വെള്ളച്ചാട്ടത്തിലേക്ക് കൂപ്പുകുത്തി കാര്‍, നിലവിളിച്ച് പെണ്‍കുട്ടി: രക്ഷകനായി യുവാവ് – വിഡിയോ
മധ്യപ്രദേശിൽ കാർ വെള്ളച്ചാട്ടത്തിൽ പതിച്ച് അപകടം. ഇൻഡോറിൽനിന്ന് 60 കിലോമീറ്റർ അകലെ സിമ്രോളിലാണ് സംഭവം. കാറിലുണ്ടായിരുന്ന അച്ഛനെയും മകളെയും സമീപത്തുണ്ടായിരുന്നവർ രക്ഷപ്പെടുത്തി. കാർ വെള്ളച്ചാട്ടത്തിലേക്കു വീഴുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വെള്ളച്ചാട്ടത്തിനു സമീപം പാറയുടെ വക്കിൽനിന്ന് കാർ ജലാശയത്തിലേക്കു വീഴുന്നതാണ് വിഡിയോയിലുള്ളത്. കാറിൽനിന്ന് ഒരു പെൺകുട്ടി സഹായത്തിനായി നിലവിളിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. തുടർന്ന് വെള്ളച്ചാട്ടത്തിനു സമീപം നിൽക്കുകയായിരുന്ന ഒരു യുവാവ് നീന്തിച്ചെന്നാണ് പെൺകുട്ടിയെയും പിതാവിനെയും രക്ഷപ്പെടുത്തിയത്.
‘‘ഞാൻ നോക്കുമ്പോൾ ഒരു കാർ വെള്ളച്ചാട്ടത്തിലേക്കു വീഴുന്നതാണ് കണ്ടത്. പാറക്കെട്ടിൽനിന്ന് വെള്ളച്ചാട്ടത്തിലേക്കു പതിച്ച കാറിൽനിന്ന് പുറത്തിറങ്ങി രക്ഷപ്പെടാൻ 13 വയസുള്ള ഒരു പെൺകുട്ടിയും അവളുടെ പിതാവും ശ്രമിക്കുന്നുണ്ടായിരുന്നു. ഇരുവരും കാറിനുള്ളിൽ ഇരിക്കെത്തന്നെയാണ് അത് ജലാശയത്തിലേക്കു പതിച്ചത്’ – അവിടെയുണ്ടായിരുന്ന സുനിൽ മാത്യു എന്നയാളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.
‘‘വെള്ളത്തിൽ വീണ് ഇരുവരും മുങ്ങാൻ തുടങ്ങുകയായിരുന്നു. ഞാൻ വെള്ളത്തിൽച്ചാടി കാറിലുണ്ടായിരുന്ന പുരുഷനെ രക്ഷപ്പെടുത്തി. ഒപ്പമുണ്ടായിരുന്ന പെൺകുട്ടിയെ മറ്റാരോ രക്ഷപ്പെടുത്തി. കാർ വെള്ളത്തിലേക്കു വീഴുന്നതു കണ്ട് ഞാൻ ആദ്യം ഞെട്ടി. പെട്ടെന്നുതന്നെ സമനില വീണ്ടെടുത്ത് വെള്ളത്തിലേക്കു ചാടുകയായിരുന്നു’ – സുനിൽ പറഞ്ഞു.
അതേസമയം, ഡ്രൈവറിന്റെ അശ്രദ്ധയും അനാസ്ഥയുമാണ് അപകടത്തിനു കാരണമെന്ന് പൊലീസ് സൂപ്രണ്ട് സുനിൽ മേത്ത പ്രതികരിച്ചു. ‘‘കാർ തീർത്തും അശ്രദ്ധമായിട്ടാണ് വെള്ളച്ചാട്ടത്തിനു സമീപം പാർക്ക് ചെയ്തിരുന്നത്. കാറിന്റെ ഡിക്കി ആരോ ബലമായി അടച്ചതിന്റെ ശക്തിയിലാണ് അത് മുന്നോട്ട് ഉരുണ്ടതെന്നാണ് മനസ്സിലാകുന്നത്. തുടർന്ന് അത് പാറക്കെട്ടിന്റെ വക്കിൽനിന്ന് വെള്ളത്തിലേക്കു വീഴുകയായിരുന്നു’ – എസ്പി പറഞ്ഞു.
വീഡിയോ കാണാം..
A car fell into the waterfall at Indor's Simrol area. A man saved the lives of 3 people of the same family. #MP #MadhyaPradesh #Car #Waterfall #Indore #Accident pic.twitter.com/qgoZ2F5soz
— anuj kumar singh (@sanuj42) August 7, 2023
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക


