മരണശേഷം മറ്റൊരു ഗ്രഹത്തില്‍ താമസിക്കും! ശരീരത്തിൽനിന്ന് ആത്മാവിനെ മോചിപ്പിക്കാനുള്ള പഠനം ടെലഗ്രാമിൽ, ദേവിയെയും ആര്യയെയും വിശ്വസിപ്പിച്ചത് നവീന്‍

തിരുവനന്തപുരം: അരുണാചല്‍പ്രദേശില്‍ മൂന്നുപേരുടെ കൂട്ടമരണത്തിലേക്ക് വഴിയൊരുക്കിയത് നവീന്‍ തോമസാണെന്ന് സൂചന. ഭാര്യ ദേവിയെയും സുഹൃത്തായ ആര്യയെയും അന്ധവിശ്വാസങ്ങളിലേക്ക് നയിച്ചത് നവീന്‍ ആണെന്നാണ് അന്വേഷണത്തിലെ സൂചനകള്‍. മരണശേഷം മറ്റൊരു ഗ്രഹത്തില്‍ ജീവിക്കാമെന്ന് ഭാര്യ ദേവിയെയും ആര്യയെയും നവീന്‍ വിശ്വസിപ്പിച്ചതായാണ് വിവരം. ഇതുസംബന്ധിച്ച കൂടുതല്‍വിവരങ്ങള്‍ക്കായി ഇവരുടെ ലാപ്‌ടോപ്പും മൊബൈല്‍ഫോണുകളും പോലീസ് പരിശോധിച്ചുവരികയാണ്.

മരിച്ച മൂന്നംഗ സംഘത്തിലെ നവീൻ, സാത്താൻസേവയുമായി ബന്ധപ്പെട്ട ടെലഗ്രാം ഗ്രൂപ്പുകളിൽ അംഗമായിരുന്നുവെന്നാണ് വിവരം. ശരീരത്തിൽനിന്ന് ആത്മാവിനെ മോചിപ്പിക്കുന്ന ആസ്ട്രൽ പ്രൊജക്‌ഷനെക്കുറിച്ചു നവീൻ അറിയാൻ ശ്രമിച്ചിരുന്നതായി വ്യക്തമായി. ഇതുമായി ബന്ധപ്പെട്ട പരന്ന വായനയിലും ചർച്ചകളിലുമാണ്, അരുണാചൽ പ്രദേശിൽ പോയാൽ അന്യഗ്രഹത്തിലെത്താം എന്ന ചിന്ത നവീന്റെ തലയിൽ കയറിയത്.

ജീവിതപങ്കാളിയായ ദേവിക്ക് ഇക്കാര്യം മനസിലാക്കി കൊടുക്കുകയായിരുന്നു നവീന്റെ ആദ്യ ദൗത്യം. വർഷങ്ങളായി നവീനൊപ്പമുള്ള സഹവാസത്തിലൂടെ പുനർജന്മത്തിലടക്കം വിശ്വസിച്ചിരുന്ന ദേവി, ഭർത്താവു പറയുന്നതെല്ലാം വിശ്വസിച്ചു. ദേവി ഇക്കാര്യങ്ങൾ അടുത്ത സുഹൃത്തായ ആര്യയോടും പങ്കിട്ടിട്ടുണ്ടാകാമെന്നാണു സംശയം. അതേസമയം, ഈ ഗ്രൂപ്പുകൾ കേന്ദ്രീകരിച്ചു വൻ സാമ്പത്തിക തട്ടിപ്പുകളും നടക്കുന്നതായി വിവരമുണ്ട്.

.

.

ആത്മഹത്യയിലൂടെ പുനർജന്മം സാധ്യമാക്കാനാണു നവീൻ സമൂഹമാധ്യമങ്ങൾ വഴി പരിശ്രമിച്ചത്. നിലവിലുള്ളതിനെക്കാൾ മികച്ച ജീവിതമാണു മരണാനന്തരം ടെലഗ്രാം ഗ്രൂപ്പുകൾ വാഗ്ദാനം ചെയ്യുന്നത്. ദൈവത്തെക്കുറിച്ചും ആത്മീയതയെക്കുറിച്ചും സംസാരിച്ചാണ് ഈ ഗ്രൂപ്പുകളിലേക്കുള്ള കെണിയൊരുക്കുന്നത്. ഈ സംസാരം പിന്നീടു മറ്റൊരു തലത്തിലേക്കു കടക്കും. ആത്മീയമായി ഉയർച്ചയുണ്ടാകുന്ന സന്ദേശങ്ങൾ ദിവസവും നൽകിക്കൊണ്ടിരിക്കും.

കൂടുതൽ വിവരങ്ങൾ അറിയാൻ ടെലഗ്രാം ഗ്രൂപ്പിലേക്കു ക്ഷണിക്കുന്നതാണു രീതി. കെണിയിൽപ്പെടുന്നവർ മരണശേഷമുള്ള സുഖജീവിതത്തെപ്പറ്റി വിവരങ്ങൾ കൈമാറി പങ്കാളികളെയും സുഹൃത്തുക്കളെയും കൂടെക്കൂട്ടും. ഇതാണു നവീൻ വഴി ദേവിയിലേക്കും പിന്നീട് ആര്യയിലേക്കും നീണ്ട മരണത്തിനു വഴിയൊരുക്കിയതെന്നാണ് അന്വേഷണ സംഘത്തിന്റെ ഇപ്പോഴത്തെ വിലയിരുത്തൽ.

.

അതിനിടെ, മരിച്ച ദേവിയുടെ അച്ഛനുമായി സംസാരിച്ചപ്പോള്‍ ഇവര്‍ ദുര്‍മന്ത്രവാദവുമായി ബന്ധപ്പെട്ട സംഘങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നതായും അത് വിലക്കിയിരുന്നതായും അറിയിച്ചതായി അരുണാചലിലെ ലോവര്‍ സുബാന്‍സിരി എസ്.പി. കെനി ബാഗ്ര കഴിഞ്ഞദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കേരള പോലീസുമായി സഹകരിച്ച് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുമെന്നും അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായും അദ്ദേഹം പറഞ്ഞു. അതീന്ദ്രിയശക്തിയെന്ന് വിശ്വസിക്കുന്ന സംഘങ്ങളുടെ ഇടപെടലുകളും മന്ത്രവാദസംശയവുമൊക്കെ അന്വേഷണപരിധിയില്‍ വരും.

.

യാത്രയ്ക്കു മുൻപ് ദേവിയും നവീനും തിരുവനന്തപുരത്ത്

ദേവിയും  നവീനും യാത്ര പോകുന്നതിന് ഒരാഴ്ച മുൻപ് കോട്ടയത്തെ വീട്ടിൽനിന്നു തിരുവനന്തപുരത്തെത്തി. മാർച്ച് 27നാണ് ആര്യയെ വീട്ടിൽനിന്നു കാണാതായത്. എന്നാൽ മാർച്ച് 17ന് ദേവിയും നവീനും കോട്ടയത്തെ വീട്ടിൽനിന്നിറങ്ങിയിരുന്നു. പത്തു ദിവസം ദേവിയും നവീനും എവിടെയായിരുന്നുവെന്ന സംശയത്തിനാണ് ഇതോടെ ചുരുളഴിയുന്നത്. തിരുവനന്തപുരം കഴക്കൂട്ടം ഭാഗത്തായിരുന്നു ആ ദിവസങ്ങളിൽ ഇവർ ഉണ്ടായിരുന്നത്.

മുറിയില്‍നിന്ന് ഇവർ പുറത്തിറങ്ങിയിരുന്നില്ല. മുറിക്കുള്ളിലിരുന്നും അന്യഗ്രഹത്തിലുള്ള ജീവിതത്തെപ്പറ്റി ആയിരുന്നു ഇവരുടെ തിരച്ചിലുകൾ. ഇക്കാര്യങ്ങൾക്കായി നവീൻ ബന്ധപ്പെട്ടിരുന്ന ആളുകളെ കണ്ടെത്താൻ പൊലീസ് അന്വേഷണം നടത്തും. ആത്മഹത്യയെന്നാണു നിഗമനമെങ്കിലും കൊലപാതക സാധ്യത പരമാവധി അന്വേഷിക്കണമെന്നാണ് അന്വേഷണസംഘത്തിനു ലഭിച്ചിരിക്കുന്ന നിർദേശം.

.

തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി ദേവി(40), ഭര്‍ത്താവ് കോട്ടയം മീനടം സ്വദേശി നവീന്‍തോമസ്(40), ഇരുവരുടെയും സുഹൃത്തായ വട്ടിയൂര്‍ക്കാവ് മണികണ്ഠേശ്വരം സ്വദേശി ആര്യാ നായര്‍(27) എന്നിവരെയാണ് ചൊവ്വാഴ്ച അരുണാചല്‍പ്രദേശിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

.

മാര്‍ച്ച് 28-നാണ് ഇവര്‍ ഹോട്ടലില്‍ 305-ാം നമ്പര്‍ മുറിയെടുക്കുന്നത്. 31 വരെ ഇവര്‍ പുറത്ത് പോയിട്ടുണ്ട്. രാവിലെ ഭക്ഷണം കഴിച്ചശേഷമാണ് ഇവര്‍ പുറത്തുപോയിരുന്നത്. എന്നാല്‍ ഒന്നാം തീയതി ഇവരെ കണ്ടില്ല. വൈകീട്ട് വിളിച്ചുനോക്കിയിട്ടും ആരും തുറന്നില്ല. രണ്ടാം തീയതി വാതില്‍ ശക്തിയായി തള്ളി പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് എസ്.പി. പറഞ്ഞു. അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തത്. പ്രാഥമിക പരിശോധനയില്‍ ആത്മഹത്യയാണെന്നും എല്ലാ വശങ്ങളും പോലീസിന്റെ അന്വേഷണപരിധിയിലുണ്ടെന്നും എസ്.പി. വ്യക്തമാക്കി. നവീനും ദേവിയും മുന്‍പ് ഒരു തവണ അരുണാചലില്‍ എത്തിയെന്ന വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.

.

മൃതദേഹങ്ങള്‍ ഇന്ന് കേരളത്തിലെത്തിക്കും

മരിച്ച മൂന്നുപേരുടെയും മൃതദേഹങ്ങള്‍ വ്യാഴാഴ്ച കേരളത്തിലെത്തിക്കും. ഡല്‍ഹിയില്‍ എത്തിച്ചശേഷം അവിടെ നിന്നാണ് കൊണ്ടുവരിക. മൂന്നുപേരുടെയും മൃതദേഹങ്ങള്‍ തിരുവനന്തപുരത്ത് എത്തിക്കാനാണ് സാധ്യതയെന്ന് പോലീസ് സൂചിപ്പിച്ചു. ഹോട്ടലില്‍ പോലീസ് ഫൊറന്‍സിക് പരിശോധന നടത്തിയിരുന്നു. ഇറ്റാനഗര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് മൃതദേഹങ്ങള്‍ വിട്ടുനല്‍കിയിരുന്നു.

.

∙ ആര്യയുടെ അമ്മ വിവരം അറിഞ്ഞത് ആശുപത്രിയിൽ

കാണാതായ മകളെയും കാത്ത് തകർന്നിരിക്കുന്ന ആര്യയുടെ അമ്മയോടു മരണവിവരം എങ്ങനെയറിക്കുമെന്ന വിഷമത്തിലായിരുന്നു ബന്ധുക്കൾ. അടുത്തമാസം നടക്കേണ്ട വിവാഹത്തിന്റെ തിരക്കിലായിരുന്നു അമ്മ. മകളെ കാണാതായതിനു പിന്നാലെ ആരോഗ്യം വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ, ഇന്നലെ വൈകുന്നേരമാണു ബന്ധുക്കൾ മരണവിവരം അറിയിച്ചത്.

.

 

Share
error: Content is protected !!