ജോലി നഷ്ടപ്പെട്ടാലും ശമ്പളം; തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതി ഞായറാഴ്ച മുതൽ
യുഎഇയിൽ ജോലി നഷ്ടപ്പെട്ടാൽ 3 മാസത്തേക്കു വേതനം ലഭിക്കുന്ന തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതി ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരും. സർക്കാർ, സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികൾക്കും വിദേശികൾക്കും നിർബന്ധം. ജോലി ഇല്ലാത്ത കാലയളവിൽ മാന്യമായി ജീവിക്കാൻ അവസരം ഒരുക്കുകയാണ് ലക്ഷ്യം.
ഇൻഷുറൻസ് എടുക്കാൻ
ഇൻഷുറൻസ് കമ്പനിയുടെ വെബ്സൈറ്റ് (www.iloe.ae), സ്മാർട് ആപ് (iloe), ബിസിനസ് സെന്ററുകളിലെ കിയോസ്ക് മെഷീൻ, അൽഅൻസാരി എക്സ്ചേഞ്ച്, ബാങ്കിന്റെ എടിഎം/ആപ്ലിക്കേഷൻ, ടെലികമ്യൂണിക്കേഷൻ ബിൽ എന്നിവയിലൂടെ പോളിസി എടുക്കാം.
പ്രീമിയം
പ്രതിമാസ ശമ്പളം 16,000 ദിർഹത്തിൽ താഴെയുള്ളവർക്ക് 5 ദിർഹം. അതിൽ കൂടുതൽ ശമ്പളം ഉള്ളവർക്ക് 10 ദിർഹം. ഇതു ജീവനക്കാരന്റെ സൗകര്യം അനുസരിച്ച് മാസത്തിലോ 3, 6, 9, 12 മാസത്തിൽ ഒരിക്കൽ ഒന്നിച്ചോ പ്രീമിയം അടയ്ക്കാം.
ആനുകൂല്യം
ജോലി നഷ്ടപ്പെട്ടാൽ അടിസ്ഥാന ശമ്പളത്തിന്റെ 60% വീതം പരമാവധി 3 മാസം ലഭിക്കും. ആദ്യ വിഭാഗക്കാർക്ക് മാസത്തിൽ പരമാവധി 10,000 ദിർഹവും രണ്ടാം വിഭാഗക്കാർക്ക് 20,000 ദിർഹവും ലഭിക്കും.
ആനുകൂല്യം ആർക്കെല്ലാം
സ്വന്തം കാരണത്താലല്ലാതെ ജോലി നഷ്ടപ്പെട്ടവർക്കാണ് ആനുകൂല്യം. അച്ചടക്ക നടപടിയുടെ പേരിൽ പുറത്താക്കിയവർക്കും സ്വയം രാജിവച്ചവർക്കും ആനുകൂല്യം കിട്ടില്ല.
അപേക്ഷ വൈകരുത്
ജോലി നഷ്ടപ്പെട്ടാൽ നഷ്ടപരിഹാരത്തിന് 30 ദിവസത്തിനകം അപേക്ഷ സമർപ്പിക്കണം. 2 ആഴ്ചയ്ക്കകം നഷ്ടപരിഹാരം ലഭിക്കും.
നിബന്ധന
തുടർച്ചയായി 12 മാസമെങ്കിലും ഒരു സ്ഥാപനത്തിൽ ജോലി ചെയ്തിരിക്കണം.
ഇളവുള്ളവർ
നിക്ഷേപകർ, കമ്പനി ഉടമ, ഗാർഹിക തൊഴിലാളികൾ, താൽക്കാലിക കരാർ ജീവനക്കാർ, 18 വയസ്സിനു താഴെയുള്ളവർ, പെൻഷൻ പറ്റുന്നവർ, പുതുതായി ജോലിയിൽ പ്രവേശിച്ചവർ.
സംശയമകറ്റാൻ
∙ ഫോൺ: 600 599555
∙ ഇമെയിൽ: iloehelp@dubins.ae
∙ വെബ്സൈറ്റ്: www.iloe.ae
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക