ഗുഡ്സ് ഓട്ടോയില്‍ സ്ഫോടനം: യുവതിയും കുഞ്ഞും മരിച്ചു; ഭര്‍ത്താവ് കിണറ്റില്‍ ചാടി ജീവനൊടുക്കി. സംഭവം ആസൂത്രിതമെന്ന് പോലീസ്
മലപ്പുറം പെരിന്തല്‍മണ്ണയില്‍ ഗുഡ്സ് ഓട്ടോയിലുണ്ടായ സ്ഫോടനത്തില്‍ യുവതിയും കുട്ടിയും മരിച്ചു. സ്ഫോടനമുണ്ടാക്കിയ ഭര്‍ത്താവ് മുഹമ്മദ് കിണറ്റില്‍ ചാടി ജീവനൊടുക്കി. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന അഞ്ച് വയസ്സുകാരി പൊള്ളലേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
പാണ്ടിക്കാട് പെരിന്തല്‍മണ്ണ റോഡിലേക്കുള്ള കൊണ്ടിപ്പറമ്പിലെ പഞ്ചായത്ത് റോഡിലാണ് സംഭവം. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സ്ഫോടനമുണ്ടായത്. കരുവാരകുണ്ട് മാമ്പുഴ തെച്ചിടോടൻ മുഹമ്മദ് (52) ഇദ്ദേഹത്തിന്റെ ഭാര്യ കീഴാറ്റൂർ കൊണ്ടിപറമ്പ് നെല്ലിക്കുന്നിൽ പലയക്കോടൻ ജാസ്മിൻ (37) ഇവരുടെ മകൾ ഫാത്തിമ സഫ(11) എന്നിവരാണ് സംഭവ സ്ഥലത്ത് വെച്ച് മരിച്ചത്. ഇവരുടെ മകൾ ഷിഫാന (അഞ്ച്) യെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവം ആസൂത്രിതമാണെന്നാണ് സൂചന. കുടുംബ പ്രശ്നം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് മുഹമ്മദ് ഭാര്യ ജാസ്മിനെയും രണ്ടു കുട്ടികളെയും വിളിച്ചുവരുത്തി സ്ഫോടനമുണ്ടാക്കിയതാണെന്നാണ് നിഗമനം.
ജാസ്മിൻ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കുടുംബപ്രശ്നങ്ങളെ തുടർന്ന് സ്വന്തം വീട്ടിലാണ് കഴിയുന്നത്. ഇന്നു രാവിലെയാണ് മുഹമ്മദ് ജാസ്മിന്റെ ആക്കപ്പറമ്പിലെ വീട്ടിലെത്തിയത്. ഗുഡ്സ് ഓട്ടോയുമായാണ് ഇയാള്‍ എത്തിയത്.
വീട്ടിലെത്തിയ ഇയാള്‍ ഭാര്യയെയും രണ്ടു കുട്ടികളെയും വിളിച്ചുവരുത്തി വാഹനത്തിന്റെ മുൻവശത്തെ സീറ്റിലിരുത്തി. തുടര്‍ന്ന് മുഹമ്മദും അകത്ത് കയറി പെട്രോളോ മണ്ണെണ്ണയോ ഉപയോഗിച്ച് കത്തിക്കുകയായിരുന്നു. ഇതിന്റെ മുൻപ് വാഹനത്തിനകത്ത് സ്ഫോടകവസ്തുവായ ഗുണ്ടും മുഹമ്മദ് സ്ഥാപിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
തീ ആളിപ്പടരുന്നതിനിടെ വണ്ടിയുടെ വാതിൽ തുറന്ന് മുഹമ്മദ് പുറത്തേക്ക് ചാടി. ശരീരത്തിൽ തീപൊള്ളലേറ്റ ഇയാള്‍ തൊട്ടടുത്തുള്ള കിണറ്റിലേക്ക് എടുത്തുചാടി. ഇതിനിടയിൽ അഞ്ചു വയസുള്ള കുഞ്ഞ് വാഹനത്തിൽനിന്ന് രക്ഷപ്പെട്ടു. കുട്ടിയെ പൊള്ളലോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. എന്നാൽ, ജാസ്മിനും 11 വയസുകാരിയും ദേഹമാസകലം പൊള്ളലേറ്റു മരിക്കുകയായിരുന്നു.

സംഭവത്തിനു പിന്നാലെ സ്ഥലത്തെത്തിയ അഗ്നിശമന സേന 40 മിനിറ്റ് എടുത്താണ് തീയണച്ചത്. അപ്പോഴേക്കും പൂര്‍ണമായും പൊള്ളലേറ്റ് നിലയിലായിരുന്നു അമ്മയും മകളും. ഇവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇവര്‍ക്ക് ഒരു മകള്‍ കൂടിയുണ്ടെങ്കിലും സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നില്ല.
എന്തുപയോഗിച്ചാണു തീ കൊളുത്തിയതെന്നു ശാസ്ത്രീയ പരിശോധനയിലൂടെ മാത്രമേ വ്യക്തമാകൂവെന്നും പൊലീസ് അറിയിച്ചു. തീ കൊളുത്തുന്നതിനിടെ കുട്ടികളിലൊരാൾ ജാസ്മിന്റെ സഹോദരിയെ ഫോണിൽ വിളിച്ച് ‘ഞങ്ങളെ കൊല്ലാൻ പോകുകയാണ്’ എന്ന് അറിയിച്ചിരുന്നു. പിന്നാലെ ജാസ്മിന്റെ സഹോദരി ഓടിയെത്തി ഒരു കുട്ടിയെ ഓട്ടോയിൽനിന്ന് വലിച്ച് പുറത്തേക്കിട്ടു. ഇതിനിടെ, ദേഹത്തേക്കു തീ പടർന്നപ്പോൾ മുഹമ്മദ് സമീപത്തെ കിണറ്റിലേക്കു ചാടി. ഓട്ടോ രണ്ടു തവണ പൊട്ടിത്തെറിച്ചെന്നു ദൃക്സാക്ഷികൾ പറഞ്ഞു.
ജാസ്മിന്റെയും മരിച്ച കുട്ടിയുടെയും മൃതദേഹം തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞ നിലയിലാണെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ മറ്റൊരു കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഇവരുടെ മറ്റൊരു കുട്ടി വീട്ടിനകത്തായിരുന്നു. സ്ഥലത്തുനിന്ന് ചെറിയ ഗുണ്ട് പോലുള്ള സ്ഫോടക വസ്തുക്കൾ കണ്ടെത്തിയിട്ടുണ്ട്.
വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/IVNr7uCNZq9KwJlm1nff5T


