കുട്ടികൾ ഇല്ലാത്തതിന് ഭർതൃമാതാവിൽ നിന്ന് മാനസിക പീഡനം, അപമാനം; യുവതി ജീവനൊടുക്കി

കാസർകോട്: കാസർകോട് പള്ളിപ്പാടിയിൽ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ചു. കർണാടക പുത്തൂർ സ്വദേശി സെറീന(27)യാണ് മരിച്ചത്. സെറീനയെ കഴിഞ്ഞ ദിവസം വീടിനോട് ചേർന്നുളള ഷെഡിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണപ്പെട്ടു. സെറീനയുടെ മരണ വാർത്ത ഭർത്താവിന്റെ കുടുംബമാണ് വിളിച്ച് അറിയിച്ചത്. സംഭവത്തിൽ ഭർത്താവിന്റെ കുടുംബത്തിനെതിരെ യുവതിയുടെ കുടുംബം രം​ഗത്തെത്തി.

കുട്ടികൾ ഉണ്ടാകാത്തതിന്റെ പേരിൽ സെറീന ഭർതൃമാതാവിൽ നിന്ന് മാനസിക പീഡനം നേരിട്ടിരുന്നുവെന്നും മറ്റുള്ളവരുടെ മുൻപിൽ വെച്ച് അപമാനിക്കുന്നതും പതിവാണെന്നും കു‌ടുംബം ആരോപിച്ചു. നാലുവർഷം മുൻപാണ് സെറീനയും സൈനുദ്ദീനും തമ്മിലുളള വിവാഹം നടന്നത്. നാലാം വിവാഹവാർഷികം ആഘോഷിക്കാൻ രണ്ടുദിവസം ബാക്കിനിൽക്കെയാണ് യുവതി ആത്മഹത്യ ചെയ്തത്. കുട്ടികളാവാത്തതിൽ സൈനുദ്ദീന്റെ മാതാവിന്റെയും ബന്ധുക്കളുടെയും മാനസിക പീഡനം സഹിക്കാനാവാതെ സെറീന സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നു.

പിന്നീട് കുടുംബങ്ങൾ തമ്മിൽ സമവായത്തിലെത്തി സെറീനയെ തിരികെ അയച്ചു. വീണ്ടും മാനസിക പീഡനം തുടർന്നതോടെയാണ് യുവതി ജീവനൊടുക്കിയതെന്നാണ് വിവരം. സംഭവത്തിൽ ആദൂർ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി.

Share
error: Content is protected !!