ഷുഹൈബ് വധക്കേസ്: ആകാശ് തില്ലങ്കേരി ഉൾപ്പെടെ മുഴുവൻ പ്രതികളുടേയും ജാമ്യം റദ്ദാക്കി; റിമാൻ‍ഡ് ചെയ്യാൻ ഉത്തരവ്

കണ്ണൂർ: മട്ടന്നൂർ ഷുഹൈബ് വധക്കേസിലെ മുഴുവൻ പ്രതികളുടെയും ജാമ്യം തലശേരി അഡീഷണൽ സെഷൻസ് കോടതി റദ്ദാക്കി. പ്രതികളെ റിമാൻഡ് ചെയ്യാനും കോടതി ഉത്തരവിട്ടു. ആകാശ് തില്ലങ്കേരി അടക്കമുള്ള 17 പ്രതികളെ റിമാൻഡ് ചെയ്യാനാണ് കോടതിയുടെ നിർദേശം.

പ്രതികള്‍ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. കേസ് നീട്ടികൊണ്ടു പോകാനുള്ള പ്രതികളുടെ നീക്കമായാണ് ഇതിനെ കാണുന്നത്. ഈ സാഹചര്യത്തിലാണ് പ്രതികളുടെ ജാമ്യം കോടതി റദ്ദാക്കിയത്.

പ്രതികളുടെ അഭിഭാഷകര്‍ ഇന്ന് കോടതിയില്‍ ക്രോസ് വിസ്താരത്തിനു തയാറായില്ല. കേസ് നിലവിലെ കോടതിയില്‍നിന്ന് മാറ്റുന്നതിന്റെ ഭാഗമായാണ് ക്രോസ് വിസ്താരം നടത്തുന്നതില്‍ നിന്ന് അഭിഭാഷകര്‍ വിട്ടു നിന്നത്. അഭിഭാഷകരുടെ തീരുമാനം തന്നെയാണോ പ്രതികള്‍ക്കുമെന്ന് കോടതി ചോദിച്ചപ്പോള്‍ അതെയെന്നു പ്രതികള്‍ മറുപടി നല്‍കി.

ഇതോടെയാണ് കേസ് അനന്തമായി നീണ്ടുപോകാനുള്ള സാധ്യത കണക്കിലെടുത്ത് കോടതി ഇവരുടെ ജാമ്യം റദ്ദാക്കി റിമാന്‍ഡ്‌ ചെയ്യാന്‍ ഉത്തരവിട്ടത്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വാദം തുടരട്ടെയെന്നും കോടതി അറിയിച്ചു. മൂന്നാം അഡീഷനൽ ജില്ലാ സെഷൻസ് ജഡ്ജി റൂബി കെ. ജോസാണ് പ്രതികളുടെ ജാമ്യം റദ്ദാക്കിയത്.

Share