മലമുകളിലൂടെ വാഹനോടിക്കുന്നതിനിടെ വാഹനം താഴ്ചയിലേക്ക് മറിഞ്ഞു; 22 കാരന് ദാരുണാന്ത്യം

യുഎഇയിലെ റാസല്‍ഖൈമയില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. 22കാരനായ ജിസിസി പൗരനാണ് മരിച്ചത്. റാസല്‍ഖൈമയില്‍ ഞായറാഴ്ച രാവിലെയാണ് അപകടം ഉണ്ടായതെന്ന് പൊലീസ് അറിയിച്ചു.

പര്‍വ്വതമേഖലയില്‍ ഉണ്ടായ വാഹനാപകടത്തിന്റെ വിവരം രാവിലെ 11.24നാണ് പൊലീസ് ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ചതെന്ന് അല്‍ റാമ്‌സ് കോംപ്രിഹെന്‍സീവ് പൊലീസ് ആക്ടിങ് മേധാവി മേജര്‍ അലി അല്‍ റാഹ്ബി പറഞ്ഞു. മലമുകളിലെ റോഡിലൂടെ വാഹനമോടിക്കുന്നതിനിടെ ഡ്രൈവറായ യുവാവിന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും അപകടം ഉണ്ടാകുകയുമായിരുന്നെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.

അപകടത്തില്‍പ്പെട്ട വാഹനം മലയുടെ ചെരിവിലേക്ക് തകര്‍ന്നു വീഴുകയും യുവാവ് മരണപ്പെടുകയുമായിരുന്നു. റിപ്പോര്‍ട്ട് ലഭിച്ച ഉടന്‍ തന്നെ പൊലീസ് പട്രോള്‍ സംഘവും നാഷണല്‍ ആംബലന്‍സും സ്ഥലത്തെത്തിയിരുന്നതായി മേജര്‍ അല്‍ റാഹ്ബി കൂട്ടിച്ചേര്‍ത്തു. യുവാവിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share