സൗദിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ ആളെ മരിച്ച നിലയിൽ കണ്ടെത്തി

സൗദി അറേബ്യയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ കാണാതായയാളുടെ മൃതദേഹം കണ്ടെത്തി. സൗദി പൗരനായ സാലിം അല്‍ ബഖമി എന്ന അറുപത് വയസുകാരന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ജിദ്ദയില്‍ പെയ്ത കനത്ത മഴയിലാണ് ഇയാളെ കാണാതായത്.

 

ജിദ്ദയ്ക്ക് സമീപം ബഹ്റയില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് വെള്ളക്കെട്ടില്‍ സാലിം അല്‍ ബഖമിയെ കാണാതായത്. വെള്ളക്കെട്ടില്‍ അദ്ദേഹത്തിന്റെ കാര്‍ ഒഴുക്കില്‍പെടുകയായിരുന്നു. പിന്നീട് നടത്തിയ തെരച്ചിലില്‍ അദ്ദേഹത്തിന്റെ കാര്‍ വാദി ഫാത്തിമക്ക് സമീപം കണ്ടെത്തിയെങ്കിലും സാലിം അല്‍ ബഖമിയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. സുരക്ഷാ വകുപ്പുകളും സിവില്‍ ഡിഫന്‍സും നാഷണല്‍ ഗാര്‍ഡും നാവിക സേനയും സന്നദ്ധ സേവന സംഘങ്ങളും കൂടി തെരച്ചില്‍ നടത്തിവരികയായിരുന്നു. വാദിഫാത്തിമയില്‍ നിന്ന് തന്നെയാണ് മൃതദേഹവും കണ്ടെടുത്തത്.

 

അതേസമയം മദീനയിലെ സുവൈർഖിയയിൽ മഴവെള്ളപ്പാച്ചിലിൽപ്പെട്ട ഏഴ് പേരെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തിയിരുന്നു. ട്വിറ്ററിലൂടെയാണ്  ഇക്കാര്യം അറിയിച്ചത്. ഇവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. കഴിഞ്ഞ ദിവസം മദീനയിൽ ഹറം പരിസരം ഉൾപ്പെടെയുള്ള വിവിധ ഭാഗങ്ങളിൽ സമാന്യം നല്ല മഴയാണ് ലഭിച്ചത്.

 

പ്രദേശത്തെ ചില ഗ്രാമങ്ങളിൽ മഴയെ തുടർന്ന് ശക്തമായ ഒഴുക്കുണ്ടായി. താഴ്‍ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ചില റോഡുകൾ മുൻകരുതലെന്ന നിലയില്‍ അടച്ചിടുകയും ചെയ്‍തു. കാലാവസ്ഥാ വ്യതിയാനമുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് മേഖലയിലെ ബന്ധപ്പെട്ട വകുപ്പുകൾ ആവശ്യമായ മുൻകരുതലെടുത്തിരുന്നു. മസ്ജിദുന്നബവി കാര്യാലയം വെള്ളം വലിച്ചെടുക്കാനുള്ള ഉപകരണങ്ങൾ ഒരുക്കുകയും ശുചീകരണത്തിനായി കൂടുതൽ ആളുകളെ നിയോഗിക്കുകയും ചെയ്തു. വെള്ളത്തിൽ മുങ്ങിയ മുറ്റങ്ങളിലെ പരവതാനികൾ എടുത്തുമാറ്റി.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!