ചെങ്കടലിൽ ഇന്ത്യൻ ചരക്കുകപ്പലിന് നേരെ ആക്രമണം; 13 ഇന്ത്യക്കാരുൾപ്പെടെ 14 ജീവനക്കാരെയും രക്ഷപ്പെടുത്തി

യെമൻ: ചെങ്കടലിൽ യെമൻ തീരത്തിന് സമീപം ഇന്ത്യൻ ചരക്കുകപ്പലിന് നേരെ ആക്രമണം. എംഎസ്.വി ഫൈസ് നൂറെ ഒലിയ’എന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

ആക്രമണത്തെ തുടർന്ന് നിയന്ത്രണം വിട്ട കപ്പൽ സമുദ്രത്തിൽ പൂർണമായി മുങ്ങി. അതേസമയം, കപ്പലിലുണ്ടായിരുന്ന 13 ഇന്ത്യൻ പൗരന്മാരും ഒരു യെമൻ പൗരനുമുൾപ്പെടെ 14 ജീവനക്കാരെയും യെമൻ കോസ്റ്റ് ഗാർഡ് സുരക്ഷിതമായി രക്ഷപ്പെടുത്തി.

രക്ഷപ്പെടുത്തിയ ജീവനക്കാരെ യെമനിലെ മൊഖ തുറമുഖത്ത് എത്തിച്ചതായും എല്ലാവരും സുരക്ഷിതരാണെന്നും റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു. ആക്രമണത്തിന് പിന്നിൽ ഹൂതികളാണെന്ന് യെമന്റെ നാഷണൽ റെസിസ്റ്റൻസ് ഫോഴ്‌സ് ആരോപിച്ചു. എന്നാൽ , സംഭവത്തിൽ ഹൂതികൾ പ്രതികരിച്ചിട്ടില്ല.

കപ്പലിനുനേരെയുണ്ടായ ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. നിലവിൽ റിയാദിലെ ഇന്ത്യൻ എംബസി സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും രക്ഷപ്പെടുത്തിയ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ യെമൻ അധികൃതരുമായി എംബസി ബന്ധപ്പെടുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

…..

Share