എയർഇന്ത്യ എക്സ് പ്രസിൻ്റെ ക്രൂര വിനോദം തുടരുന്നു; വിവിധ ഗൾഫ് വിമാനത്താവളത്തിൽ മലയാളികൾ കുടുങ്ങി കിടക്കുന്നു

ഗൾഫിൽ നിന്ന് ഇന്ത്യയിലേയ്ക്കും തിരിച്ചും വിമാനങ്ങൾ വൈകുന്നത് തുടർക്കഥയാകുന്നു. കഴിഞ്ഞ ദിവസങ്ങളിലായി കേരളത്തിലേക്കുളള നിരവധി എയർഇന്ത്യ വിമാനങ്ങൾ പല ഗൾഫ് രാജ്യങ്ങളിലും യാത്ര മുടക്കി.

ദമാമിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം സർവീസ് 10 മണിക്കൂറിലേറെയായി വൈകുന്നു.  ദമാം രാജ്യാന്തര വിമാനത്താവളത്തിലെ റൺവേയിൽ നിർത്തിയിട്ട വിമാനത്തിനകത്ത് സ്ത്രീകളും കുട്ടികളും രോഗികളും വയോധികരുമടക്കമുള്ള നൂറിലേറെ പേർ മണിക്കൂറുകളോളമായി കനത്ത ചൂട് സഹിച്ച്  കാത്തിരിക്കുകയാണ്.

ഇന്ന് (16) പുലർച്ചെ 2ന് ദമാം രാജ്യന്തര വിമാനത്താവളത്തിൽ  നിന്ന് പറക്കേണ്ടതായിരുന്ന  ദമാം-തിരുവനന്തപുരം എയർ ഇന്ത്യ എക്‌സ്പ്രസ് ഐഎക്സ് 582  വിമാനമാണ് ഇനിയും പുറപ്പെടാതെ അനിശ്ചിതമായി വൈകുന്നത്. വിമാനം രണ്ടു മണിക്കൂർ വൈകി രാവിലെ 4.20ന് പുറപ്പെടുമെന്ന അറിയിപ്പ് പുറപ്പെടുവിച്ചിരുന്നുവെങ്കിലും ഇത് പലർക്കും ലഭിക്കാത്തതിനാൽ കാര്യമറിയാതെ വിമാനത്താവളത്തിൽ നാല് മണിക്കൂർ നേരത്തേ എത്തിയവരാണ് കൂടുതൽ പ്രയാസത്തിലായത്.

പലരും അടിയന്തര കാര്യങ്ങൾക്കായി കുറഞ്ഞ അവധിയിൽ നാട്ടിലേയ്ക്ക് പുറപ്പെട്ടവരാണ്. വിമാനം വീണ്ടും രണ്ടര മണിക്കൂറോളം വൈകുമെന്ന അറിയിപ്പാണ് പിന്നീട് യാത്രക്കാർക്ക് ലഭിക്കുന്നത്. നാലര മണിക്കൂറിലേറെ കാത്തിരിക്കേണ്ടിവന്ന യാത്രക്കാർ പരാതിയും ബഹളവും തുടങ്ങിയതോടെ രാവിലെ എട്ടോടെ വിമാനത്തിനുള്ളിലേയ്ക്ക് കയറ്റി. വീണ്ടും രണ്ടു മണിക്കൂറിലേറെ വിമാനത്തിലിരുന്നിട്ടും പുറപ്പെട്ടില്ലെന്നാണ് യാത്രക്കാർ പറയുന്നത്. യാത്ര വൈകുന്നതിന്റെ  കാരണങ്ങളോ സാങ്കേതികത്വമോ വിശദീകരിക്കാനും അധികൃതർ തയ്യാറായില്ലെന്നും യാത്രക്കാർ ആരോപിച്ചു.

ഏറേ നേരമായി കാത്തിരുന്ന യാത്രക്കാർ വിമാനത്തിനകത്ത് എയർകണ്ടീഷണർ പ്രവർത്തിപ്പിക്കാത്തതിനാൽ അസഹനീയ ചൂട് സഹിക്കാൻ പറ്റാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്. കുട്ടികൾ ചൂടും വിശപ്പും സഹിക്കാതെ കരഞ്ഞുകൊണ്ടേയിരിക്കുന്നു.  ഇത്രയും നേരമായിട്ടും ഭക്ഷണമൊന്നും നൽകിയിട്ടില്ലെന്നും ആകെ ഒരു ചെറിയ ബോട്ടിൽ കുടിവെള്ളം മാത്രമാണ് കൊടും ചൂടിൽ  ബുദ്ധിമുട്ടുന്ന തങ്ങൾക്ക് ലഭിച്ചതെന്നും യാത്രക്കാർ പരാതിപ്പെട്ടു.

വിമാനത്തിലെ ഡോർ കൃത്യമായി അടഞ്ഞില്ലെന്ന സിഗ്‌നൽ കാണുന്നതായും അതുകൊണ്ട് പൈലറ്റ് വിമാനം പറത്താൻ തയ്യാറാവുന്നില്ലെന്നുമാണ് വൈകലിൻ്റെ കാരണം അന്വേഷിച്ചപ്പോൾ എയർഹോസ്റ്റ്സ് മറുപടി നൽകിയതെന്ന് യാത്രക്കാർ പറയുന്നു. ഈ സിഗ്‌നൽ വരുന്നതിന്റെ കാരണം ടെക്‌നിഷ്യൻസിന് കണ്ടെത്താൻ കഴിയുന്നില്ലെന്നും വിശദീകരിച്ചു.

എയർ ഇന്ത്യ എക്സ്പ്രസ് അധികൃതരുടെ നിസ്സംഗതയും തങ്ങളോടുള്ള നിരുത്തരവാദപരമായ പെരുമാറ്റവും കൂടുതൽ അസ്വസ്ഥതയാണ് ഉണ്ടാക്കുന്നതെന്ന് യാത്രക്കാർ കുറ്റപ്പെടുത്തുന്നു. അനിശ്ചിതത്വം മാറി എപ്പോൾ പുറപ്പെടുമെന്നറിയാതെ  സമയം ഏറെ വൈകിയും നാട്ടിലെത്താൻ വളരെ അക്ഷമയോടെ വിമാനത്തിൽ കാത്തിരിക്കുകയാണ് സ്ത്രീകളും കുട്ടികളുമടക്കമുള്ള നൂറിലേറെ യാത്രക്കാർ.

 

മസക്കറ്റിലും എയർഇന്ത്യ എക്സ്പ്രസിൻ്റെ ക്രൂര വിനോദം:

 

അനിശ്​ചിതമായി വിമാനം വൈകിപ്പിക്കുന്ന എയർഇന്ത്യ എക്സ്​പ്രസിന്‍റെ ക്രൂരവിനോദം മസ്ക്കത്തിലും. ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിക്ക്​ മസ്കത്തിൽ നിന്ന്​ കോഴിക്കോടേക്ക്​ പുറ​പ്പെടേണ്ട വിമാനം പറന്നത്​ രാത്രി 11.45ന്​. സ്ത്രീകളും കുട്ടികളും അടക്കമുള്ള നിരവധി യാത്രക്കാർ ഇതുമൂലം മണിക്കൂറുകൾ വിമാനത്താവളത്തിൽ കുടുങ്ങി.

ഒരു മണിക്ക്​ പുറപ്പെടേണ്ട വിമാനം വൈകുമെന്നും 4.20ന്​ പുറപ്പെടുമെന്നും യാത്രക്കാർക്ക്​ അറിയിപ്പ്​ ലഭിച്ചിരുന്നു. ഇതനുസരിച്ച്​ വിമാനത്താവളത്തിലെത്തിയ യാത്രക്കാരോട്​ രാത്രി 10.20ന്​ മാത്രമേ പുറപ്പെടാനാവൂ എന്ന്​ പിന്നീട്​ തിരുത്തിപ്പറയുകയായിരുന്നു. ഇതനുസരിച്ച്​ കാത്തിരുന്നെങ്കിലും വീണ്ടും വൈകി 11.45നാണ്​ അവസാനം വിമാനം പുറപ്പെട്ടത്​.

ബോഡിങ്​പാസ് നല്‍കിയ ശേഷമാണ്‌ സമയ‌മാറ്റം അറിയിച്ചതെന്ന്​ യാത്രക്കാർ പറഞ്ഞു. രണ്ടാഴ്ചത്തെ ലീവിൽ ചികിത്സാവശ്യാർഥം നാട്ടിലേക്ക്​ പുറപ്പെട്ടയാളും ഒരു ദിവസം വിമാനത്താവളത്തിൽ ചെലവഴിക്കേണ്ടി വന്നു. അടിയന്തിര ആവശ്യങ്ങൾക്ക്​ പുറപ്പെട്ട മറ്റു നിരവധി പേരും വിമാനത്തിലുണ്ടായിരുന്നു. വിമാനത്തിന്‍റെ വൈകൽ വലിയ ദുരിതമായെന്ന് യാത്രക്കാർ പങ്കുവെക്കുന്നു.

കഴിഞ്ഞ ശനിയാഴ്ച കണ്ണൂരിലേക്ക്​ പോകേണ്ട എയർഇന്ത്യ എക്സ്​പ്രസ്​ വിമാനം 12മണിക്കൂർ വൈകിയിരുന്നു. തൊട്ടുമുമ്പത്തെ ആഴ്ചയിൽ തിരുവനന്തപുരം, കോഴിക്കോട്​ വിമാനങ്ങളും വൈകി. തുടർച്ചയായ വൈകലിൽ യാത്രക്കാർക്കിടയിൽ പ്രതിഷേധം ശക്​തമാണ്​.

 

ഷാർജ-കണ്ണൂർ സെക്ടറിലും എയർഇന്ത്യ എക്സ്പ്രസ് ചതിച്ചു:

 

ഇന്നലെ  യുഎഇ സമയം വൈകീട്ട് ആറരയ്ക്ക്​ ഷാർജയിൽ നിന്ന്​ കണ്ണൂരിലേക്ക്​ പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്​സ്​പ്രസ്​ വിമാനം മണിക്കൂറുകളാണ് വൈകിയത്.

മണിക്കൂറുകൾ പിന്നിട്ടിട്ടും വിമാനം എപ്പോൾ പുറപ്പെടും എന്നതു സംബന്ധിച്ച് വിവരം നൽകാൻപോലും​ അധികൃതർ തയ്യാറാകാതായതോടെ  വൃദ്ധരും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന്​ യാത്രക്കാർ എയർപോർട്ടിൽ ദുരിതത്തിലായി.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 

 

Share
error: Content is protected !!