ജബല്‍പൂര്‍ ബോട്ടപകടം: മരണത്തിലും കൈവിട്ടില്ല; കുഞ്ഞിനെ മാറോടണച്ച് അമ്മ

ജബല്‍പൂര്‍ മധ്യപ്രദേശിലെ ബര്‍ഗി ഡാമിലുണ്ടായ ബോട്ടപകടത്തിന്റെ നടുക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. ദുരന്തത്തില്‍ മരിച്ച ഒന്‍പത് പേരില്‍ ഒരു അമ്മയും നാല് വയസ്സുള്ള മകനും ഉള്‍പ്പെടുന്നു.രക്ഷാപ്രവര്‍ത്തകര്‍ ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് അമ്മയുടെയും മകന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

മരണസമയത്തും തന്റെ കുഞ്ഞിനെ രക്ഷിക്കാനുള്ള അവസാന ശ്രമമെന്നോണം മകനെ നെഞ്ചോട് ചേര്‍ത്തുപിടിച്ച നിലയിലായിരുന്നു ആ അമ്മ.ഡല്‍ഹിയില്‍ നിന്നുള്ള നാലംഗ വിനോദസഞ്ചാര സംഘമായിരുന്നു ഇവര്‍. ഇതേ കുടുംബത്തിലെ അച്ഛനും മകളും അത്ഭുതകരമായി രക്ഷപ്പെട്ടു.

അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട സയ്യിദ് റിയാസ് ഹുസൈന്‍ ദുരന്തത്തിന്റെ നടുക്കുന്ന ഓര്‍മകളിലാണ്. കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണ് കാലാവസ്ഥ മാറിയതും ബോട്ട് മുങ്ങിയതും. എന്റെ ഭാര്യയും മാതാവും കൊച്ചുമകനും നിമിഷങ്ങള്‍ക്കുള്ളില്‍ കണ്‍മുന്നില്‍ നിന്ന് അപ്രത്യക്ഷരായി- അദ്ദേഹം പറഞ്ഞു.

വെള്ളത്തിനടിയില്‍ ശ്വാസം കിട്ടാതെ പിടയുന്നതിനിടയില്‍, തല മാത്രം വെള്ളത്തിന് മുകളില്‍ നില്‍ക്കുന്ന ഒരു ഭാഗത്ത് അദ്ദേഹം കുടുങ്ങിപ്പോയി. ഏകദേശം രണ്ട് മണിക്കൂറോളം ശവശരീരങ്ങള്‍ ഒഴുകിപ്പോകുന്നത് നോക്കി ആ നിലയില്‍ കിടന്ന അദ്ദേഹത്തെ പിന്നീട് രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തുകയായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ ഇനിയും കണ്ടെത്താനായിട്ടില്ല.

സംസ്ഥാന ദുരന്തനിവാരണ സേന , പ്രാദേശിക പോലീസ്, ജില്ലാ ഭരണകൂടം എന്നിവര്‍ ചേര്‍ന്ന് കാണാതായവര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

കാണാതായവരില്‍ കൂടുതല്‍ കുട്ടികളുള്ളത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. ദുരന്തസ്ഥലത്ത് ഇപ്പോഴും യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

Share
error: Content is protected !!