4 പേരുടെ ചിത്രമുള്ള ഫ്ലെക്സിൽ ഒരാളുടെ മുഖത്തു മാത്രം കറുത്ത പെയിന്റ്; പ്രതിഷേധം കെസിയുടെ മണ്ഡലത്തിൽ
കണ്ണൂർ: പഴയങ്ങാടി എരിപുരത്ത് സ്ഥാപിച്ച ഫ്ലെക്സ് ബോർഡിൽ കെ.സി. വേണുഗോപാലിന്റെ ചിത്രത്തിൽ കറുത്ത സ്പ്രേ പെയിന്റ് അടിച്ചു. കെ.സി. വേണുഗോപാൽ, സണ്ണി ജോസഫ്, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരുടെ ചിത്രമടങ്ങുന്ന ഫ്ലെക്സ് ബോർഡിൽ കെ.സി. വേണുഗോപാലിന്റെ ചിത്രത്തിൽ മാത്രമാണ് കറുത്ത പെയിന്റ് അടിച്ചത്.
എരിപുരത്ത് കെ.സി. വേണുഗോപാലിന്റെയും വി.ഡി. സതീശന്റെയും വെവ്വേറെ ഫ്ലെക്സ് ബോർഡുകൾ നേരത്തെയുണ്ടായിരുന്നു. അതിനു പിന്നാലെയാണ് നാലു നേതാക്കൻമാരുടെ ചിത്രം ഉൾപ്പെടുത്തി ഫ്ലെക്സ് ബോർഡ് സ്ഥാപിച്ചത്. കെ.സി. വേണുഗോപാലിന്റെ വീട് ഉൾപ്പെടുന്ന കല്യാശ്ശേരി മണ്ഡലത്തിലാണ് ഫ്ലെക്സിൽ കറുത്ത പെയിന്റ് അടിച്ചത്.
മുഖ്യമന്ത്രി ആരാകുെമന്ന ചർച്ചകൾ പുരോഗമിക്കവെ ഇന്നലെ കെ.സി. വേണുഗോപാൽ പക്ഷവും കെ. സുധാകരൻ പക്ഷവും സംയുക്തമായി ഗ്രൂപ്പ് യോഗം ചേരാൻ നീക്കം നടത്തി. എന്നാൽ മാധ്യമപ്രവർത്തകർ വിവരമറിഞ്ഞ് കെ. സുധാകരന്റെ വീടിനു സമീപമെത്തിയതോടെ യോഗം ഉപേക്ഷിച്ചു. മുഖ്യമന്ത്രി ആരാണെന്നു തീരുമാനിക്കാൻ സാധിക്കാത്തതിനാൽ എംഎൽഎമാർക്കു സ്വീകരണ പരിപാടികൾപോലും യുഡിഎഫ് നടത്തുന്നില്ല. അതേസമയം, എൽഡിഎഫ് എംഎൽഎമാരുടെ സ്വീകരണ പരിപാടികൾ നടക്കുന്നുണ്ട്.


