ലീഗിനോടടുത്ത് എപി സുന്നി വിഭാഗം; സമസ്തയുടെ പിളര്‍പ്പിന് ശേഷം ആദ്യമായി പാണക്കാട് തങ്ങള്‍ മര്‍ക്കസിലെത്തി

കോഴിക്കോട്: കാന്തപുത്തിന്റെ വിവാദ പരാമര്‍ശത്തില്‍ വിവാദം കത്തി നില്‍ക്കെ എപി സുന്നി വിഭാഗവുമായി മുസ്‌ലിം ലീഗ് അടുക്കുന്നുവെന്ന് വിവരം. സമസ്തയുടെ പിളര്‍പ്പിന് ശേഷമുള്ള നിര്‍ണായക നീക്കമാണ് ഇതെന്നാണ് വിലയിരുത്തുന്നത്. കാന്തപുരത്തിന്റെ അത്താഴവിരുന്നില്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പങ്കെടുത്തു. മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമിന്റെ സന്ദര്‍ശനത്തിലാണ് പങ്കെടുത്തത്. സമസ്തയുടെ പിളര്‍പ്പിന് ശേഷം പാണക്കാട് തങ്ങള്‍ മര്‍ക്കസിലെത്തുന്നത് ഇതാദ്യമായാണ്.

മുതിര്‍ന്ന നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും സാദിഖലി തങ്ങള്‍ക്കൊപ്പം എത്തിയിരുന്നു. എപി സമസ്ത നേതാക്കളുമായും ഇരുവരും കൂടിക്കാഴ്ച്ച നടത്തി. കാന്തപുരം എ പി അബുബക്കര്‍ മുസലിയാര്‍, എസ്‌വൈഎസ് സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ ഹക്കീം അസ്ഹരി, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി ഖലില്‍ ബുഹാരി തങ്ങള്‍ എന്നിവരാണ് കൂടികാഴ്ചയില്‍ പങ്കെടുത്തത്. കാന്തപുരത്തിന്റെ പ്രസ്താവനയെ ലീഗ് നേരത്തെ പിന്തുണച്ചിരുന്നു.

കാലങ്ങളായി മുസ്‌ലിം ലീഗിന്റെ വോട്ട് ബാങ്ക് ആയിരുന്നു ഇ കെ വിഭാഗം സുന്നികള്‍. സിപിഐഎം അധികാരത്തിലെത്തിയപ്പോള്‍ ആദ്യം ശ്രമിച്ചത് ഇകെ വിഭാഗത്തെ പിളര്‍ത്തി ഒരു വിഭാഗത്തെ തങ്ങളോടൊപ്പം നിര്‍ത്തുക എന്നതായിരുന്നു. പിന്നാലെ എപി വിഭാഗം സിപിഐഎമ്മിനൊപ്പം നിലയുറപ്പിക്കുന്ന സമീപനം സ്വീകരിച്ചിരുന്നു. എന്നാല്‍ ഇതിന് തടയിടാനുള്ള ലീഗിന്റെ കാലങ്ങളായുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇപ്പോഴുള്ള നടപടി എന്നാണ് വിലയിരുത്തപ്പെടുന്നത്. പാണക്കാട് കുടുംബത്തോട് വിയോജിച്ചിരുന്ന വിഭാഗമായിരുന്നു എപി വിഭാഗമായി പിളര്‍ന്നത്. എന്നാല്‍ ഇന്ന് അതേ എപി വിഭാഗം പാണക്കാട് കുടുംബത്തോടൊപ്പം അടുക്കുന്നു എന്നത് രാഷ്ട്രീയ കൗതുകമായി നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്.

Share