‘എൻ്റെ മോനേ, നീ പോയല്ലോടാ’; നെഞ്ച് തകർന്ന് ഉറ്റവർ: വിനോദിന് കണ്ണീരോടെ വിടചൊല്ലി നാട്ടുകാർ
കൊച്ചി∙ ട്രെയിനിൽ ടിക്കറ്റ് ചോദിച്ചതിനെ തുടർന്ന് യാത്രക്കാരൻ തള്ളിയിട്ടു കൊന്ന ടിടിഇ കെ.വിനോദിന് (48) കണ്ണീരോടെ വിട. എറണാകുളം ഏലൂരിലെ പൊതുശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു. മഞ്ഞുമ്മൽ മൈത്രി നഗറിലുള്ള വീട്ടിൽ പൊതുദർശനത്തിനുശേഷമായിരുന്നു സംസ്കാരച്ചടങ്ങുകൾ. പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ വികാരനിർഭരമായ രംഗങ്ങളാണുണ്ടായത്. മകനെ അവസാനമായി ഒരുനോക്ക് കാണാനത്തിയ അമ്മയുടെയും വിനോദിന്റെ സഹോദരിയുടെയും കരച്ചില്‍ കണ്ടുനിന്നവരുടെ കണ്ണുകളെയും ഈറനണിയിച്ചു. ‘എന്റെ മോനേ, നീ പോയല്ലോടാ’ എന്നു പറഞ്ഞാണ് അമ്മ അലമുറയിട്ടു കരഞ്ഞത്. നൂറുകണക്കിന് ആളുകളാണു വിനോദിന് അന്ത്യാഞ്ജലിയര്‍പ്പിക്കാനായി മഞ്ഞുമ്മലിലെ വീട്ടിലേക്ക് എത്തിയത്. മന്ത്രി പി.രാജീവ് ഉൾപ്പെടെയുള്ളവരും എത്തി.
.
തിരുവനന്തപുരം സ്വദേശിയായ വിനോദ്, അമ്മ ലളിതയ്‌ക്കൊപ്പം എറണാകുളം മഞ്ഞുമ്മലിലെ പുതിയ വീട്ടിൽ താമസം തുടങ്ങിയത് ജനുവരി 28നാണ്. ചില സിനിമകളിൽ ചെറുവേഷങ്ങൾ ചെയ്തിട്ടുമുണ്ട്. റെയിൽവേ ജീവനക്കാരനായിരുന്ന പിതാവു വേണുഗോപാലൻ നായർ 2002ൽ മരിച്ചതിനെത്തുടർന്നാണു വിനോദിനു ജോലി ലഭിച്ചത്. കാൻസറിനെ അതിജീവിച്ചശേഷം ടിടിഇ കേഡറിലേക്കു മാറി. അനധികൃത യാത്രക്കാരിൽനിന്നായി മാസം 10 ലക്ഷം രൂപ വരെ പിഴ അടപ്പിച്ചിട്ടുണ്ട്.
പ്രതി ഒഡീഷ ഗഞ്ചാം ബഡഗോച്ച സ്വദേശി രജനികാന്ത രണജിത്തിനെ (42) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എറണാകുളം– പട്ന എക്സ്പ്രസിൽ വൈകിട്ട് 6.45നു തൃശൂർ മുളങ്കുന്നത്തുകാവ് സ്റ്റേഷനടുത്തുവച്ചായിരുന്നു സംഭവം. പ്രതി തള്ളിവീഴ്ത്തിയതിനെത്തുടർന്ന് വിനോദ് തൊട്ടടുത്ത ട്രാക്കിൽ മറ്റൊരു ട്രെയിനിന് അടിയിൽപെടുകയായിരുന്നുവെന്നാണു നിഗമനം. എസ് 11 കോച്ചിൽ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്ത രജനികാന്തയോട് പാലക്കാട്ടെത്തുമ്പോൾ ഇറങ്ങണമെന്നു വിനോദ് നിർദേശിച്ചിരുന്നു. ഇതിനുശേഷം ഇദ്ദേഹം വാതിലിനടുത്തെത്തി വെള്ളം കുടിക്കുമ്പോൾ പ്രതി തള്ളിയിടുകയായിരുന്നുവെന്നാണു മറ്റു യാത്രക്കാർ നൽകുന്ന വിവരം.
.