വീട്ടിൽ മദ്യം സൂക്ഷിച്ച കേസ്: റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ

കൊച്ചി: വീട്ടിൽ മദ്യം സൂക്ഷിച്ച സംഭവത്തിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിനെ എക്സൈസ് അറസ്റ്റ് ചെയ്തു. വാഴവറ്റയിലെ വീട്ടിൽനിന്ന് 43 ലീറ്റർ വിദേശമദ്യവും 22 ലീറ്റർ വൈനുമാണ് പിടിച്ചെടുത്തത്. നിയമപ്രകാരം സൂക്ഷിക്കാൻ കഴിയുന്നതിനേക്കാൾ വളരെ വലിയ അളവിലുള്ള മദ്യമാണ് കണ്ടെത്തിയത്. മെസ്സിയുടെ പേരിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ റെയ്ഡ് നടക്കുന്നതിനിടെയാണ് മദ്യം കണ്ടെത്തിയത്.

വൈദ്യ പരിശോധനയ്ക്കുശേഷം ആന്റോയെ വയനാട്ടിലേക്ക് കൊണ്ടുപോകും. ബത്തേരി കോടതിയിൽ ഹാജരാക്കും. ‘‘മെസ്സിയുടെ പേരിലെ സാമ്പത്തിക തട്ടിപ്പു കേസിൽ ആവശ്യമായ രേഖകൾ ഞാൻ പൊലീസിനു നൽകി. എക്സൈസുമായി ബന്ധപ്പെട്ട ഏതോ കേസിലാണ് ഇപ്പോൾ അറസ്റ്റ്. ഞാൻ മദ്യപിക്കുന്ന ആളല്ല. ജീവിതത്തിൽ മദ്യപിച്ചിട്ടില്ല. മദ്യവുമായി ബന്ധമില്ല’’–ആന്റോ അഗസ്റ്റിൻ മാധ്യമങ്ങളോട് പറഞ്ഞു.

ലയണൽ മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കുമെന്ന പേരിൽ നടത്തിയ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് സ്പോൺസർമാരായിരുന്ന റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കോർപറേഷന്റെ കേന്ദ്ര ഓഫിസ് ഉൾപ്പെടെ അഞ്ചിടത്ത് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ഇന്നലെ റെയ്ഡ് നടത്തിയിരുന്നു. കളമശേരിയിലെ ഓഫിസിനു പുറമേ എംഡി ആന്റോ അഗസ്റ്റിന്റെ വയനാട് വാഴവറ്റയിലെ കുടുംബവീട്, ആന്റോയുടെയും സഹോദരന്റെയും കാക്കനാട്ടെ ഫ്ലാറ്റുകൾ, കളമശേരിയിലെ ‘ഗോട്ട് ആഡ്’ എന്ന സ്ഥാപനത്തിന്റെ ഓഫിസ് എന്നിവിടങ്ങളിലാണ് ഇന്നലെ പുലർച്ചെ 5.45 മുതൽ പരിശോധന നടത്തിയത്. അർജന്റീന ക്രമക്കേടിൽ ആന്റോ അഗസ്റ്റിനെ ഒന്നാം പ്രതിയാക്കി കളമശേരി പൊലീസ് കേസ് എടുത്തതിന്റെ അടിസ്ഥാനത്തിലുള്ള പരിശോധനാ വാറന്റുമായാണ് ഉദ്യോഗസ്ഥർ എത്തിയത്. റിപ്പോർട്ടർ ടിവിയിലെ പരിശോധന രാത്രി വൈകുംവരെ തുടർന്നു.

Share