ഭാര്യയെ മരുഭൂമിയിലെത്തിച്ച് ജീവനോടെ ചുട്ടുകൊന്നു; പ്രതിക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ്: സൗദിയിലെ തബൂക്ക് മേഖലയിൽ ഭാര്യയെ വഞ്ചനാപരമായി മരുഭൂമിയിൽ എത്തിച്ച് ജീവനോടെ ചുട്ടുകൊന്ന സ്വദേശി പൗരന് വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഖാലിദ് ബിൻ ഗാദിയാൻ ബിൻ സലിം അൽ-ഹുവൈത്തി എന്നയാളുടെ വധശിക്ഷയാണ് ചൊവ്വാഴ്ച നടപ്പിലാക്കിയത്. സ്വന്തം ഭാര്യയായ മായ് ബിൻത് സലിം ബിൻ സലിം അൽ-മസൂദിയെ തന്ത്രപൂർവ്വം വാഹനത്തിൽ കയറ്റി വിജനമായ മരുഭൂമിയിലേക്ക് കൊണ്ടുപോവുകയും, അവിടെവെച്ച് പെട്രോളൊഴിച്ച് തീക്കൊളുത്തി ക്രൂരമായി കൊലപ്പെടുത്തുകയുമായിരുന്നു എന്ന് മന്ത്രാലയം വ്യക്തമാക്കി.
.

സംഭവത്തെ തുടർന്ന് സുരക്ഷാ അധികൃതർ പ്രതിയെ ഉടനടി അറസ്റ്റ് ചെയ്യുകയും വിശദമായ അന്വേഷണത്തിന് ശേഷം കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിക്കെതിരെയുള്ള കുറ്റങ്ങൾ കൃത്യമായി തെളിയിക്കപ്പെട്ടു. ഇരയ്ക്ക് യാതൊരുവിധ സംശയത്തിനും ഇടനൽകാതെ, വഞ്ചനാപരമായും ആസൂത്രിതമായും നടത്തിയ കൊലപാതകമായതിനാൽ പ്രതിക്ക് കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. ഈ വിധിക്കെതിരെ പ്രതി സുപ്രീം കോടതയിൽ അപ്പീൽ നൽകിയെങ്കിലും, കീഴ് കോടതി വിധി സുപ്രീം കോടതിയും ശരിവച്ചതോടെയാണ് ശിക്ഷ അന്തിമമായത്. തുടർന്ന് ശരിഅത്ത് നിയമപ്രകാരമുള്ള ശിക്ഷ നടപ്പാക്കാൻ രാജകീയ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
.

രാജ്യത്ത് നീതി നടപ്പാക്കുന്നതിനും സുരക്ഷ ഉറപ്പുവരുത്തുന്നതിനും സൗദി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ ഓർമ്മിപ്പിച്ചു. നിരപരാധികളുടെ ജീവിക്കാനുള്ള അവകാശത്തെ ലംഘിക്കുകയും ക്രൂരത കാട്ടുകയും ചെയ്യുന്നവർക്കെതിരെ ഇസ്ലാമിക ശരീഅത്ത് വ്യവസ്ഥകൾ കർശനമായി നടപ്പാക്കും. സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവർക്കും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കും നിയമപരമായ കടുത്ത ശിക്ഷ തന്നെ നേരിടേണ്ടിവരുമെന്ന് മന്ത്രാലയം ശക്തമായ മുന്നറിയിപ്പ് നൽകി.

Share