മുഖ്യമന്ത്രിയല്ലെങ്കിൽ മന്ത്രിസഭയിലേക്കില്ല; ഉറച്ച നിലപാടിലേക്ക് സതീശൻ വിഭാഗം

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനമില്ലെങ്കിൽ മന്ത്രിസഭയിലേക്കില്ലെന്ന ഉറച്ച നിലപാടിലേക്ക് വി.ഡി. സതീശൻ വിഭാഗം നീങ്ങുന്നതായി സൂചന. ഇക്കാര്യം ഹൈകമാൻഡിനെ അറിയിച്ചെന്നാണ് വിവരം. സർക്കാറിനെതിരായ കുറ്റപത്രം സമർപ്പിച്ചതിനൊപ്പം ബദലുകളും പരിഹാരങ്ങളും നിർദേശിച്ചായിരുന്നു പ്രതിപക്ഷ നേതാവ് എന്ന നിലയിൽ അഞ്ച് വർഷത്തെ സതീശന്‍റെ ഇടപെടലുകൾ.

യു.ഡി.എഫ് അധികാരത്തിൽ വരുന്ന പക്ഷം ഇവ നടപ്പാക്കുമെന്നായിരുന്നു പോരാട്ട നാളുകളിലെ വാഗ്ദാനവും. എന്നാൽ ഇതൊന്നും നടപ്പാക്കാൻ കഴിയാത്ത വിധം ഭരണപരമായി പരിമിതിയുള്ള ഏതെങ്കിലുമൊരു വകുപ്പ് ചുമതലയുമായി കാബിനറ്റിലേക്ക് പോകേണ്ടതില്ലെന്നാണ് സതീശൻ ക്യാമ്പിന്‍റെ നിലപാട്.

പകുതിയിലേറെ എം.എൽ.എമാരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെടുന്ന വി.ഡി സതീശൻ, കേന്ദ്ര നിരീക്ഷകരായ മുകുൾ വാസ്നിക്കും അജയ്മാക്കനും എം.എൽ.എമാരെ ഒറ്റക്ക് കാണണമെന്ന നിർദേശം മുന്നോട്ടുവെച്ചിട്ടുണ്ട്. എല്ലാവരെയും ഒന്നിച്ചിരുത്തി ‘കൈ ഉയർത്തൽ’ നോക്കിയുള്ള കണക്കെടുപ്പിൽ സംഘടനപരമായ അധികാര പരിഗണനകളുടെ സ്വാധീനമുണ്ടാകുമെന്നതാണ് കാരണം. എം.എൽ.എമാരുമായി കേന്ദ്ര നിരീക്ഷകർ കൂടിക്കാഴ്ച നടത്തുമ്പോൾ കേരളത്തിന്‍റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ഒപ്പമുണ്ടാകരുതെന്ന നിർദേശവും സതീശൻ വിഭാഗം ഹൈകമാൻഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സംഘടനകാര്യ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ചുമതലയേറ്റതിന് പിന്നാലെയാണ് ദീപാദാസ് മുൻഷിയെ കേരളത്തിലേക്ക് നിയോഗിച്ചത്. ഈ സാഹചര്യത്തിൽ കൂടിയാണ് സതീശൻ പക്ഷത്തിന്‍റെ നിലപാട്. പ്രതിപക്ഷ നേതാവെന്ന നിലയിൽ സൃഷ്ടിച്ച പൊതുസ്വീകാര്യതയാണ് വി.ഡിയുടെ പിടിവള്ളി. ഇത്തരമൊരു അനുകൂല ജനവികാരത്തിന്‍റെ പശ്ചാത്തലത്തിൽ മറിച്ചൊരു തീരുമാനം ഹൈകമാൻഡിൽ നിന്നുണ്ടാകില്ലെന്നാണ് ക്യാമ്പിന്‍റെ ആത്മവിശ്വാസം. മറുഭാഗത്തും ബദൽ നീക്കങ്ങൾ സജീവമാണ്. രമേശ് ചെന്നിത്തല ബുധനാഴ്ച ഡൽഹിയിലെത്തി മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. പിന്നാലെ വൈകീട്ടോടെ കേരളത്തിലേക്ക് മടങ്ങിയെത്തി. 25ഓളം എം.എൽ.എമാരുടെ പിന്തുണ തങ്ങൾക്കുണ്ടെന്നാണ് രമേശ് ചെന്നിത്തല വിഭാഗത്തിന്‍റെ പ്രതീക്ഷ.

തലയെണ്ണലിൽ ചെന്നിത്തല ക്യാമ്പിന് വലിയ വിശ്വാസമില്ല. 2021ൽ പ്രതിപക്ഷ നേതൃസ്ഥാനക്കേ് ഭൂരിഭാഗം എം.എൽ.എമാരും പിന്തുണച്ചത് ചെന്നിത്തലയെ ആയിരുന്നെങ്കിലും ഹൈകമാൻഡ് തീരുമാനം മറ്റൊന്നായിരുന്നു. ഇക്കുറി എ ഗ്രൂപ്പിൽനിന്ന് ഒരു വിഭാഗത്തിന്‍റെ പിന്തുണയും ചെന്നിത്തല ക്യാമ്പ് പ്രതീക്ഷിക്കുന്നു. കെ.സി. വേണുഗോപാൽ പിൻവാങ്ങുന്ന പക്ഷം മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പേര് രമേശ് ചെന്നിത്തലയുടേതാകുമെന്നാണ് അനുയായികളുടെ ഉറച്ച വിശ്വാസം. കെ.സി. വേണുഗോപാൽ വിഭാഗമാകട്ടെ പരമാവധി എം.എൽ.എമാരുടെ പിന്തുണ ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്. കളമൊരുക്കാനായി സമൂഹ മാധ്യമ പ്രചാരണങ്ങളും പോസ്റ്റർ പ്രചാരണങ്ങളും വ്യാപകമാണ്. ഹൈകമാൻഡിന്‍റെ പിന്തുണയാണ് കെ.സിയുടെ പിടിവള്ളി.

….

Share
error: Content is protected !!