എംപിക്ക് നല്‍കിയത് തട്ടിപ്പ് പണം? ആന്റോ ആന്റണിയ്ക്കെതിരെ ഇ.ഡി അന്വേഷണം; ചോദ്യം ചെയ്യാന്‍ എസ്ഐടിയും

നെടുംപറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ അന്വേഷണത്തില്‍ ആന്റോ ആന്റണി എം.പിയെ ചോദ്യം ചെയ്യും. ആന്‍റോ ആന്‍റണിക്ക് നെടുംപറമ്പില്‍ ഫിനാന്‍സ് ഉടമ എന്‍.എം.രാജു നല്‍കിയത് തട്ടിപ്പ് പണമെന്ന് വിലയിരുത്തല്‍.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഏഴുവര്‍ഷം മുമ്പ് പലതവണയായി രണ്ടുകോടി രൂപ വായ്പ നല്‍കിയെന്നായിരുന്നു കഴിഞ്ഞ ദിവസം എന്‍.എം രാജു ആരോപിച്ചത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കും. 

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഏഴുവര്‍ഷം മുമ്പ് പലതവണയായി വായ്പയെടുത്ത രണ്ടുകോടി രൂപ മടക്കി നല്‍കിയില്ലെന്നായിരുന്നു രാജുവിന്‍റെ ആരോപണം. പലതവണ കാലുപിടിച്ച് ആവശ്യപ്പെട്ടതിനുശേഷം 20 ലക്ഷം രൂപ മാത്രമാണ് മടക്കി നല്‍കിയത്. രേഖയൊന്നുമില്ലാതെ വ്യക്തിബന്ധം വച്ച് പണം നല്‍കിയതാണെന്നും എന്‍.എം.രാജു പറഞ്ഞു.

പണം വാങ്ങിയ കാര്യം ആന്റോ ആന്റണി സമ്മതിച്ചു. പ്രചാരണത്തിനായി സഹായിച്ചിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ മുഴുവന്‍ പണവും രാജുവിന് തിരികെനല്‍കി എന്നുമാണ് ആന്‍റോയുടെ പ്രതികരണം. കഴിഞ്ഞ ദിവസം നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റിൽ ഇ.ഡി. റെയ്ഡ് നടത്തിയിരുന്നു. നെടുംപറമ്പിൽ ഫിനാൻസിന്റെ പൂട്ടിപ്പോയ തിരുവല്ല കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപമുള്ള ഓഫീസിലും സ്ഥാപന ഉടമ എൻ.എം. രാജുവിന്റെ രാമൻചിറയിലെ വീട്ടിലുമാണ് പരിശോധന നടത്തിയത്. 

അതേസമയം, ശബരിമല സ്വർണ്ണ കൊള്ളയിൽ അടൂർ പ്രകാശിന് പിന്നാലെ ആന്റോ ആൻറണി എംപിയെയും എസ്.ഐ.ടി. ചോദ്യം ചെയ്യും. വരും ദിവസങ്ങളിൽ തന്നെ നോട്ടീസ് നൽകി വിളിപ്പിക്കാനാണ് തീരുമാനം. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള അടുപ്പം കേന്ദ്രീകരിച്ചാണ് ആന്റോ ആന്റണിയെയും ചോദ്യം ചെയ്യുന്നത്. സോണിയ ഗാന്ധിക്കൊപ്പം ഉണ്ണികൃഷ്ണ പോറ്റി നിൽകുന്ന ചിത്രത്തിൽ ആന്റോ ആൻറണിയുമുണ്ട്.  സോണിയ ഗാന്ധിയുടെ കയ്യിൽ പോറ്റി ചരട് കെട്ടുന്നതും ആന്റോ ആന്റണിയുടെ സാന്നിധ്യത്തിലാണ്. ഇതടക്കമുള്ള കാര്യങ്ങളെക്കുറിച്ചാണ് എസ്ഐടി ചോദിച്ചറിയാൻ ശ്രമിക്കുന്നത്.

Share
error: Content is protected !!