‘ടൂറിസ്റ്റ് പാക്കേജ് വിസ’ യുമായി ടൂറിസം മേഖലയിൽ വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി സൗദി; പുതിയ വിസ സേവനത്തിൻ്റെ പൈലറ്റ് ഘട്ടം ആരംഭിച്ചു
റിയാദ്: രാജ്യത്തെ വിനോദസഞ്ചാര മേഖലയ്ക്ക് പുതിയ ഊർജ്ജം പകർന്നുകൊണ്ട് ‘ടൂറിസ്റ്റ് പാക്കേജ് വിസ’ സേവനത്തിന്റെ ആദ്യ ഘട്ടത്തിന് തുടക്കമായി. വിദേശ വിനോദസഞ്ചാരികൾക്കായി വിമാന ടിക്കറ്റ്, താമസം, വിസ എന്നിവയെല്ലാം ഒരൊറ്റ പാക്കേജായി ലഭ്യമാക്കുന്ന പുതിയ പദ്ധതിയാണ് ‘ടൂറിസ്റ്റ് പാക്കേജ് വിസ’ സേവനം. ഇതോടെ വിസയ്ക്കും യാത്രയ്ക്കും താമസത്തിനുമായി സഞ്ചാരികൾ ഇനി മുതൽ വെവ്വേറെ ബുക്കിംഗുകൾ നടത്തി ബുദ്ധിമുട്ടേണ്ടതില്ല.
യാത്രക്കാരുടെ ടിക്കറ്റുകൾ, ലൈസൻസുള്ള ടൂറിസ്റ്റ് ഹോസ്പിറ്റാലിറ്റി സൗകര്യങ്ങളിലെ താമസം, ഇലക്ട്രോണിക് വിസ അനുവദിക്കൽ തുടങ്ങിയ സേവനങ്ങൾക്ക് പുറമെ, വൈവിധ്യമാർന്ന വിനോദസഞ്ചാര അനുഭവങ്ങളും പരിപാടികളും കൂടി ഉൾപ്പെടുത്തി യാത്ര കൂടുതൽ സുഗമമാക്കാൻ ഈ പുതിയ സംവിധാനത്തിലൂടെ സാധിക്കും.
സൗദി അറേബ്യയുടെ ഔദ്യോഗിക അംഗീകാരമുള്ള ട്രാവൽ ആൻഡ് ടൂറിസം സർവീസ് പ്രൊവൈഡർമാർ വഴിയാണ് ഈ പാക്കേജ് ലഭ്യമാകുക. ആദ്യഘട്ടത്തിൽ തിരഞ്ഞെടുത്ത ചില രാജ്യങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ഈ സേവനം ആരംഭിക്കുന്നത്. വിമാന ടിക്കറ്റ്, അംഗീകൃത ഹോട്ടലുകളിലെ താമസം, ഇലക്ട്രോണിക് വിസ പ്രൊസസിംഗ് എന്നിവയെല്ലാം ഈ ഒരൊറ്റ പാക്കേജിൽ അടങ്ങിയിരിക്കുന്നു. ടൂറിസ്റ്റുകൾക്ക് അവരുടെ താല്പര്യപ്രകാരം സൗദിയിലെ വിവിധ വിനോദ പരിപാടികൾ, ഇവന്റുകൾ, മറ്റ് ആക്റ്റിവിറ്റികൾ എന്നിവയും ഈ പാക്കേജിനൊപ്പം മുൻകൂട്ടി ബുക്ക് ചെയ്യാം. ഈ പദ്ധതി ലഭ്യമാക്കുന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി സഞ്ചാരികൾക്ക് ഏത് സമയത്തും സാങ്കേതിക സഹായവും വിവരങ്ങളും ലഭ്യമാക്കും. പുതിയ സംവിധാനത്തിലൂടെ ട്രാവൽ ഏജൻസികൾക്ക് കൂടുതൽ ആകർഷകമായ ടൂറിസം പാക്കേജുകൾ തയ്യാറാക്കാൻ സാധിക്കും. ഇത് വിദേശ സഞ്ചാരികളെ കൂടുതൽ ദിവസം സൗദിയിൽ ചെലവഴിക്കാൻ പ്രേരിപ്പിക്കുമെന്നാണ് കണക്കുകൂട്ടൽ.
.
ടൂറിസം മന്ത്രാലയം, വിദേശകാര്യ-ആഭ്യന്തര മന്ത്രാലയങ്ങൾ, ഇൻഷുറൻസ് അതോറിറ്റി എന്നിവയുമായി സഹകരിച്ച് നടപ്പിലാക്കുന്ന ഈ പദ്ധതി രാജ്യത്തേക്കുള്ള യാത്രാനുഭവം വികസിപ്പിക്കുന്നതിലെ നിർണായക ചുവടുവയ്പ്പാണെന്ന് ടൂറിസം മന്ത്രി അഹമ്മദ് അൽ-ഖാതിബ് വ്യക്തമാക്കി. പുതിയ സേവനത്തിലൂടെ സന്ദർശകരുടെ യാത്ര കൂടുതൽ സൗകര്യപ്രദവും എളുപ്പവുമുള്ളതാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും, ടൂറിസം മേഖലയിലെ പങ്കാളികൾക്ക് പുതിയ വിഭാഗം വിനോദസഞ്ചാരികൾക്കായി ആകർഷകമായ സംയോജിത പാക്കേജുകൾ വാഗ്ദാനം ചെയ്യാൻ ഇത് വഴിതുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യാത്രാ ബുക്കിംഗുകളും വിസ നടപടിക്രമങ്ങളും പ്രത്യേകം കൈകാര്യം ചെയ്യുന്നതിന് പകരം ഒരൊറ്റ പാക്കേജിലൂടെ എല്ലാം ലഭ്യമാകുന്നതോടെ യാത്ര ആസൂത്രണം ചെയ്യാനുള്ള ബുദ്ധിമുട്ടുകൾ ഗണ്യമായി കുറയും.
.
വിനോദസഞ്ചാരികൾക്ക് മാത്രമല്ല, രാജ്യത്തെ യാത്രാ-ടൂറിസം സേവന ദാതാക്കൾക്കും ഈ പദ്ധതി വലിയ അവസരങ്ങളാണ് തുറന്നുനൽകുന്നത്. പാക്കേജിൽ തന്നെ വിസ ക്രമീകരണങ്ങൾ ഉൾപ്പെടുത്താൻ സാധിക്കുന്നതോടെ, ഉപഭോക്താക്കൾക്ക് കൂടുതൽ ആകർഷകമായ ടൂറിസം പരിപാടികൾ രൂപകൽപ്പന ചെയ്യാനും സന്ദർശകരെ കൂടുതൽ ദിവസം രാജ്യത്ത് തങ്ങാൻ പ്രോത്സാഹിപ്പിക്കാനും ഇവർക്ക് കഴിയും. സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ സന്നദ്ധത, നിർദ്ദിഷ്ട പ്രവർത്തന ആവശ്യകതകൾ, 24 മണിക്കൂറും ലഭ്യമാകുന്ന സാങ്കേതിക പിന്തുണയും ആശയവിനിമയ സേവനങ്ങളും എന്നിവയുടെ അടിസ്ഥാനത്തിലാണ് പൈലറ്റ് ഘട്ടത്തിലെ സേവന ദാതാക്കളെ യോഗ്യരാക്കിയിട്ടുള്ളത്.
.
സൗദി വിഷൻ 2030-ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി, വിനോദസഞ്ചാരികളുടെ പ്രവേശനം സുഗമമാക്കുന്നതിനായി രാജ്യം സമീപ വർഷങ്ങളിൽ ആരംഭിച്ച നിരവധി നൂതന പദ്ധതികളുടെ തുടർച്ചയാണിത്. ഇലക്ട്രോണിക് ടൂറിസ്റ്റ് വിസ, വിസ ഓൺ അറൈവൽ, ട്രാൻസിറ്റ് വിസ തുടങ്ങിയ സൗകര്യങ്ങൾ വഴി ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമായി രാജ്യം മാറിക്കഴിഞ്ഞു. 2025-ൽ മാത്രം 29 ദശലക്ഷത്തിലധികം വിദേശ വിനോദസഞ്ചാരികളാണ് രാജ്യം സന്ദർശിച്ചത്. സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തം ശക്തമാക്കിക്കൊണ്ട്, ലോകത്തിന് മുന്നിൽ രാജ്യത്തിന്റെ വൈവിധ്യമാർന്ന ലക്ഷ്യസ്ഥാനങ്ങൾ തുറന്നിടാനും കൂടുതൽ സമഗ്രമായ ടൂറിസം അനുഭവങ്ങൾ സമ്മാനിക്കാനും പുതിയ ടൂറിസ്റ്റ് പാക്കേജ് വിസ സംവിധാനത്തിലൂടെ സാധിക്കുമെന്നാണ് മന്ത്രാലയം വിലയിരുത്തുന്നത്.


