‘ഇറാനിൽ ഒരു ചെറിയ ആക്രമണം നടത്തി’: 15 മിനിറ്റിൽ എല്ലാം തകർത്തെന്ന് ട്രംപ്; തിരിച്ചടി ‘വലുതാ’കുമെന്ന് ഇറാൻ‍

വാഷിങ്ടൻ: ഇറാനിൽ വീണ്ടും ആക്രമണം നടത്തിയെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ലക്ഷ്യമിട്ട് യുഎസ് സൈന്യം പരിമിതമായ തോതിൽ വ്യോമാക്രമണം നടത്തിയെന്നാണ് ട്രംപ് അറിയിച്ചത്.

ഇറാനു നേരെയുള്ള ആക്രമണം ‘ചെറുത്’ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ഖ്വേഷം ദ്വീപിലെ സൂസ മേഖലയിൽ രണ്ടു സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ഇറാൻ ഔദ്യോഗിക മാധ്യമങ്ങളും സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന.

‘‘അവർ ഒരു വ്യോമപ്രതിരോധ സംവിധാനം നിർമിക്കുകയായിരുന്നു. വെറും പതിനഞ്ച് മിനിറ്റിനുള്ളിൽ അത് ഞങ്ങൾ തകർത്തു കളഞ്ഞു. ഒരുപക്ഷേ അഞ്ച് മിനിറ്റിനുള്ളിൽ തന്നെ അത് തകർത്തേനെ’’– എന്നാണ് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞത്. യുഎസിലെ ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി കനത്ത പരാജയം നേരിട്ടതിനു ശേഷം ട്രംപ് ഭരണകൂടം ഇറാനെതിരെ നടത്തുന്ന ആദ്യ സൈനിക നീക്കമാണിത്. തിങ്കളാഴ്ചയും യുഎസ് സൈന്യം ഇറാനിൽ ആക്രമണം നടത്തിയിരുന്നു. അന്ന് ഹോർമുസിലെ ഖ്വേഷം, ഹെൻഗാം ദ്വീപുകളിലും സമീപ പ്രദേശമായ ബന്ദർ അബ്ബാസിലും വൻ സ്ഫോടനങ്ങൾ നടന്നിരുന്നു.

അതേസമയം, യുഎസും ഇസ്രയേലും ഫെബ്രുവരിയിൽ യുദ്ധം ആരംഭിച്ചപ്പോഴുള്ള ഇറാനല്ല ഇപ്പോഴെന്നും തങ്ങളെ ആക്രമിച്ചാൽ  ‘ഭൂമിശാസ്ത്രപരമായ അതിരുകളില്ലാതെ’ യുഎസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് തിരിച്ചടിക്കുമെന്നും ഇറാന്റെ സൈനിക വക്താവ് മുന്നറിയിപ്പ് നൽകി. യുഎസിൽനിന്ന് ഏതെങ്കിലും തരത്തിലുള്ള പ്രകോപനമുണ്ടായാൽ മേഖലയിൽ മാത്രമായി തിരിച്ചടി ഒതുക്കില്ലെന്നും, ആവശ്യമെങ്കിൽ അതിർത്തികൾക്കപ്പുറത്തുള്ള യുഎസ് സൈനിക കേന്ദ്രങ്ങൾക്കു നേരെയും പ്രത്യാക്രമണം വ്യാപിപ്പിക്കുമെന്നും ഇറാൻ സൈനിക വക്താവ് മുഹമ്മദ് അക്രമിനിയ അറിയിച്ചതായി എഎഫ്പി റിപ്പോർട്ട് ചെയ്തു.

….

Share