ഇന്റർനെറ്റിലൂടെ മോഷണം പഠിച്ചു, പൂട്ടിയിട്ട വീടുകളിൽ ബുർഖ ധരിച്ച് കയറി പണവും സ്വർണവും ഐഫോണും തട്ടി; 25-കാരി പിടിയിൽ

ഹൈദരാബാദ്: പൂട്ടിയിട്ട വീടുകളിൽ ബുർഖ ധരിച്ച് കയറി മോഷണം നടത്തിയ യുവതി അറസ്റ്റിൽ. ഹൈദരാബാദിലാണ് സംഭവം. പാഗ ജയ (25) എന്ന യുവതിയാണ് അറസ്റ്റിലായത്. വീടുകളിൽ നിന്ന് പണവും സ്വർണാഭരണങ്ങളും ഐഫോണും ഉൾപ്പെടെ 70 ലക്ഷം രൂപയുടെ സാധനങ്ങളാണ് ഇവർ മോഷ്ടിച്ചത്. അഞ്ച് മോഷണക്കേസുകളിൽ യുവതിക്ക് പങ്കുണ്ടെന്ന് പോലീസ് അറിയിച്ചു.

മോഷണത്തിനുള്ള തന്ത്രങ്ങൾ യുവതി പഠിച്ചത് ഇന്റർനെറ്റിലൂടെയാണ്. ഭർത്താവ് പോലും അറിയാതെ രഹസ്യമായിട്ടായിരുന്നു യുവതിയുടെ ‘മോഷണപഠനം’. മോഷണത്തിനിടെ തിരിച്ചറിയാതിരിക്കാനും പിടിക്കപ്പെടാതിരിക്കാനുമാണ് ബുർഖ ധരിച്ചിരുന്നത്.

പൂട്ടിയിട്ട വീടുകളിൽ മോഷണം നടത്താൻ ശ്രമിക്കുന്ന യുവതിയുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. കറുത്ത നീളൻ ബുർഖയും മുഖവും തലയും മറയ്ക്കുന്ന വസ്ത്രവും കറുത്ത കൈയുറകളും ധരിച്ചായിരുന്നു മോഷണത്തിന് എത്തിയത്. ഇളം നീല നിറത്തിലുള്ള ബാഗും കൈവശമുണ്ടായിരുന്നു.

ഒരു കെട്ടിടത്തിലെ പൂട്ടിയിട്ട വീട്ടിൽ കയറി മോഷണം നടത്താൻ ശ്രമിച്ചെങ്കിലും വാതിൽ തുറക്കാൻ കഴിഞ്ഞില്ല. ഇതോടെ യുവതി അവിടെനിന്ന് മടങ്ങുന്നതും ദൃശ്യങ്ങളിലുണ്ട്.

ആഡംബര ജീവിതം നയിക്കാനായി പണം കണ്ടെത്താനാണ് യുവതി മോഷണങ്ങൾ നടത്തിയതെന്ന് പോലീസ് പറഞ്ഞു. യുവതിയിൽനിന്ന് സ്വർണാഭരണങ്ങൾ, വെള്ളിയാഭരണങ്ങൾ, പണം, ഐഫോൺ 17 എന്നിവ പോലീസ് കണ്ടെടുത്തു. പിടിച്ചെടുത്ത വസ്തുക്കളുടെ ആകെ മൂല്യം ഏകദേശം 70 ലക്ഷം രൂപ വരും.

അതിനിടെ, 20 ദിവസത്തിനിടെ പത്ത് മോഷണങ്ങൾ നടത്തിയ മറ്റൊരാളെയും പോലീസ് അറസ്റ്റ് ചെയ്തു. നവീൻ എന്നയാളാണ് പിടിയിലായത്. ഇയാളിൽനിന്ന് 430 ഗ്രാം സ്വർണാഭരണങ്ങൾ പോലീസ് കണ്ടെടുത്തു. രണ്ട് അറസ്റ്റുകളുമായി ബന്ധപ്പെട്ടും പോലീസ് അന്വേഷണം തുടരുകയാണ്. മോഷണങ്ങളുടെ പൂർണമായ വിവരങ്ങൾ കണ്ടെത്തുന്നതിനൊപ്പം മറ്റ് മോഷണക്കേസുകളുമായി പ്രതികൾക്ക് ബന്ധമുണ്ടോയെന്നും പരിശോധിച്ചുവരികയാണ്.

Share