ആത്മവിശ്വാസവും ആത്മബലവും ഒന്നിച്ചുചേർന്നയാൾ, കേരളം കേൾക്കുന്നത് വിസ്മയത്തോടെ’; വി ഡി സതീശനെ പുകഴ്ത്തി സുപ്രഭാതം

കോഴിക്കോട്: മുഖ്യമന്ത്രി വി ഡി സതീശനെ പുകഴ്ത്തി സമസ്ത ഇകെ വിഭാഗം മുഖപത്രം. സുപ്രഭാതത്തിലാണ് മുഖ്യമന്ത്രിയെ പുകഴ്ത്തി ലേഖനം വന്നത്. മുഖ്യമന്ത്രിയെ വാക്കിലും വാദത്തിലും തോൽപ്പിക്കാൻ ആകില്ലെന്ന് മുഖപ്രസംഗത്തിൽ പറയുന്നു. ആത്മവിശ്വാസവും ആത്മബലവും ഒന്നിച്ചുചേർന്നയാളാണ് അദ്ദേഹം.

വി ഡി സതീശനെ വിസ്മയത്തോടെയാണ് കേരളം കേൾക്കുന്നതെന്നും ലേഖനത്തിൽ പറയുന്നു. ‘വ്യക്തിവിചാരം’ എന്ന പoക്തിയിലാണ് മുഖ്യമന്ത്രിയെ പുകഴ്ത്തിയിരിക്കുന്നത്. മാരിടൈം ബോർഡ് ഭേദഗതി ബില്ലിനെ കുറിച്ചാണ് ലേഖനം. മുമ്പ് ഇതേ പംക്തിയിൽ വി ഡി സതീശനെ രൂക്ഷമായി വിമർശിച്ചിരുന്നു.

‘സുപ്രഭാത’ത്തിലെ ലേഖനത്തിന്‍റെ പൂർണരൂപം
‘ഇരുവഴിയിൽ പെരുവഴിനല്ലൂ പെരുവഴി പോ ചങ്ങാതി പെരുവഴി കണ്മുന്നിലിരിക്കെ പുതുവഴി നീ വെട്ടുന്നാകിൽ പലതുണ്ടേ ദുരിതങ്ങൾ’- എൻ എൻ കക്കാട് (വഴി വെട്ടുന്നവരോട്)

മാരിടൈം ബോർഡ് ഭേദഗതി ബിൽ, ധനവകുപ്പിന്റെകൂടി ചുമതലയുള്ള മുഖ്യമന്ത്രി വി.ഡി സതീശൻ നിയമസഭയിൽ അവതരിപ്പിക്കുകയാണ്: കടൽ നമുക്ക് അതിരു മാത്രമല്ല, ചരിത്രത്തിലേക്കും ഭാവിയിലേക്കുമുള്ള കവാടംകൂടിയാണ്. 600 കിലോമീറ്റർ നീണ്ട കടൽതീരം, രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങൾ, ഒരു കണ്ടെയിനർ ടെർമിനൽ, 17 ചെറുകിട തുറമുഖങ്ങൾ, 44 നദികൾ… ഇവയെയെല്ലാം ബന്ധിപ്പിച്ച് നിരത്തുകൾ, തീവണ്ടിപ്പാതകൾ, ഉൾനാടൻ ജലഗതാഗത യാനങ്ങൾ, യാത്രാ ചരക്കു കപ്പലുകൾ… ഇപ്പോൾ നിരത്തിലൂടെ പോകുന്ന പകുതി വാഹനങ്ങളെങ്കിലും ജലപാതയിലൂടെയാവാം.

ദുബൈ, മാലി തുടങ്ങിയ ലോകത്തിന്റെ പലഭാഗങ്ങളിലേക്ക് ഇവിടെനിന്ന് കപ്പൽ കയറാം. കാസർക്കോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് ജലയാനത്തിൽ സഞ്ചരിക്കാം. നമ്മുടെ ഉൽപന്നങ്ങൾ ഈ കൊച്ചു തീരത്തുനിന്ന് ലോകത്തെവിടേക്കും കുറഞ്ഞ ചെലവിൽ കയറ്റി അയക്കാം-കേരള വികസനത്തിന് മുഖ്യമന്ത്രി കാണുന്ന സ്വ‌പ്നച്ചിറകിലെ തൂവലുകളാണിതൊക്കെ. സിംഗപ്പൂർപോലെ, സിയാറ്റിൽപോലെ മലയാളക്കരയെ തുറമുഖ നഗരമാക്കുന്നതാണ് മിഷൻ സമുദ്ര.

Share