മണ്ണിടിച്ചിലിൽ 5 മരണം: വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
കൽപറ്റ: കനത്ത മഴയ്ക്കിടെ വയനാട് കള്ളാടിയിൽ തുരങ്കപാതയുടെ പദ്ധതി പ്രദേശത്തിനു സമീപം മണ്ണിടിഞ്ഞ് 5 മരണം. തുരങ്ക പാതയ്ക്കായി നിർമിച്ച കോൺക്രീറ്റ് ഭിത്തിയും മണ്ണിടിച്ചിലിൽ തകർന്നു. മണ്ണിനടിയിൽ കുടുങ്ങിയ ഒൻപതുപേരെ ആശുപത്രിയിലേക്ക് മാറ്റി. 7 പേരെ കാണാനില്ല. ഇവർ മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്.
രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുകയാണ്. രക്ഷാപ്രവർത്തനത്തിനിടെ മേപ്പാടി എസ്ഐക്കും പരുക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ മുതൽ അതിതീവ്ര മഴയാണ് വയനാട്ടിൽ. കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.
തുരങ്കപാതയുടെ നിർമാണം നടക്കുന്ന മീനാക്ഷി പാലത്തിനു സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായത്. കനത്ത മഴ കാരണം നിർമാണ ജോലികൾ ഇന്നലെ നിർത്തിവച്ചിരുന്നു. പ്രദേശത്തുണ്ടായിരുന്നവരാണ് മണ്ണിനടിയിൽ കുടുങ്ങിയത്. വാഹനങ്ങളും മണ്ണിനടിയിൽ കുടുങ്ങി. അഗ്നിരക്ഷാസേന അടിയന്തര രക്ഷാപ്രവർത്തനം ആരംഭിച്ചു. ദുരന്തനിവാരണ സേനാംഗങ്ങൾ പ്രദേശത്തേക്ക് തിരിച്ചു. തിങ്കളാഴ്ചയും ചൊവ്വാഴ്ച പുലർച്ചെയും ഈ മേഖലയിൽ കനത്ത മഴ അനുഭവപ്പെട്ടിരുന്നു. നിർമാണ മേഖലയിൽ ഉൾപ്പെടെ അതീവ ജാഗ്രത പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്.
മണ്ണിടിച്ചിൽ ദുരന്തത്തിൽ കേസെടുത്ത് മേപ്പാടി പൊലീസ്. കള്ളാടി പാലത്തിലുണ്ടായ മണ്ണിടിച്ചിൽ മനുഷ്യ നിർമിതമാണെന്നു കലക്ടർ ആവശ്യപ്പെട്ടിട്ടും മണ്ണ് നീക്കം ചെയ്യാത്തതാണ് അപകടത്തിന് കാരണമെന്നു മുഖ്യമന്ത്രി ഉൾപ്പെടെ വിമർശനം ഉന്നയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പൊലീസ് നടപടി.


