കോവിഡിൻ്റെ പുതിയ ചൈനീസ് വകഭേതം ഇന്ത്യയിലും സ്ഥിരീകരിച്ചു; കേരളത്തിലും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കും

ഇന്ന് ആരോഗ്യമന്ത്രി വീണാ ജോർജിന്‍റെ നേതൃത്വത്തിൽ റാപ്പിഡ് റെസ്പോൺസ് ടീം യോഗം ചേരും

 

ചൈനയിൽ കോവിഡ് വ്യാപനത്തിനു കാരണമായെന്ന് സംശയിക്കുന്ന വകഭേദം ഇന്ത്യയിലും കണ്ടെത്തി. ബിഎഫ് 7 ഒമിക്രോൺ വകഭേദം ഗുജറാത്തിൽ രണ്ട് കേസും ഒഡീഷയിൽ ഒരു കേസുമാണ് സ്ഥിരീകരിച്ചത്.  ഗുജറാത്തിൽ 61 വയസ്സുകാരിക്കാണ് സ്ഥിരീകരിച്ചത്. യുഎസിൽ നിന്ന് അടുത്തിടെയാണ് ഇവർ മടങ്ങിയെത്തിയത്. ഇന്ത്യയിൽ ആദ്യമായാണ് ബിഎഫ് 7 വകഭേദം സ്ഥിരീകരിക്കുന്നത്. അതിവേഗം പടരുന്ന വകഭേദമാണ് ബിഎഫ് 7 എന്നാണ് റിപ്പോർട്ട്. അതിവേഗവ്യാപനമാണ് വകഭേദത്തിന്റെ പ്രത്യേകത. പനി, ചുമ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

 

അതേസമയം, ചൈനയും യുഎസും ഉൾപ്പെടെ 5 രാജ്യങ്ങളിൽ കോവിഡ് തിരിച്ചുവരുന്നുവെന്ന വാർത്തകൾക്കിടെ, രാജ്യത്ത് വിമാനത്താവളങ്ങളിൽ കോവിഡ് പരിശോധന പുനരാരംഭിച്ചു. രാജ്യാന്തര യാത്രക്കാരുടെ സ്രവം ശേഖരിക്കലാണ് പുനരാരംഭിച്ചത്. വിദേശത്തുനിന്നും വരുന്നവരിലൂടെ രോഗം പകരുന്നത് തടയാനാണിത്.

 

മറ്റു രാജ്യങ്ങളിൽ കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ കേരളത്തിലും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്ത് കോവിഡ് കേസുകൾ വളരെ കുറവാണ്. എങ്കിലും കോവിഡ് ബാധിക്കാതിരിക്കാൻ ശ്രദ്ധവേണം. കോവിഡിൽ നിന്ന് പഠിച്ച പാഠങ്ങൾ വീണ്ടും ശീലമാക്കണം. പനി, ജലദോഷം, തൊണ്ടവേദന എന്നിവ ബാധിച്ചാൽ അവഗണിക്കാതെ ചികിത്സ തേടണം. കോവിഡ് രോഗലക്ഷണങ്ങളുള്ളവരുമായി അടുത്തിടപഴകാതിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് ആരോഗ്യമന്ത്രി വീണാ ജോർജിന്‍റെ നേതൃത്വത്തിൽ റാപ്പിഡ് റെസ്പോൺസ് ടീം യോഗം ചേരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

 

വിമാനത്താവളങ്ങളിൽ നിരീക്ഷണം ശക്തമാക്കണമെന്നും പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്നും കോവിഡ് വ്യാപനവും പ്രതിരോധ പ്രവർത്തനങ്ങളും വിലയിരുത്താൻ വിളിച്ചു ചേർത്ത അടിയന്തര യോഗത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ആവശ്യപ്പെട്ടിരുന്നു. ചൈന അടക്കമുള്ള രാജ്യങ്ങളിൽ കോവിഡ് രോഗബാധിതരുടെ എണ്ണം വർധിക്കുകയും മരണസംഖ്യ ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രി യോഗം വിളിച്ചത്.

 

കോവിഡ് പൂർണമായും രാജ്യത്തുനിന്ന് പോയിട്ടില്ല. അതിനാൽ നിരീക്ഷണം ശക്തമാക്കേണ്ടതുണ്ട്. ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും നിലവിലില്ല. ഏത് സാഹചര്യത്തെയും നേരിടാൻ രാജ്യം സജ്ജമായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളിലെയും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും കോവിഡ് വ്യാപനവും സംബന്ധിച്ചുള്ള അവലോകനവും യോഗത്തിൽ നടന്നു.

 

നീണ്ട ഇടവേളയ്ക്ക് ശേഷം ചൈനയില്‍ കോവിഡ് ഗുരുതരമായി പടരുന്നതിനിടെ ആശങ്കപ്പെടുത്തുന്ന ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ആശുപത്രി നിറഞ്ഞുകവിഞ്ഞ് ചികിത്സാസംവിധാനങ്ങള്‍ തകരാറിലായതിന്‍റെയും മൃതദേഹങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നതിന്റേയും ദൃശ്യങ്ങളാണ് പുറത്തുവന്നത്. ചൈനയിലെ ഈ വകഭേദം തന്നെയാണ് ഇന്ത്യയിലും എത്തിയതെന്നാണ് റിപ്പോർട്ട്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!