുന്നു വെളിപ്പെടുത്തല്‍.
പ്രതി നല്‍കിയ മേല്‍വിലാസം വഴി അന്വേഷിച്ച സിബിഐ മൂന്ന് കാര്യങ്ങള്‍ സ്ഥിരീകരിച്ചു. ഇങ്ങനെയൊരു പ്രതി കൊല്ലം ജില്ലാ ജയിലില്‍ കഴിഞ്ഞിട്ടുണ്ട്, മൊഴി നല്‍കിയ പ്രതിക്കൊപ്പമായിരുന്നു ജയില്‍വാസം, പത്തനംതിട്ടയിലെ മേല്‍വിലാസവും ശരിയാണ്. എന്നാൽ ജയിലില്‍ നിന്നിറങ്ങിയ ശേഷം ഇയാൾ ഒളിവിലാണ്. രണ്ടു പ്രതികള്‍ ജയിലില്‍ നടത്തിയ സംഭാഷണമായതിനാല്‍ ജസ്നയെക്കുറിച്ച് വിവരമുണ്ടെന്നത് വീരവാദമോ നുണയോ ആയിരിക്കാം. എന്നാൽ, മറ്റൊരു തെളിവും ഇല്ലാത്തതിനാല്‍ ഇയാളെ കണ്ടെത്താനാണ് നീക്കം.
4 വർഷം മുൻപു കാണാതായ ജെസ്ന മരിയയെ കണ്ടെത്താൻ കഴിഞ്ഞ വർഷം ഏപ്രിലിൽ സിബിഐ ഇന്റർപോൾ മുഖേന 191 രാജ്യങ്ങളിൽ യെലോ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. 2018 മാർച്ച് 22നു കാണാതായ ജെസ്ന എവിടെയാണെന്ന കാര്യത്തിൽ സൂചനകളൊന്നും കിട്ടാത്ത സാഹചര്യത്തിലായിരുന്നു യെലോ നോട്ടിസ്. ജെസ്നയുടെ ഫോട്ടോ, കേസിനെ സംബന്ധിച്ച വിവരങ്ങൾ, തിരിച്ചറിയാനുള്ള അടയാളങ്ങൾ തുടങ്ങിയവ ഇതര രാജ്യങ്ങളിലെ ഇന്റർപോളിനു കൈമാറിയിരുന്നു.
ജെസ്‌നയെ കണ്ടെത്താൻ സഹോദരൻ ജെയ്സ് ജോൺ ജയിംസ് ഉൾപ്പെടെ നൽകിയ ഹർജിയിൽ 2021 ഫെബ്രുവരി 19നാണു കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാൽ ഇതുവരെ ജെസ്‌നയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും അന്വേഷണം വേഗത്തിലാക്കാൻ കോടതി ഇടപെടണമെന്നും ആവശ്യപ്പെട്ട് ക്രിസ്ത്യൻ അസോസിയേഷൻ ആൻഡ് അലയൻസ് ഫോർ സോഷ്യൽ ആക്‌ഷൻ (കാസ) എന്ന സംഘടന ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് കോടതി നിർദേശപ്രകാരം സിബിഐ മുദ്ര വച്ച കവറിൽ അത് വരെയുള്ള അന്വേഷണ പുരോഗതി റിപ്പോർട്ട് കോടതിക്ക് സമർപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ അതിനപ്പുറം കാര്യമായ പുരോഗതിയൊന്നും കേസിലുണ്ടായിരുന്നില്ല. ഇതിനിടെയാണ് നിർണായക വെളിപ്പെടുത്തലുകൾ സിബിഐ ക്ക് ലഭിക്കുന്നത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273