തെളിവുകളുടെ അഭാവം; സൗദി ജയിലിൽ കഴിയുന്ന മലയാളി യുവാവിന് വധശിക്ഷയിൽ ഇളവ്
സൌദിയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് റിയാദ് ജയിലിൽ കഴിഞ്ഞിരുന്ന മലയാളി യുവാവിന് ആശ്വാസമായി അനുകൂല വിധി. മലപ്പുറം, ഒതായി സ്വദേശി സമീർ പെരിഞ്ചേരിക്കാണ് (38) വധശിക്ഷയിൽ ഇളവ് ലഭിച്ചത്.
ഒരു വർഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. റിയാദിലെ ബത്ഹയിൽ പൊലീസ് നടത്തിയ പരിശോധനയിൽ സ്ത്രീകളോടൊപ്പം സമീറും പിടിയിലാവുകയായിരുന്നു. സമീറിനോടൊപ്പം പിടിയിലായ ഇന്തോനേഷ്യൻ യുവതി സമീറിനെതിരെ മൊഴികൊടുത്തതോടെ വ്യഭിചാരക്കുറ്റം ചുമത്തി ശരീഅത്ത് നിയമപ്രകാരം വധശിക്ഷക്ക് വിധിക്കുകയായിരുന്നു. തുടർന്ന് മേൽക്കോടതിയിൽ അപ്പീൽ പോയെങ്കിലും വധശിക്ഷ ശരിവെച്ചു.
സമീറിൻ്റെ ജീവൻ രക്ഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം നിരവധി സാമൂഹിക പ്രവർത്തകരുമായി ബന്ധപ്പെട്ടിരുന്നുവെങ്കിലും കേസിൻ്റെ സ്വഭാവം പരിഗണിച്ച് വിഷയത്തിൽ ഇടപെടാൻ ആരും മുന്നോട്ട് വന്നില്ല. ഒടുവിൽ കുടുംബം ഇന്ത്യൻ എംബസിയെ സമീപിച്ചു. സുധീർ മണ്ണാർക്കാട് എന്നയാളെ കേസിൻ്റെ തുടർ നടപടികളുമായി മുന്നോട്ട് പോകാൻ എംബസി ചുമതലപ്പെടുത്തി.
എംബസി നിർദേശ പ്രകാരം സുധീൻ മണ്ണാർക്കാട് കേസിൽ വീണ്ടും മേൽകോടതിയിൽ അപ്പീൽ ഫയൽ ചെയ്തു. തുടർന്ന് കോടതി വീണ്ടും കേസ് പുനഃപരിശോധിക്കാൻ തയാറാവുകയുമായിരുന്നു. കുറ്റം തെളിയിക്കുന്നതിന് ആവശ്യമായ സാക്ഷികളോ തെളിവുകളോ ഇല്ലെന്ന് സമർത്ഥിക്കാൻ പ്രതിഭാഗത്തിന് കഴിയുഞ്ഞു. ആവശ്യമായ തെളിവുകൾ നിരത്തുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെടുകയും ചെയ്തതോടെ കഴിഞ്ഞ വ്യാഴാഴ്ച റിയാദ് കോടതി വധ ശിക്ഷാവിധി റദ്ധാക്കാൻ ഉത്തരവിടുകയായിരുന്നു.
വധശിക്ഷയിൽ ഇളവ് ലഭിച്ചെങ്കിലും സമീറിന് ജയിൽ മോചനം സാധ്യമായിട്ടില്ല. നിയമാനുസൃതമുള്ള തടവും പിഴയും ഉൾപ്പടെയുള്ള ശിക്ഷ നടപടികൾ നേരിടേണ്ടിവരും.
റിയാദിലെ സാമൂഹിക പ്രവർത്തകനായ അൻഷാദ് കരുനാഗപ്പള്ളിയും, സാലിഹ് ഓമശ്ശേരി, സുഹൈൽ ഓമശ്ശേരി എന്നിവരും കേസുമായി ബന്ധപ്പെട്ട കാര്യത്തിൽ സുനീർ മണ്ണാർക്കാടിന് സഹായവുമായി രംഗത്തുണ്ടായിരുന്നു.
കൂടാതെ അഡ്വ. സൽമാൻ അമ്പലക്കണ്ടി, യൂനിസ് അമ്പലക്കണ്ടി എന്നിവർ നാട്ടിൽ കുടുംബവുമായി ബന്ധപ്പെട്ടിട്ടുള്ള രേഖകളും മറ്റും തയാറാക്കുന്നതിനും സഹായിച്ചു. ഇന്ത്യൻ എംബസിയുടെ പിന്തുണ നിയമപോരാട്ടത്തിൽ വളരെയേറെ സഹായകരമായെന്ന് സുധീർ മണ്ണാർക്കാട് പറഞ്ഞു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273