തെരഞ്ഞെടുപ്പ് കഴിഞ്ഞു; പെട്രോള്‍ വില കൂടുമോ? വില വര്‍ധന അനിവാര്യമെന്ന് ഐഎംഎഫ്
നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ അവസാനിച്ചതോടെ രാജ്യം ഉറ്റുനോക്കുന്നത് പെട്രോള്‍, ഡീസല്‍ വിലയിലേക്കാണ്. ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നിട്ടും ഇന്ത്യയില്‍ ഇന്ധനവിലയില്‍ മാറ്റമില്ലാതെ തുടരുന്നത് എത്രനാള്‍ എന്ന ചോദ്യം ശക്തമാകുകയാണ്. ഇന്ധനവില വര്‍ധിപ്പിക്കുന്നത് അനിവാര്യമാണെന്നാണ് അന്താരാഷ്ട്ര നാണയ നിധി നല്‍കുന്ന സൂചന.
പ്രചരിക്കുന്നത് സത്യമോ?
പെട്രോളിന് 10 രൂപയും ഡീസലിന് 12.5 രൂപയും വര്‍ധിപ്പിക്കാന്‍ പോകുന്നു എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ വ്യക്തമാക്കി. വില വര്‍ധനവില്‍ ഔദ്യോഗിക തീരുമാനങ്ങളൊന്നും ഇതുവരെ എടുത്തിട്ടില്ലെന്നും സര്‍ക്കാര്‍ കേന്ദ്രങ്ങളെ മാത്രം വിശ്വസിക്കണമെന്നും അധികൃതര്‍ അറിയിച്ചു. എങ്കിലും, എണ്ണക്കമ്പനികള്‍ വലിയ പ്രതിസന്ധിയിലാണെന്നത് വസ്തുതയാണ്.
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷത്തിന് മുന്‍പ് ബാരലിന് 70 ഡോളര്‍ നിലവാരത്തിലായിരുന്ന ക്രൂഡ് ഓയില്‍ വില, ഇടയ്ക്ക് 126 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു. നിലവില്‍ ഇത് 100 ഡോളറിന് മുകളിലാണ്. ഈ വര്‍ധനവ് വിപണിയില്‍ പ്രതിഫലിപ്പിക്കാത്തതിനാല്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നത്.


