യുവതിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ

കുവൈത്തിനെ നടുക്കിയ കൊലപാതക കേസില്‍ പ്രതിക്ക് വധശിക്ഷ. കുവൈത്തി യുവതി ഫറ അക്ബറിനെ കുത്തിക്കൊന്ന കേസിലാണ് പരമോന്നത കോടതി വധശിക്ഷ വിധിച്ചത്. കേസില്‍ വിചാരണ കോടതി ആദ്യം വധശിക്ഷ വിധിച്ചിരുന്നെങ്കിലും ഇത് അപ്പീല്‍ കോടതി ജീവപര്യന്തം തടവായി ഇളവ് ചെയ്‍തിരുന്നു. ഇതിനെതിരെ പ്രോസിക്യൂഷന്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് പരമോന്നത കോടതി വധശിക്ഷ വിധിച്ചത്.

 

കുവൈത്ത് പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായിരുന്നു പ്രതിയെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. 2021 മാര്‍ച്ച് 13ന് സബാഹ് അല്‍ സാലിം ഏരിയയിലായിരുന്നു കൊലപാതകം നടന്നത്. പെണ്‍മക്കളോടൊപ്പം കാറില്‍ യാത്ര ചെയ്യുകയായിരുന്ന ഫറയുടെ വാഹനത്തെ  പ്രതി തന്റെ വാഹനം കുറുകെയിട്ട് തടഞ്ഞു. കുട്ടികളെയും യുവതിയെയും തട്ടിക്കൊണ്ട് പോവുകയും ശേഷം കുട്ടികള്‍ക്ക് മുന്നില്‍ വെച്ച് കുത്തിക്കൊല്ലുകയുമായിരുന്നു. നെഞ്ചിലും മറ്റ് ശരീര ഭാഗങ്ങളിലും ഫറയ്ക്ക് നിരവധി തവണ കുത്തേറ്റു.

 

കൊലപാതകത്തിന് ശേഷം മൃതദേഹം ഒരു ആശുപത്രിയിലേക്ക് കൊണ്ടുപോയി അവിടെ ഉപേക്ഷിച്ച ശേഷം പ്രതി കടന്നുകളഞ്ഞു. ആശുപത്രിയില്‍ എത്തിയപ്പോഴേക്കും ഫറയുടെ ജീവന്‍ നഷ്ടമായിരുന്നു. വിവാഹ വാഗ്ദാനം നിരസിച്ചതിനെ തുടര്‍ന്നായിരുന്നു നിഷ്ഠൂരമായ കൊലപാതകത്തിന് പ്രതി പദ്ധതിയിട്ടത്. നേരത്തെ ഇയാള്‍ നിരന്തരം ഫറയെ ശല്യം ചെയ്‍തിരുന്നു. ഇതേ തുടര്‍ന്ന് രണ്ട് തവണ യുവതി ഇയാള്‍ക്കെതിരെ പരാതി നല്‍കി. തട്ടിക്കൊണ്ടു പോവാനും കൊലപ്പെടുത്താനും സാധ്യതയുണ്ടെന്ന് കാണിച്ചായിരുന്നു പരാതി.

 

ഫറയുടെ കാറില്‍ പ്രതി രഹസ്യമായി ഒരു ജി.പി.എസ് ട്രാക്കിങ് ഉപകരണം ഘടിപ്പിച്ചിരുന്നു. ഇത് ഉപയോഗിച്ച് യുവതി എവിടെയുണ്ടെന്ന് കൃത്യമായി മനസിലാക്കിയായിരുന്നു കൊലപാതകം നടത്താന്‍  പദ്ധതിയിട്ടത്. കൊലപാതകത്തിന് ശേഷം ഫറയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ ആശുപത്രിയ്ക്ക് മുന്നിലെത്തിയ ബന്ധുക്കള്‍ അലമുറയിട്ട് കരയുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു. കുവൈത്തി സമൂഹത്തെ ഞെട്ടിച്ച കൊലപാതക വാര്‍ത്തയായി അത് മാറുകയും ചെയ്‍തു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!