അബ്​ദുൽ റഹീം പെരുന്നാളിന് ജന്മനാട്ടിലെത്തും

റിയാദ്: അബ്​ദുൽ റഹീം വ്യാഴാഴ്​ച ജന്മനാട്ടിലെത്തും. രണ്ട് പതിറ്റാണ്ടുകാലത്തെ നീണ്ട ജയിൽവാസത്തിന് ശേഷമാണ് റഹീം ഉമ്മയുടെയും കുടുംബത്തി​െൻറയും അടുത്തേക്ക് മടങ്ങിയെത്തുന്നത്.

നിയമനടപടികൾ പൂർത്തിയാക്കി ബുധനാഴ്​ച രാത്രിയോടെ റിയാദിലെ ജയിലിൽനിന്ന്​ മോചിതനായ റഹീം, കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസി​െൻറ ഐ.എക്​സ്​ 322 വിമാനത്തിലാണ് യാത്ര തിരിച്ചത്. റഹീമി​െൻറ കുടുംബത്തി​െൻറ പവർ ഓഫ് അറ്റോണിയായ സിദ്ധിഖ് തുവ്വൂരും കുടുംബവും യാത്രയിൽ അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.

കോഴിക്കോട് അന്താരാഷ്​ട്ര വിമാനത്താവളത്തിൽ വ്യാഴാഴ്​ച രാവിലെ 7.35-ന്​ എത്തുന്ന റഹീമിനെ കുടുംബാംഗങ്ങളും റഹീം സഹായ സമിതി ട്രസ്​റ്റ്​ ഭാരവാഹികളും നാട്ടുകാരും ചേർന്ന്​ വരവേൽക്കും. വിമാനത്താവളത്തിൽ വെച്ച് മാധ്യമങ്ങളോട് പ്രതികരിച്ച ശേഷമായിരിക്കും അദ്ദേഹം കോടമ്പുഴയിലെ വീട്ടിലേക്ക് തിരിക്കുക.

ഇക്കഴിഞ്ഞ മെയ് 26-നാണ്​ റഹീമി​െൻറ മോചന ഉത്തരവ് ഇറങ്ങുകയും എക്സിറ്റ് വിസ ലഭ്യമാവുകയും ചെയ്തത്. ഇതോടെ സഹായ സമിതി നാട്ടിലേക്കുള്ള യാത്രാനടപടികൾ വേഗത്തിലാക്കിയിരുന്നു. ബുധനാഴ്​ച ഉച്ചയോടെ ജയിലിൽ നിന്നും നാടുകടത്തൽ സെല്ലിലേക്ക് മാറ്റിയ റഹീമിനെ, രാത്രിയോടെ വിമാനത്താവളത്തിൽ എത്തിച്ച് വിരലടയാളം രേഖപ്പെടുത്തൽ ഉൾപ്പെടെയുള്ള ഇമിഗ്രേഷൻ നടപടികൾ ഏറെ വൈകി പൂർത്തിയാക്കിയ ശേഷമാണ് വിമാനത്തിൽ കയറ്റിയത്.

Share
error: Content is protected !!