അന്താരാഷ്ട്ര ബോട്ട് ഷോയിൽ നാനൂറോളം ബോട്ടുകളെത്തും

ഹുദ ഹബീബ്

ദുബൈ: ദുബൈ ബോട്ട് ഷോ യുടെ 28ാം സീസണ്‍ ദുബൈ ഹാർബറിൽ മാര്‍ച്ച്‌ ഒമ്പത് മുതല്‍ 13 വരെ നടക്കും. ദൂബൈ വേൾഡ് ട്രേഡ് സെൻ്റർ സംഘടിപ്പിക്കുന്ന ഈ അന്താരാഷ്ട്ര ബോട്ട് ഷോയിൽ  400 ബോട്ടുകളാണ് അണിനിരക്കുക. കോവിഡ് മഹാമാരിയെ തുടര്‍ന്ന് കഴിഞ്ഞ സീസണ്‍ നടന്നില്ലായിരുന്നു. മാത്രവുമല്ല കോവിഡ് തുടങ്ങിയ ശേഷം എത്തുന്ന ഏറ്റവും വലിയ ബോട്ട്ഷോ എന്ന പ്രത്യേകതയും ഈ അഞ്ച് ദിവസത്തെ പരിപാടിക്കുണ്ട്. ലോകപ്രശസ്ത ബോട്ടുകളുടെ സംഗമത്തിനാണ് ദുബൈ വേള്‍ഡ് ട്രേഡ് സെന്‍റർ വേദിയൊരുക്കുന്നത്.

സണ്‍റീഫി‍െന്‍റ 80 എക്കോലൈന്‍, പ്രിന്‍സസ് വൈ 85, സാന്‍ ലോറന്‍സോയുടെ എസ്.എക്സ് 88 തുടങ്ങിയവ ഷോയുടെ ശ്രദ്ധ പിടിച്ച് പറ്റും. കൂടാതെ ഒഴുകി നടക്കുന്ന സൗധങ്ങളായ ഫെഡ്ഷിപ്, മജസ്റ്റി, നൊമാഡ്, ക്രാഞ്ചി, ലര്‍സെന്‍ തുടങ്ങി ഈ ഇനത്തില്‍പെട്ട 50ഓളം ബോട്ടുകളും ഷോയുടെ ഭാഗമായുണ്ടാകും.  ദുബൈയെ യാനങ്ങളുടെ അന്താരാഷ്ട്ര കേന്ദ്രമാക്കുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് വേള്‍ഡ് ട്രേഡ് സെന്‍റര്‍ ഇവന്‍റ് മാനേജ്മെന്‍റ് എക്സിക്യൂട്ടിവ് വൈസ്പ്രസിഡന്‍റ് ട്രിക്സി ലോഹ്മിര്‍മന്ദ് പറഞ്ഞു.

യു.എ.ഇയിലെ ആഭ്യന്തര ബോട്ടുകളെ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ട് ‘പ്രൗഡ്ലി യു.എ.ഇ’ എന്ന പരിപാടിയും ഇക്കുറിസംഘടിപ്പിച്ചിട്ടുണ്ട്.ചെറിയ മത്സ്യ ബന്ധന ബോട്ടുകളുമുണ്ടാകും. പായ്വഞ്ചി, തുഴച്ചില്‍ വള്ളം, ജെറ്റ്സ്കീ, വിന്‍ഡ് സര്‍ഫിങ് എന്നിവയെ കുറിച്ചുള്ള അറിവും ലഭിക്കും.

ജലഗതാഗത മേഖലയിലെ നൂതന ആശയങ്ങളുടെയും കണ്ടുപിടിത്തങ്ങളുടെയും പ്രദര്‍ശനം കൂടിയായിരിക്കും ഇത്. കപ്പിത്താന്മാര്‍, കപ്പല്‍ ഉടമകള്‍, സാങ്കേതിക വിദഗ്ധര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.ദുബൈയിലെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രമാണ് ദുബൈ ഹാര്‍ബര്‍. ഇവിടെ 700 ബോട്ടുകള്‍ക്കുള്ള ബെര്‍ത്തുണ്ട്. സൂപ്പര്‍ യാനങ്ങള്‍ക്ക് മാത്രമായുള്ള ആദ്യ തീരം എന്ന പ്രത്യേകതയും ദുബൈ ഹർബറിനുണ്ട്.

Share
error: Content is protected !!