തടി കുറയാന്‍ കറുവാപ്പട്ട ചായ കുടിക്കാം
നല്ല ആരോഗ്യത്തിന് ആരോഗ്യകരമായ ഭക്ഷണക്രമം അത്യാവശ്യമാണ്. കൃത്യമായ വ്യായാമവും നല്ല ഭക്ഷണങ്ങളും ഇല്ലാത്തതിനാല്‍ പലര്‍ക്കും അമിതവണ്ണവും ഭാരം ഒക്കെ ഉണ്ടാവുന്നു. സന്തുലിതമായ ശരീര ഭാരം ആരോഗ്യത്തിന്റെ ലക്ഷണമാണ്. അതുക്കൊണ്ട് തന്നെ അമിതഭാരമുള്ള പലരും ശരീരഭാരം കുറയ്ക്കുന്നതിനായി ശ്രമിക്കാറുണ്ട് . കര്‍ശനമായ ഭക്ഷണക്രമങ്ങളും സപ്ലിമെന്റുകളും ഒക്കെ പരീക്ഷിച്ച് പലരും അതില്‍ പരാജയപ്പെട്ടിട്ടുമുണ്ടാകും.
പല ഡയറ്റുകളും പരീക്ഷിക്കുന്ന കൂട്ടത്തില്‍ പലരും ശരിയായ ഭക്ഷണത്തിന്റെ പ്രാധാന്യം വിട്ടുപോകുന്നുമുണ്ട്. ശരീരഭാരം പെട്ടെന്ന് കുറയ്ക്കുന്നത് നല്ലതല്ല. ഏറ്റവും അനുയോജ്യമായ കാര്യം വ്യായാമം ചെയ്യുക എന്നതാണ്. അല്ലെങ്കില്‍ ഭക്ഷണത്തിലൂടെയും ശരീരഭാരം നിയന്ത്രിക്കാന്‍ സാധിക്കും. ഗ്രീന്‍ടീയും, ഹണി ജിഞ്ചര്‍ വാട്ടറും ഒക്കെ ആളുകള്‍ ഇതിനായി ഉപയോഗിക്കാറുണ്ട്. എന്നാല്‍ ശരീരഭാരം കുറയ്ക്കാന്‍ കറുപ്പട്ടയ്ക്ക സാധിക്കുമെന്ന കാര്യം അറിയാമോ?
കറുവപ്പട്ട ശരീരഭാരം കുറയ്ക്കും
ശരീരഭാരം കുറയ്ക്കാന്‍ നിങ്ങള്‍ പ്രകൃതിദത്തമായ ഒരു മാര്‍ഗം തേടുകയാണെങ്കില്‍, ഈ കയ്‌പേറിയ മധുരമുള്ള സുഗന്ധവ്യഞ്ജനം സഹായിക്കും. വളരെയധികം ആരോഗ്യ ഗുണങ്ങള്‍ നിറഞ്ഞതാണ് കറുവപ്പട്ട. കൂടാതെ തടിയുള്ള ശരീരത്തിലെ കൊഴുപ്പിനെതിരെ ഇത് പ്രവര്‍ത്തിക്കുന്നു. തടികൂടുന്നതിനെ സംബന്ധിച്ച് നിങ്ങള്‍ക്ക് ആശങ്കയുണ്ടെങ്കില്‍, ദൈനംദിന ഭക്ഷണത്തില്‍ ഒരു കറുവപ്പട്ട ചായ ചേര്‍ക്കാം.
ഈ കയ്‌പേറിയ മധുരമുള്ള മസാല, ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങളെ സഹായിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ഇന്‍സുലിന്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നുവെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ഇതെല്ലാം ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന കാര്യങ്ങളാണ്.
2012-ല്‍ ജേര്‍ണല്‍ ഓഫ് ന്യൂട്രീഷണല്‍ സയന്‍സ് ആന്‍ഡ് വൈറ്റമിയോളജിയില്‍ പ്രസിദ്ധീകരിച്ച ഒരു ജാപ്പനീസ് പഠന റിപ്പോര്‍ട്ടില്‍- എലികളിലെ വിസറല്‍ കൊഴുപ്പിനെതിരെ പോരാടാന്‍ കറുവപ്പട്ട സഹായിച്ചുവെന്ന് കാണിക്കുന്നു.
പതിവ് വ്യായാമവും സമീകൃതാഹാരവും ഒപ്പം കറുവപ്പട്ടയും ഉള്‍പ്പെടുത്തിയാല്‍ ശരീരത്തിന്റെ മാറ്റം അത്ഭുതകരമായിരിക്കും. പലര്‍ക്കും വ്യായാമം ചെയ്താലും തടി കുറയാന്‍ ബുദ്ധിമുട്ടായിരിക്കും. എന്നാല്‍ കറുപ്പട്ട അതിന് ഒരു പരിഹാരമാകും.
ശരീരഭാരം കുറയ്ക്കാന്‍ കറുവപ്പട്ട ചായ ഉണ്ടാക്കുന്ന വിധം
നിങ്ങളുടെ ശരീരഭാരം കുറയ്ക്കാന്‍ ദിവസവും ഒരു കറുവപ്പട്ട ചായ കുടിക്കുന്നത് നല്ലതാണ്. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു പാനീയമാണിത്. ഒരു കപ്പ് വെള്ളം, ചെറിയൊരു കഷ്ണം കറുവപ്പട്ടയിട്ട് തിളപ്പിക്കുക അതിലേക്ക് ഒരു ചെറിയ സ്പൂണ്‍ ഇല തേയില ഇടുക. അത് വാങ്ങിവച്ച് അരമിനിറ്റിന് ശേഷം ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ക്കുക. ഒരു ചെറുനാരങ്ങ പിഴിഞ്ഞ് ഒഴിച്ച് കറുവപ്പട്ട ചായ ആസ്വദിച്ച് കുടിച്ച് തുടങ്ങിക്കൊള്ളുക.
കറുവാപ്പട്ടയുടെ മറ്റ് ആരോഗ്യ ഗുണങ്ങള്‍
ശരീരഭാരം കുറയ്ക്കാന്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നതിന് പുറമേ, കറുവപ്പട്ടയ്ക്ക് ധാരാളം ഔഷധ, ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുണ്ട്. ഈ സുഗന്ധവ്യഞ്ജനം നമ്മുടെ ശരീരത്തെ, ദോഷകരമായ രോഗകാരികളില്‍ നിന്ന് സംരക്ഷിക്കുന്നു. ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റിഓക്സിഡന്റ് ഗുണങ്ങളാല്‍ സമ്പന്നമായ കറുവാപ്പട്ട, ശരീരത്തിലെ അപകടകരമായ വിഷവസ്തുക്കളെ ഒഴിവാക്കുന്നു. കൂടാതെ, ഇത് ദഹന ആരോഗ്യം മെച്ചപ്പെടുത്തുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു.