മഞ്ജു വാരിയരുടെ പരാതി: സംവിധായകൻ സനൽകുമാർ ശശിധരൻ അറസ്റ്റിൽ. നാടകീയ അറസ്റ്റിൻ്റെ വീഡിയോ
നടി മഞ്ജു വാരിയരെ സമൂഹമാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ സംവിധായകന് സനൽകുമാർ ശശിധരനെ പൊലീസ് അറസ്റ്റ് ചെയ്തു. പാറശാലയിലെ വീട്ടിൽനിന്ന് ഇളമക്കര പൊലീസ് സനൽകുമാറിനെ കസ്റ്റഡിയിലെടുത്തിരുന്നു. പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സനൽകുമാർ ശശിധരന്റെ സമൂഹമാധ്യമത്തിലെ പോസ്റ്റിനെതിരെ മഞ്ജു വാര്യർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
തനിക്കെതിരെ തുടർച്ചയായി അപവാദം പ്രചരിപ്പിച്ചെന്നും പിന്തുടർന്ന് ഭീഷണിപ്പെടുത്തി എന്നുമാണ് മഞ്ജുവിന്റെ പരാതി. കേസിൽ മഞ്ജുവിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് എടുക്കുകയായിരുന്നു. എന്നാൽ, മഞ്ജു വാര്യർ തനിക്കെതിരെ പരാതി നൽകിയതായി അറിയില്ലെന്നും അങ്ങനെ ഉണ്ടെങ്കിൽ പൊലീസ് അക്കാര്യം വ്യക്തമാക്കണമെന്നും സനൽകുമാർ ശശിധരൻ നേരത്തേ ആവശ്യപ്പെട്ടിരുന്നു.
മഞ്ജു വാരിയരുടെ ജീവൻ തുലാസിലാണെന്നും അവർ തടവറയിലാണെന്നും സൂചിപ്പിച്ചുകൊണ്ട് സനൽ കുമാർ ശശിധരൻ പങ്കുവച്ച സമൂഹമാധ്യമത്തിലെ പോസ്റ്റുകൾ വിവാദമായിരുന്നു. നടിയെ പീഡിപ്പിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് മഞ്ജു വാരിയരുടെ മൊഴിയെടുത്തതിനു പിന്നാലെയാണ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതെന്നും സാഹചര്യങ്ങൾ വച്ച് നോക്കുമ്പോൾ മഞ്ജു ഉൾപ്പെടെ ചില മനുഷ്യരുടെ ജീവൻ തുലാസിലാണെന്ന് സംശയിക്കുന്നതായും സനൽ സമൂഹമാധ്യമത്തിലെ പോസ്റ്റിൽ ആരോപിച്ചിരുന്നു.
മഫ്തിയിലെത്തിയ പൊലീസ് സംഘമാണ് പിടികൂടിയത്. കസ്റ്റഡയിൽ എടുക്കുന്ന വിഡിയോ സനൽകുമാർ ശശിധരൻ സമൂഹമാധ്യമത്തിലൂടെ ലൈവ് ആയി പങ്കുവച്ചു. തന്റെ ജീവന് ഭീഷണിയുണ്ടെന്നും പൊലീസിന്റെ സംരക്ഷണത്തിൽ വേണം സ്റ്റേഷനിൽ എത്തിക്കാനെന്നും സനൽ പറഞ്ഞു.
നാടകീയ രംഗങ്ങൾക്കൊടുവിലാണ് സനൽകുമാർ ശശിധരൻ കസ്റ്റഡിയിലായത്. മഫ്തിയിലെത്തിയ പൊലീസ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുക്കാൻ എത്തിയപ്പോൾ സനൽ ചെറുത്തു. തന്റെ ജീവനു ഭീഷണിയുണ്ടെന്നും പൊലീസ് എന്ന് അവകാശപ്പെട്ട് ചില ഗുണ്ടകൾ തന്നെ ബലമായി പിടിച്ചുകൊണ്ടുപോകാൻ ശ്രമിക്കുകയാണെന്നും കൊല്ലാൻ ശ്രമിക്കുമെന്നും സനൽ ലൈവ് വിഡിയോയിൽ പറഞ്ഞു.
വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/IVNr7uCNZq9KwJlm1nff5T
സനൽ കുമാറിനെ കസ്റ്റഡിലെടുക്കുന്ന വീഡിയോ കാണാം
https://www.facebook.com/100001035072627/videos/426296425971193/


