ലോക സഞ്ചാരത്തിനിറങ്ങിയ മലയാളി സംഘങ്ങള്‍ തമ്മിലടി. മല്ലു ട്രാവലര്‍ തങ്ങളുടെ സ്പോണ്‍സര്‍ഷിപ്പ് പിന്‍വലിപ്പിച്ചെന്ന് അണ്‍നോണ്‍ ഡെസ്റ്റിനേഷന്‍ സംഘത്തിന്‍റെ ആരോപണം.

ദമാം: റോഡ് മാര്‍ഗം ലോകം ചുറ്റാനിറങ്ങിയ രണ്ട് മലയാളി സംഘങ്ങള്‍ സൌദിയിലെത്തിയതോടെ യാത്രയുമായി ബന്ധപ്പെട്ട വിവാദങ്ങളും ചൂട് പിടിക്കുകയാണ്. പ്രശസ്ത വ്ളോഗറായ മല്ലു ട്രാവലര്‍ ഷാക്കിര്‍ സുബ് ഹാന്‍ കുടുംബസമേതം തന്‍റെ ‘പറക്കും തളിക’യില്‍ സൌദി സന്ദര്‍ശനം തുടരുകയാണ്. ഇവര്‍ക്ക് മുമ്പേ മുവ്വാറ്റുപുഴ പുതുപ്പാടി സ്വദേശികളായ മുഹമ്മദ് ഹാഫിസ്, ഹിജാസ് ഇഖ്ബാല്‍ എന്നിവര്‍ മഹീന്ദ്ര ഥാറുമായി സൌദിയില്‍ എത്തി. ഒന്നര വര്‍ഷത്തോളം നീളുന്ന ലോക സഞ്ചാരമാണ് ഇരു സംഘങ്ങളുടെയും ലക്ഷ്യം.

 

ചരിത്രത്തിലാദ്യമായി കേരള റെജിസ്ട്രേഷന്‍ റൈറ്റ് ഹാന്‍ഡ് വാഹനവുമായി ഹാഫിസും ഹിജാസും മല്ലുവിന് മുമ്പേ സൌദിയില്‍ എത്തിയതും, ലോക പര്യടനം ആരംഭിച്ചതുമാണ് പുതിയ വിവാദങ്ങളിലേക്കും  ഇരു സംഘവും തമ്മിലുള്ള വാക്ക്പോരിലേക്കും എത്തിച്ചത് എന്നാണ് റിപോര്‍ട്ട്.

 

തങ്ങള്‍ നേരത്തെ യാത്ര തുടങ്ങുന്നത് പ്രമുഖന്‍ (മല്ലു ട്രാവലര്‍) തടയാന്‍ ശ്രമിച്ചുവെന്നും തങ്ങളുടെ സ്പോണ്‍സറെ തെറ്റിദ്ധരിപ്പിച്ച് സ്പോണ്‍സര്‍ഷിപ്പ് പിന്‍വലിപ്പിച്ചു എന്നും അണ്‍നോണ്‍ ഡെസ്റ്റിനേഷന്‍ എന്ന പേരില്‍ യാത്ര നടത്തുന്ന ഹാഫിസും ഹിജാസും പരാതിപ്പെടുന്നു. ഇത് തെളിയിക്കുന്ന ശബ്ദ സന്ദേശം ഉള്‍പ്പെടെയുള്ള തെളിവുകളും ഇവര്‍ പുറത്തുവിട്ടിട്ടുണ്ട്. യാത്ര തുടങ്ങുന്നതിന് മുമ്പ് മല്ലു ട്രാവലര്‍ തങ്ങളെ പരമാവധി ഡീമോട്ടിവേറ്റ് ചെയ്യാന്‍ ശ്രമിച്ചുവെന്നും തങ്ങളുടെ യൂട്യൂബ് ചാനലില്‍ ഇവര്‍ പരാതിപ്പെട്ടു. സ്പോണ്‍സര്‍ പിന്‍വാങ്ങിയതോടെ, പുതിയ സ്പോണ്‍സര്‍മാര്‍ മുന്നോട്ട് വരാത്ത പശ്ചാത്തലത്തില്‍ തങ്ങളുടെ യാത്ര പൂര്‍ത്തിയാക്കാനാകുമോ എന്ന ആശങ്കയും ഇവര്‍ പങ്കുവെച്ചു.

 

എന്നാല്‍ ഈ ആരോപണങ്ങള്‍ ഷാക്കിര്‍ സുബ് ഹാന്‍ എന്ന മല്ലു ട്രാവലര്‍ നിഷേധിച്ചു. തന്നെ കുറ്റപ്പെടുത്തി കൂടുതല്‍ റീച്ച് കിട്ടാനുള്ള ശ്രമമാണ് ഇവര്‍ നടത്തുന്നതെന്നും എന്നും മല്ലു പറഞ്ഞു. സ്പോണ്‍സര്‍ഷിപ്പ് റദ്ദാക്കാന്‍ താന്‍ ശ്രമിച്ചിട്ടില്ല എന്നും മല്ലു പറയുന്നു.

 

ഇരു സംഘങ്ങളുടെയും യാത്ര പൂര്‍ത്തിയാക്കാന്‍ ലക്ഷങ്ങള്‍ ചിലവ് വരുമെന്നതിനാലാണ് ഇവര്‍ സ്പോണ്‍സര്‍മാരുടെ സഹായം തേടുന്നത്. ഇരു സംഘങ്ങള്ക്കും സൌദിയുടെ വിവിധ ഭാഗങ്ങളില്‍ പ്രവാസികള്‍ ഊഷ്മളമായ സ്വീകരണമാണ് നല്‍കുന്നത്.

 

സൌദിയില്‍ ഒന്നും കാണാനില്ല എന്ന മല്ലു ട്രാവലറുടെ പഴയ വ്ളോഗ് പലരും ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാക്കിയിട്ടുണ്ട്. എന്നാല്‍ തന്‍റെ തെറ്റിദ്ധാരണകള്‍ മാറിയെന്നും സൌദിയില്‍ കാണാന്‍ ഒട്ടേറെ കാഴ്ചകളും ആസ്വദിക്കാന്‍ ഒട്ടേറെ അനുഭവങ്ങളും ഉണ്ടെന്നാണ് സൌദിയിലെത്തിയ ശേഷം മല്ലു ട്രാവലര്‍ പറയുന്നത്.

 

ഏതായാലും ഇന്ത്യന്‍ വാഹനം സൌദിയിലെ നിരത്തുകളില്‍ ഓടുമ്പോള്‍ അഭിമാനമുണ്ടാകുമ്പോള്‍ തന്നെ ഇരു സംഘങ്ങളും തമ്മിലുള്ള വാക്ക്പോരില്‍ അസ്വസ്ഥരുമാണ് പ്രവാസികള്‍. യാത്ര തടസ്സപ്പെടുത്താതെ പരസ്പരം സഹകരിച്ച് യാത്ര പൂര്‍ത്തിയാക്കി ഇന്ത്യയുടെ അഭിമാനമായി മാറണമെന്നാണ് സാധാരണക്കാരായ പ്രവാസികള്‍ ഇരു സംഘങ്ങളോടും അഭ്യര്‍ഥിക്കുന്നത്.

Share
error: Content is protected !!