ഗുജറാത്തിൽ മുസ്‍ലിം വോട്ടുകൾ ഭിന്നിച്ചത് ബിജെപിക്ക് ഗുണം ചെയ്തു; വഴിയൊരുക്കിയത് ഉവൈസി?
ഗുജറാത്തിൽ ഹിന്ദുത്വ വികാരവും വികസന മുദ്രാവാക്യവും മുഴക്കി ഏഴാമൂഴത്തിലും ഭരണം നേടിയതിന്റെ ആഹ്ലാദത്തിലാണു ബിജെപി. മുസ്‍ലിം ഭൂരിപക്ഷ മേഖലകളിൽ ബിജെപി മികച്ച വിജയം നേടിയെന്നാണു ഫലസൂചനകൾ.
മുസ്‍ലിം ഭൂരിപക്ഷമുള്ള 17 മണ്ഡലങ്ങളിൽ 12 ഇടത്താണു ബിജെപി മുന്നിലെത്തിയത്. ഒരൊറ്റ മുസ്‍ലിം സ്ഥാനാർഥിയെപ്പോലും നിർത്താതിരുന്നിട്ടും കഴിഞ്ഞ വർഷത്തേക്കാൾ 6 സീറ്റിന്റെ വർധനയുണ്ടായി. അഞ്ചിടത്തു മാത്രമാണു കോൺഗ്രസ് മുന്നിൽ. പരമ്പരാഗതമായി കോൺഗ്രസിനെ പിന്തുണയ്ക്കുന്ന മണ്ഡലങ്ങളിലാണു വിജയമെന്നതും ശ്രദ്ധേയം.
ദാരിയാപുർ മണ്ഡലം ഉദാഹരണമാണ്. ഇവിടെ മുസ്‍ലിം വിഭാഗമാണു കൂടുതൽ. 10 വർഷമായി മണ്ഡലം കോൺഗ്രസിന്റെ കൈവശമാണ്. ഇത്തവണ ബിജെപിയുടെ കൗശിക് ജയിനിനോട് കോൺഗ്രസിന്റെ സിറ്റിങ് എംഎൽഎ ഗയാസുദ്ദീൻ ഷെയ്ഖ് പരാജയപ്പെട്ടു. കോൺഗ്രസിന്റെ വോട്ടുകൾ പിടിച്ചെടുത്ത് ഗുജറാത്തിൽ വൻ സാന്നിധ്യമാകാൻ കച്ചകെട്ടിയ എഎപി ഈ മണ്ഡലങ്ങളിലൊന്നും മുന്നിലില്ല. കോൺഗ്രസ് വോട്ടുകൾ ഭിന്നിപ്പിക്കാനും ബിജെപിക്കു ജയിക്കാനും വഴിയൊരുക്കിയത് അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎം ആണ്.
എഐഎംഐഎം 13 സ്ഥാനാർഥികളെയാണു മത്സരിപ്പിച്ചത്. ഇതിൽ 2 മുസ്‍ലിം ഇതര സമുദായക്കാരും ഉണ്ടായിരുന്നു. ജമൽപുർ–ഘാഡിയ, വഡ്‌ഗാം എന്നിവിടങ്ങളിൽ ഉൾപ്പെടെ കോൺഗ്രസ് വോട്ടുകൾ വിഭജിക്കപ്പെട്ടു. ബിജെപിയെ അതേ ആശയം കളത്തിലിറക്കി ചെറുക്കുന്ന ആം ആദ്മി പാർട്ടി ബിജെപിയുടെ ബി ടീമാണെന്ന് ഗുജറാത്തിലെ മുസ്‌ലിം വോട്ടർമാർ സംശയിച്ചതും മറ്റൊരു കാരണമാണ്.
ബിജെപിക്കെതിരെ പിടിച്ചുനിൽക്കാനുള്ള ത്രാണി കോൺഗ്രസിനുണ്ടോയെന്നും ചിലർക്ക് ആശങ്കയുണ്ടായി. ഈ സാഹചര്യത്തിൽ, ‘ഇപ്പോൾ ബിജെപിയെ പിന്തുണച്ചാൽ ജീവിതം സുരക്ഷിതമായി മുന്നോട്ടുപോകുമല്ലോ’ എന്നു ചിന്തിക്കുന്ന 25 ശതമാനം പേരെങ്കിലുമുണ്ടെന്നു ബിജെപിയിലേക്കു മുസ്‍ലിംകളെ അടുപ്പിക്കാൻ പ്രവർത്തിക്കുന്ന സലിം അജ്മീരി എന്ന ന്യൂനപക്ഷ മോർച്ച പ്രവർത്തകൻ ചൂണ്ടിക്കാട്ടി.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക