സതീശൻ സർക്കാരും കടമെടുപ്പിലേക്ക്; ആദ്യം മേയ് 26ന്, ഇക്കുറിയും കടുംവെട്ടുമായി കേന്ദ്രം

ശമ്പളവും പെൻഷനും ഉൾപ്പെടെയുള്ള ചെലുകൾക്ക് പണം ഉറപ്പാക്കാനായി വി.ഡി. സതീശൻ സർക്കാരും കടമെടുക്കൽ ആരംഭിക്കുന്നു. ആദ്യ കടമെടുപ്പ് മേയ് 26ന് നടക്കും. റിസർവ് ബാങ്കിന്റെ ഇ-കുബേര്‌ സംവിധാനം വഴി കടപ്പത്രങ്ങളിറക്കിയാണ് കടമെടുപ്പ്. അതേസമയം, ഇത്തവണയും കേരളത്തിന്റെ കടമെടുപ്പ് പരിധിയിൽ കേന്ദ്രസർക്കാർ കടുംവെട്ട് നടത്തിയിട്ടുണ്ട്.

നേരത്തേ ഇതേ കാരണത്തിന് എൽഡിഎഫ് സർക്കാരും കേന്ദ്രവും നിയമപ്പോരിലേക്ക് ഉൾപ്പെടെ കടന്നിരുന്നു. വി.ഡി. സതീശൻ സർക്കാരും കേന്ദ്രവുമായി ഏറ്റമുട്ടലുണ്ടാകുമോ എന്നാണ് ഇപ്പോൾ കേരളത്തിന്റെ ഉറ്റുനോട്ടം.

പുതിയ സർക്കാർ അധികാരത്തിലേറുന്നതിന് മുമ്പ് തന്നെ മേയ് 12ന് കേരളം 2800 കോടി രൂപ കടമെടുത്തിരുന്നു. ഏഴു വർഷത്തെ തിരിച്ചടവു കാലാവധിയിൽ 400 കോടി രൂപയും 11 വർഷ കാലാവധിയിൽ 1000 കോടി രൂപയും 16 വർഷ കാലാവധിയിൽ 1400 കോടി രൂപയുമാണ് അന്ന് സമാഹരിച്ചത്. ഇതോടെ നടപ്പുസാമ്പത്തിക വർഷത്തെ പൊതുകടം 4600 കോടി രൂപയായി വർധിക്കും. 

കടമെടുക്കാവുന്നത് 23,000 കോടി

ഓരോ സാമ്പത്തിക വർഷവും കേന്ദ്രം സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി നിശ്ചയിക്കും. പരിധി നിശ്ചയിക്കുംമുൻപ് തൽക്കാലത്തേക്ക് കടമെടുക്കാൻ അനുവദിക്കാറുണ്ട്. ഇത്തുറി കേരളത്തിന് ഇപ്രകാരം 4700 കോടി രൂപ എടുക്കാൻ അനുവദിച്ചിരുന്നു. ഇതുപ്രകാരമുള്ള കടമെടുപ്പാണ് ഇപ്പോൾ നടക്കുന്നത്.
നടപ്പുസാമ്പത്തിക വർഷത്തെ ആദ്യ ഒമ്പത് മാസക്കാലത്ത് (ഏപ്രിൽ-ഡിസംബർ) 23,000 കോടി രൂപ കടമെടുക്കാനുള്ള അനുമതിയാണ് കേന്ദ്രം നൽകിയിരിക്കുന്നതെന്ന് അറിയുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം ഡിസംബർ വരെ 29,529 കോടി രൂപ കടമെടുക്കാൻ അനുവദിച്ചിരുന്നു. ഇത്തവണ 6500 കോടി രൂപയോളം വെട്ടിക്കുറച്ചു. 

നടപ്പുസാമ്പത്തിക വർഷത്തിൽ കേരളത്തിന്റെ ആഭ്യന്തര ഉൽപാദനം (ജിഎസ്ഡിപി) 16.29 ലക്ഷം കോടി രൂപയായി വർധിക്കുമെന്നാണ് ബജറ്റ് രേഖകൾ പറയുന്നത്. ധന ഉത്തരവാദിത്ത നിയമം (എഫ്ആർബിഎം) അനുസരിച്ച് ഇതിന്റെ 3.5 ശതമാനം വരെ കേരളത്തിന് കടമെടുക്കാൻ അവകാശമുണ്ട്. അതായത് 48,872 കോടി രൂപ. എന്നാൽ കിഫ്ബിയും പെൻഷൻ കമ്പനിയും എടുത്ത വായ്പ കൂടി കേരളത്തിന്റെ പൊതുകടമായി പരിഗണിച്ചാണ് കേന്ദ്രം കടപരിധിയിൽ കുറവ് വരുത്തിയത്. 

ഇത് ജനപ്രിയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കാൻ വി.ഡി.സതീശൻ സർക്കാരിന് തിരിച്ചടിയാകും. മേയ് മാസത്തെ ക്ഷേമപെൻഷൻ വിതരണത്തിന് 1070 കോടി രൂപ സർക്കാർ കഴിഞ്ഞ ദിവസങ്ങളിൽ അനുവദിച്ചിരുന്നു. എന്നാൽ‍ പെൻഷൻ 3000 രൂപയായി വർധിപ്പിക്കുമെന്നാണ് യുഡിഎഫ് പ്രഖ്യാപനം. ഇതു നടപ്പിലാക്കാൻ പ്രതിമാസം 1680 കോടി രൂപ വേണ്ടി വരുമെന്നാണ് കണക്ക്. കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചാൽ പ്രതിമാസം 112 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് റിപ്പോർട്ട്. ഈ തുകയും സർക്കാർ അധികമായി കണ്ടെത്തേണ്ടി വരും. 

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ട് സംസ്ഥാന – കേന്ദ്രസർക്കാരുകൾ പരസ്യമായി ഏറ്റുമുട്ടിയിരുന്നു. കടപരിധി കുറച്ചതിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തു. പിന്നീട് ഇത് അനുനയത്തിന്റെ പാതയിലേക്ക് മാറി. പുതിയ സർക്കാർ ഇക്കാര്യത്തിൽ എന്തുനിലപാട് എടുക്കുമെന്നാണ് ഇപ്പോൾ എല്ലാവരും ഉറ്റുനോക്കുന്നത്.

Share
error: Content is protected !!