മുന്നാക്ക സംവരണം ശരിവച്ച് സുപ്രീംകോടതി; അഞ്ചംഗ ബെഞ്ചിൽ അനുകൂലിച്ച് 3 പേര്‍, എതിര്‍ത്ത് ചീഫ് ജസ്റ്റിസും രവീന്ദ്ര ഭട്ടും

തൊഴിൽ, വിദ്യാഭ്യാസ മേഖലയിൽ 10% മുന്നാക്ക സംവരണം ഏർപ്പെടുത്തിയ നടപടി ശരിവച്ച് സുപ്രീം കോടതി. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം നൽകുന്നതിന് കൊണ്ടുവന്ന ഭരണഘടനയുടെ 103–ാം ഭേദഗതിക്കെതിരായ ഹർജികളിലാണ് സുപ്രീ കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ സുപ്രധാന വിധി. 103–ാം ഭരണഘടനാ ഭേദഗതി സുപ്രീം കോടതി ശരിവച്ചു. ഭരണഘടനയുടെ അടിസ്ഥാന ഘടനയെ മാറ്റുന്നതാണോ മുന്നാക്ക സംവരണം സംബന്ധിച്ച ഭേദഗതിയെന്നായിരുന്നു ബെഞ്ച് പരിഗണിച്ചത്.

അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ ജസ്റ്റിസ് ദിനേശ് മഹേശ്വരി, ജസ്റ്റിസ് ഭേല എം.ത്രിവേദി, ജസ്റ്റിസ് ജെ.ബി.പർദിവാല എന്നിവരാണ് സംവരണത്തെ അനുകൂലിച്ചവർ. ചീഫ് ജസ്റ്റിസ് യു.യു.ലളിത്, ജസ്റ്റിസ് എസ്.രവീന്ദ്ര ഭട്ട് എന്നിവർ സംവരണത്തെ എതിർത്തു. ആകെ നാല് വിധി പ്രസ്താവങ്ങളാണ് ഉണ്ടായിരുന്നത്. ജസ്റ്റിസ് എസ്.രവീന്ദ്ര ഭട്ടിന്റെ വിധിയോട് അനുകൂലിക്കുന്നതായി ചീഫ് ജസ്റ്റിസ് വ്യക്തമാക്കുകയായിരുന്നു.

മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തിയായിരുന്നു 2019ൽ കേന്ദ്ര സർക്കാർ ഭരണഘടനാ ഭേദഗതി നടത്തിയത്. എന്നാൽ, സാമ്പത്തികം അടിസ്ഥാനമാക്കി സംവരണം ഉൾപ്പെടെ പ്രത്യേക വകുപ്പുകൾ സൃഷ്ടിക്കാൻ സംസ്ഥാനങ്ങൾക്ക് അനുമതി നൽകുന്ന 103-ാം ഭേദഗതി ഭരണഘടനയുടെ അടിസ്ഥാനഘടനയെ തകർക്കുന്നതാണെന്നാണ് ഹരജിക്കാർ കോടതിയിൽ വാദിച്ചു. സെപ്റ്റംബർ 13 മുതൽ ആറര ദിവസം നീണ്ട വാദത്തിനൊടുവിലാണ് ഹരജികൾ വിധി പറയാൻ മാറ്റുകയായിരുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!