‘ആഹ്വാനംചെയ്തവർക്ക് ജോലി, നടപ്പാക്കിയവർക്ക് പട്ടിണി’; സിപിഎമ്മിനെതിരേ ആകാശ് തില്ലങ്കേരി

കണ്ണൂര്‍: സിപിഎം നേതൃത്വത്തെ വെല്ലുവിളിച്ച് ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി. പാര്‍ട്ടിക്കുവേണ്ടി കൊലപാതകം നടത്തിയെന്ന് സൂചിപ്പിച്ചുകൊണ്ടുള്ള ഫേയ്‌സ്ബുക്ക് കമന്റിലൂടെയാണ് ആകാശ് തില്ലങ്കേരി പാര്‍ട്ടിയിലെ ഔദ്യോഗിക വിഭാഗത്തിനെതിരായ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. കൊലപാതകത്തിന് ആഹ്വാനം ചെയ്തവര്‍ക്ക് സഹകരണ സ്ഥാപനങ്ങളില്‍ ജോലികിട്ടിയെന്നും നടപ്പാക്കിയവര്‍ക്ക് പട്ടിണിയും പടിയടച്ച് പിണ്ഡംവെക്കലുമാണ് പ്രതിഫലമെന്നും പുറത്തുവന്ന പ്രതികരണത്തില്‍ പറയുന്നു.

പല ആഹ്വാനങ്ങളും തരുമെന്നും കേസ് വന്നാല്‍ തിരിഞ്ഞുനോക്കില്ലെന്നും ഫേയ്‌സ്ബുക്കില്‍ മറ്റൊരു പോസ്റ്റിനിട്ട കമന്റില്‍ പറയുന്നു. കൊലപാതകത്തിന് ആഹ്വാനം ചെയ്തവര്‍ക്ക് പാര്‍ട്ടി സഹകരണ സ്ഥാപനങ്ങളില്‍ ജോലിയും നടപ്പിലാക്കിയവര്‍ക്ക് പട്ടിണിയും പടിയടച്ച് പിണ്ഡംവെക്കലുമായിരുന്നു. പട്ടിണിയില്‍ കഴിയുമ്പോഴും വഴിതെറ്റാതിരിക്കാന്‍ ശ്രമിച്ചിരുന്നു. ആത്മഹത്യമാത്രം മുന്നിലെന്ന് തിരിഞ്ഞപ്പോളാണ് പലവഴിക്ക് സഞ്ചരിച്ചത്. നിഷേധിച്ചിട്ടില്ല. നിരാകരിക്കുകയും ഇല്ല. പക്ഷേ, പാര്‍ട്ടിയുടെ സ്ഥാനമാനങ്ങളോ പദവിയോ ഇല്ലാത്ത ഒരാളായാണ് ഞങ്ങള്‍ ആ വഴിയില്‍ നടന്നത്. സംരക്ഷിക്കാതിരിക്കുമ്പോള്‍ പലവഴിക്ക് സഞ്ചരിക്കേണ്ടിവരും, കുറിപ്പില്‍ പറയുന്നു.

ആകാശ് തില്ലങ്കേരിക്ക് പാര്‍ട്ടിയിലെ ഔദ്യോഗിക വിഭാഗവുമായുള്ള അകല്‍ച്ചയാണ് ഇപ്പോള്‍ ഇത്തരത്തിലുള്ള തുറന്ന പ്രതികരണങ്ങളിലേക്ക് നയിച്ചതെന്നാണ് സൂചന. ഷുഹൈബ് വധക്കേസിലും സ്വര്‍ണക്കടത്ത് കേസിലും പ്രതിയായ ആകാശ് തില്ലങ്കേരിക്ക് ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം എം. ഷാജര്‍ പൊതുപരിപാടിയില്‍ ട്രോഫി സമ്മാനിച്ചത് വിവാദമായിരുന്നു. ഷാജറിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാനുള്ള നീക്കത്തിന്റെ ഭാഗമായി, ഇത്തരമൊരു സാഹചര്യം ആകാശ് തില്ലങ്കേരിതന്നെ മനഃപൂര്‍വം സൃഷ്ടിച്ചതാണെന്ന് വ്യക്തമാക്കുന്ന വാട്‌സ്ആപ് ചാറ്റിന്റെ ചില സ്‌ക്രീന്‍ ഷോട്ടുകള്‍ പുറത്തുവന്നിരുന്നു.

ഇതേത്തുടര്‍ന്ന് ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി സരീഷ് പൂമരം ആകാശ് തില്ലങ്കേരിക്കെതിരേ ഒരു ഫേയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടു. ഇതിന് മറുപടിയായാണ് ആകാശ് തില്ലങ്കേരി പാര്‍ട്ടിയെ വെല്ലുവിളിച്ചുകൊണ്ടുള്ള കമന്റുമായി രംഗത്തെത്തിയത്. ഇതിലാണ് താന്‍ ഉള്‍പ്പെടെയുള്ളവര്‍ ചെയ്ത കാര്യങ്ങള്‍ പാര്‍ട്ടിയുടെ അറിവോടെയായിരുന്നെന്നും എന്നാല്‍ പിന്നീട് പാര്‍ട്ടി തങ്ങളെ തിരിഞ്ഞുനോക്കിയില്ലെന്നും ആരോപിക്കുന്നത്. ഇതോടെ സരീഷ് പൂമരം ഫേയ്‌സ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

Share
error: Content is protected !!