വിസിറ്റ് വിസ പുതുക്കാനാകാതെ സൌദിയില്‍ മലയാളികള്‍ ഉള്‍പ്പെടെ പ്രതിസന്ധിയില്‍. ഇനിയുള്ള പരിഹാരമാര്‍ഗം ഇതാണ്

ജിദ്ദ: മള്‍ട്ടിപ്പിള്‍ വിസിറ്റ് വിസ പുതുക്കാന്‍ സാധിക്കാതെ മലയാളികള്‍ ഉള്‍പ്പെടെ നിരവധി വിദേശികളാണ് സൌദിയില്‍ കുടുങ്ങിയത്. അബ്ശിര്‍ വഴി വിസിറ്റ് വിസ പുതുക്കാനുള്ള സൌകര്യം നിലച്ചിട്ട് ഒരാഴ്ചയായി. പുതുക്കാന്‍ ശ്രമിക്കുമ്പോള്‍ എറര്‍ മെസ്സേജ് ആണ് വരുന്നത്.  ഇതിനകം പലരുടേയും വിസാ കാലാവധി അവസാനിക്കുകയും ചെയ്തു. സാങ്കേതിക തകരാര്‍ ആണെന്നായിരുന്നു കരുതിയിരുന്നതെങ്കിലും പ്രശ്നം ഇതുവരെ പരിഹരിച്ചിട്ടില്ല.

 

ഒരു വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ വിസിറ്റ് വിസയില്‍ എത്തുന്നവര്‍ക്കു ഒരു സമയം 90 ദിവസം മാത്രമേ സൌദിയില്‍ കഴിയാന്‍ അനുവാദമുള്ളൂ. 3 മാസം പൂര്‍ത്തിയായാല്‍ സൌദിക്ക് പുറത്തു പോകണം എന്നാണ് നിയമം. എന്നാല്‍ ആദ്യത്തെ മൂന്നു മാസം പൂര്‍ത്തിയായാല്‍ സൌദിയില്‍ നിന്നു പുറത്തു പോകാതെ തന്നെ മറ്റൊരു മൂന്നു മാസത്തേക്ക് കൂടി വിസ അബ്ശിര്‍ വഴി പുതുക്കി ലഭിച്ചിരുന്നു. ഇത്തരം സാഹചര്യങ്ങളില്‍ 6 മാസം കഴിഞ്ഞാല്‍ സൌദിക്ക് പുറത്തു പോയാല്‍ മതിയായിരിന്നു. അബ്ശിര്‍ വഴി പുതുക്കാന്‍ സാധിക്കാത്ത സാഹചര്യം വന്നതോടെ വിസിറ്റ് വിസക്കാര്‍ 3 മാസം പൂര്‍ത്തിയാകുന്നതോടെ സൌദിക്കു പുറത്തു പോകേണ്ട സാഹചര്യമാണ് ഉള്ളത്.

 

അതേസമയം ജവാസാത് ഓഫീസ് നേരിട്ടു സന്ദര്‍ശിച്ചും, അബ്ശിര്‍ പ്ലാറ്റ്ഫോമിലെ ‘തവാസുല്‍’ വഴി അപേക്ഷ നല്‍കിയും പലരും വിസ പുതുക്കി. എന്നാല്‍ ഇതിന് പിന്നാലേ കഴിഞ്ഞ ദിവസം ജവാസാത് സന്ദര്‍ശിച്ചവര്‍ വിസ പുതുക്കാനാകാതെ നിരാശരായി മടങ്ങി. 3 മാസം കഴിഞ്ഞാല്‍ പുറത്തു പോയി വരണം എന്നാണ് ജവാസാത് ഉദ്യോഗസ്ഥരുടെ പ്രതികരണം.

 

എന്നാല്‍ ജനറല്‍ സര്‍വീസ് ഓഫീസുകള്‍ വഴി പലര്‍ക്കും ഇപ്പൊഴും വിസ പുതുക്കി ലഭിക്കുന്നുണ്ട് എന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അമിതമായ ഫീസ് ഈടാക്കിയാണ് പുതുക്കുന്നത് എന്നാണ് വിവരം.

 

ഫാമിലി വിസയില്‍ ഉള്ളവര്‍ക്ക് ലെവി അടയ്ക്കേണ്ടതുള്ളതിനാല്‍ മലയാളികള്‍ ഉള്‍പ്പെടെ പലരും വിസിറ്റ് വിസയിലാണ് ഇപ്പോള്‍ കുടുംബത്തെ സൌദിയില്‍ നിര്‍ത്തുന്നത്. 3 മാസത്തിന് ശേഷം ഓണ്‍ലൈന്‍ ആയി വിസ പുതുക്കി 6 മാസത്തിന് ശേഷം നാട്ടില്‍ പോയി വരുകയായിരുന്നു ഇവര്‍. എന്നാല്‍ 3 മാസത്തിനു ശേഷം തന്നെ നാട്ടില്‍ പോകണമെന്ന നിബന്ധന പ്രാബല്യത്തില്‍ ഉണ്ടെങ്കില്‍ അത് പ്രവാസികളെ സംബന്ധിച്ചിടത്തോളം വലിയ തോതിലുള്ള സാമ്പത്തിക ബാധ്യത വരുത്തിവെക്കും.

Share
error: Content is protected !!