സൗദിയിൽ ഇന്നും നാളെയും ശക്തമായ മഴ; വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്
ഇന്നും നാളെയും സൗദിയിലെ മിക്ക ഭാഗങ്ങളിലും മഴ പെയ്യുമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. മക്ക മേഖലയിൽ സാമാന്യം ശക്തമായ മഴ പെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യങ്ങളിൽ അത്യാവശ്യത്തിനല്ലാതെ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് മക്ക മേഖല ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് സെന്റർ അഭ്യർത്ഥിച്ചു. മഴയുള്ള സാഹചര്യം അവസാനിക്കുന്നത് വരെ ജാഗ്രത തുടരണം. വെളളം ഉയരുന്ന സ്ഥലങ്ങളിൽ നിന്ന് വിട്ട് നൽക്കണം.
മഴ ശക്തമാകുമെന്ന് മുന്നറിയിപ്പുള്ളതിനാൽ മക്ക മേഖലയിലെ വിവിധ ഗവർണറേറ്റുകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നേരിട്ടുള്ള പഠനത്തിന് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. സ്‌കൂളുകൾ, സർവ്വകലാശാലകൾ, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവക്ക് അവധിയായതിനാൽ ജീവനക്കാരും വിദ്യാർഥികളും വ്യാഴാഴ്ച നേരിട്ട് ഹാജരാകേണ്ടതില്ല. എന്നാൽ മദ്രസത്തി പ്ലാറ്റ് ഫോം വഴി പഠനം ഉണ്ടായിരിക്കുന്നതാണ്.
മക്ക, ജുമൂം, ബഹ്‌റ, അൽ-കാമിൽ, ജിദ്ദ, റാബിഗ്, ഖുലൈസ് എന്നിവിടങ്ങളിലെ സ്കൂളുകളും സർവകലാശാലകളുമുൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നേരിട്ടുള്ള ക്ലാസുകൾക്ക് വ്യാഴാഴ്ച അവധിയായിരിക്കും.
രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയും മഞ്ഞുവീഴ്ചയുമുണ്ടാകും. മക്ക മേഖലിയലെ തീരപ്രദേശങ്ങളിൽ തിരമാല രണ്ടര മീറ്റർ വരെ ഉയരത്തിലെത്താനും സാധ്യതയുണ്ട്. മക്ക മേഖലയിൽ വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിവരെയാണ് മഴ ശക്തമായി വർഷിക്കുക.
ജിദ്ദയിലും മഴ ശക്തമാകുമെങ്കിലും കഴിഞ്ഞ മാസം വെള്ളപ്പൊക്കത്തിലേക്ക് നയിച്ച രീതിയിലുള്ള അതിശക്തമായ മഴക്ക് സാധ്യതയില്ലെന്നും, എങ്കിലും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക