‘2 ചാർട്ടേഡ് വിമാനങ്ങൾ, ഓഫിസ് കെട്ടിടം, ആറിടത്തെ ഭൂമി…’; അനിൽ അംബാനിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇ.ഡി
ന്യൂഡൽഹി: കോടിക്കണക്കിനു രൂപയുടെ ബാങ്ക് വായ്പ തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട് വ്യവസായി അനിൽ അംബാനിയുമായി ബന്ധമുള്ള കമ്പനികളുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി.
റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡ്, റിലയൻസ് കൊമേഴ്സ്യൽ ഫിനാൻസ് ലിമിറ്റഡ്, റിലയൻസ് കമ്യൂണിക്കേഷൻസ് ലിമിറ്റഡ് എന്നീ കമ്പനികൾ നടത്തിയ വായ്പ തട്ടിപ്പുകളിലാണു കേന്ദ്ര അന്വേഷണ ഏജൻസിയുടെ നടപടി. അനിൽ അംബാനിയുമായി ബന്ധപ്പെട്ട കമ്പനികളുടെ രണ്ട് ചാർട്ടേഡ് വിമാനങ്ങൾ, മഹാരാഷ്ട്രയിലെ ഒരു ഓഫിസ് കെട്ടിടം, ആറിടത്തെ ഭൂമികൾ, തമിഴ്നാട്ടിലെ രണ്ട് കാറ്റാടിപാടങ്ങൾ, ബാങ്ക് നിക്ഷേപങ്ങൾ, സ്ഥിരനിക്ഷേപങ്ങൾ, വിവിധ നിക്ഷേപ ഓഹരികൾ എന്നിവയാണ് ഇ.ഡി താൽക്കാലികമായി കണ്ടുകെട്ടിയത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം, ഫെമ എന്നിവ പ്രകാരം അനിൽ അംബാനി ഗ്രൂപ്പിനെതിരെ റജിസ്റ്റർ ചെയ്ത വിവിധ കേസുകളിലായി ഇതുവരെ കണ്ടുകെട്ടിയ ആകെ സ്വത്തുക്കളുടെ മൂല്യം 23,100 കോടി രൂപയായി ഉയർന്നതായി ഇ.ഡി പ്രസ്താവനയിൽ അറിയിച്ചു.
ബാങ്കുകളിൽനിന്നും ധനകാര്യ സ്ഥാപനങ്ങളിൽനിന്നുമുള്ള പൊതുപണം വകമാറ്റി ചെലവഴിച്ചെന്നും നിയമങ്ങൾ ദുരുപയോഗം ചെയ്ത് കമ്പനി സ്വത്തുക്കൾ വ്യക്തിഗത ആവശ്യങ്ങൾക്കായി വ്യാജമായി മാറ്റിവച്ചെന്നും ഇ.ഡി ആരോപിച്ചു. ഈ തുകയുടെ വലിയൊരു പങ്ക് പ്രൊമോട്ടർമാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും വ്യക്തിഗത നേട്ടങ്ങൾക്കായി വിദേശ നികുതിരഹിത കേന്ദ്രങ്ങളിലേക്കു മാറ്റിയതായും ഏജൻസി ചൂണ്ടിക്കാട്ടി. കേസുകളുമായി ബന്ധപ്പെട്ട് ഇതുവരെ 10 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
സിബിഐ ഡൽഹി, ഡൽഹി പൊലീസിന്റെയും മുംബൈ പൊലീസിന്റെയും സാമ്പത്തിക കുറ്റകൃത്യ വിഭാഗം എന്നിവർ റജിസ്റ്റർ ചെയ്ത ഒന്നിലധികം കേസുകളുടെ അടിസ്ഥാനത്തിലാണ് ഇ.ഡി അന്വേഷണം ആരംഭിച്ചത്. അതേസമയം, തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും അനിൽ അംബാനി നിഷേധിച്ചു. യാതൊരുവിധ തെറ്റായ നടപടികളും സ്വീകരിച്ചിട്ടില്ലെന്ന് അംബാനിയുടെ വക്താവ് അറിയിച്ചു. റിലയൻസ് ക്യാപിറ്റൽ ലിമിറ്റഡിൽ 2005 മുതൽ 2021 നവംബർ വരെ മാത്രമാണ് അനിൽ അംബാനി നോൺ-എക്സിക്യൂട്ടീവ് ഡയറക്ടർ/ചെയർമാൻ സ്ഥാനത്തിരുന്നതെന്നും തുടർന്ന് റിസർവ് ബാങ്ക് ഡയറക്ടർ ബോർഡ് പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്ററെ നിയമിക്കുകയായിരുന്നുവെന്നും വക്താവ് ചൂണ്ടിക്കാട്ടി.


