സ്കൂളുകളില്‍ സാമൂഹിക അകലം വേണ്ടെന്ന് സൌദി വിദ്യാഭ്യാസ മന്ത്രാലയം
റിയാദ്: സ്‌കൂളുകളിൽ വിദ്യാർത്ഥികൾക്കിടയിൽ സാമൂഹിക അകലം പാലിക്കണമെന്ന ഉത്തരവ് റദ്ദാക്കാൻ സൌദി വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദേശിച്ചു. സ്കൂളിലും ക്ലാസ് മുറികളിലും പാഠ്യേതര പ്രവർത്തനങ്ങളിലുമൊന്നും സാമൂഹിക അകലം ആവശ്യമില്ലെന്ന് പുതിയ ഉത്തരവില്‍ പറയുന്നു. രാജ്യത്തു കോവിഡ് കേസുകള്‍ കുത്തനെ കുറയുകയും മറ്റ് മേഖലകളിലെല്ലാം നിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഈ നിര്‍ദേശം.
കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ച് വെവ്വേറെ ക്ലാസുകള്‍ നല്‍കുന്നത് നിര്‍ത്തി എല്ലാ കുട്ടികള്‍ക്കും ഒരുമിച്ച് ക്ലാസുകള്‍ എടുക്കാനും മന്ത്രാലയം നിര്‍ദേശിച്ചു. അകലം പാലിക്കുന്നതിന്റെ ഭാഗമായി ക്ലാസ് മുറിയില്‍ കുട്ടികളുടെ എണ്ണം കുറയ്ക്കാന്നായിരുന്നു കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ചത്.
മൂന്നാം സെമസ്റ്റർ തുടക്കം മുതല്‍ സാമൂഹിക അകലം ഒഴിവാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.