കാഴ്ചയില്ലെങ്കിലും അകക്കണ്ണുകൊണ്ട് മെസ്സിയുടെ ഗോൾ കണ്ട് കുട്ടി ആരാധകൻ: ഈ ആവേശത്തോളം വരില്ല മറ്റൊന്നും-വീഡിയോ

ലോകമാകെ കാൽപന്തിന് പിന്നാലെ പായുകയാണ്. നെയ്മറിന്റെയും റൊണാൾഡോയുടെയും മെസ്സിയുടെയുമൊക്കെ ആരാധകരുടെ ആർപ്പും ആരവവും നിരാശയുമെല്ലാമാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. കളിക്കളത്തിൽ പാസ് ചെയ്യപ്പെടുന്ന പന്ത് വിദഗ്ധമായി ഗോൾപോസ്റ്റിൽ എത്തിക്കുന്നത് കണ്ടിരിക്കുന്നതാണ് ഫുട്ബോളിന്റെ ഹരം. എന്നാൽ കാഴ്ചയില്ലാതെ ഫുട്ബോൾ മത്സരം ആസ്വദിക്കാനാവുമോ? അതെങ്ങനെ സാധിക്കുമെന്നാണ് സംശയമെങ്കിൽ വെനസ്വേല സ്വദേശിയായ സെബാസ്റ്റ്യൻ ഫിലോറമോ എന്ന ബാലനെക്കുറിച്ച് അറിയണം.

 

പന്ത്രണ്ടു വയസ്സുകാരനായ സെബാസ്റ്റ്യൻ മെസ്സിയുടെ ഏറ്റവും കടുത്ത ആരാധകനാണ്. ഓരോ മത്സരവും കാഴ്ചയുള്ളവരെ പോലെ തന്നെ ആസ്വദിച്ച് ആവേശംകൊള്ളുകയാണ് സെബാസ്റ്റ്യൻ. ഫുട്ബോളിന്റെ ആവേശം മകന് പകർന്നു കൊടുക്കാൻ സെബാസ്റ്റ്യന്റെ അച്ഛൻ കണ്ടെത്തിയ വഴിയാണ് ആളുകളുടെ ഹൃദയം നിറയ്ക്കുന്നത്. ഫുട്ബോൾ ഫീൽഡിന്റെ അതേ ആകൃതിയിൽ ഒരുക്കിയ ഒരു ടച്ച് ടേബിൾ ആണ് കളി ആസ്വദിക്കാൻ സെബാസ്റ്റ്യനെ സഹായിക്കുന്നത്.

 

ടെലിവിഷനിൽ മത്സരങ്ങൾ കണ്ട് പന്തിന്റെ ചലനം അനുസരിച്ച് അതേപടി ടച്ച് ടേബിളിലൂടെ അച്ഛന്റെ കൈകൾ നീങ്ങും. ആ കൈകളിൽ പിടിച്ച് പന്ത് ഗോൾ പോസ്റ്റിലേക്ക് എത്തിയത് സെബാസ്റ്റ്യൻ അറിയുകയും ചെയ്യും. എല്ലാ ഫുട്ബോൾ മത്സരങ്ങളും ഇത്തരത്തിൽ അകക്കണ്ണുകൊണ്ട് കണ്ടറിഞ്ഞ് സെബാസ്റ്റ്യൻ ആസ്വദിക്കുകയാണ്.  മുൻപ് നടന്ന അർജന്റീന – മെക്സിക്കോ  മത്സരത്തിൽ മെസ്സി ഗോൾ നേടിയ അവസരത്തിൽ സെബാസ്റ്റ്യൻ ആഹ്ലാദം പ്രകടിപ്പിക്കുന്ന വിഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

 

മെസ്സിയുടെ പത്താം നമ്പർ ജേഴ്സി അണിഞ്ഞ് ചങ്കിടിപ്പോടെ ടച്ച് ടേബിളിൽ കൈവച്ച് കാത്തിരിക്കുകയാണ് സെബാസ്റ്റ്യൻ. മെസ്സിയുടെ ഗോൾ പിറന്ന ആ നിമിഷം തന്നെ അത് തൊട്ടറിഞ്ഞ സെബാസ്റ്റ്യൻ അങ്ങേയറ്റം ആവേശഭരിതനായി ഗാലറിയിലിരുന്ന് എന്നപോലെ തൊപ്പി ഊരിയെറിഞ്ഞ് ആഹ്ലാദിക്കുന്നത് കാണാം. വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ  ഈ ആവേശം കണ്ടു മെക്സിക്കൻ ഫുട്ബോൾ ടീമിന്റെ ആരാധകർ പോലും അങ്ങേയറ്റം മനസ്സ് നിറഞ്ഞാണ് കമന്റുകൾ രേഖപ്പെടുത്തുന്നത്. മെക്സിക്കോയുടെ തോൽവിയിൽ വേദന തോന്നിയെങ്കിലും മെസ്സിയുടെ ഗോളിന് സെബാസ്റ്റ്യനെ ഇത്രയധികം സന്തോഷിപ്പിക്കാനായെങ്കിൽ ആ വേദന കാര്യമാക്കുന്നില്ല എന്ന തരത്തിലാണ് പ്രതികരണങ്ങൾ.

 

കാഴ്ചയുടെ പരിമിതികളെല്ലാം മറികടന്ന് മറ്റുള്ളവരെ പോലെ തന്നെ ഫുട്ബോൾ ആസ്വദിക്കാൻ മകന് അവസരം ഒരുക്കിക്കൊടുത്ത സെബാസ്റ്റ്യന്റെ അച്ഛനെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് സൈബർ ലോകം . സെബാസ്റ്റ്യന് ഒരിക്കലെങ്കിലും മെസ്സിയുടെ അടുത്തെത്താൻ അവസരം ഒരുക്കി കൊടുക്കാൻ സാധിക്കുന്നവർ അത് ചെയ്യണമെന്ന് ആവശ്യപ്പെടുന്നവരും കുറവല്ല.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Share
error: Content is protected !!