ഹൂത്തി ആക്രമണങ്ങളിൽ പരിഭ്രാന്തരായി ജനങ്ങൾ. ഹൂത്തി കേന്ദ്രങ്ങളിൽ ശക്തമായ തിരിച്ചടി ആരംഭിച്ചു.

വെള്ളിയാഴ്ച സൌദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ യെമനിലെ ഹൂത്തികൾ നടത്തിയ ആക്രമണങ്ങളിൽ ജനങ്ങൾ പരിഭ്രാന്തരായി. വർഷങ്ങളായി ഹൂത്തികളും സൌദി സഖ്യസേനയും തമ്മിൽ ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും നടക്കുന്നുണ്ടെങ്കിലും, സൌദിയുടെ പടിഞ്ഞാറൻ പ്രവശ്യയിലെ ജിദ്ദയിലേക്ക് അടുത്തിടെയാണ് ഹൂതികൾ ആക്രമണം വ്യാപിപ്പിച്ചത്. തുടർച്ചയായ ദിവസങ്ങളിൽ ആക്രമണമുണ്ടായതോടെയാണ് ജനങ്ങളിൽ പരിഭ്രാന്തി വർധിച്ചത്. ഇത് വരെയുണ്ടായ ആക്രമണങ്ങളിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, കനത്ത നാശ നഷ്ടങ്ങളുണ്ടാക്കിയിട്ടുണ്ട്.

വെള്ളിയാഴ്ച വൈകുന്നേരം 5.15നായിരുന്നു ജിദ്ദയിലെ അരാംകോ എണ്ണ വിതരണ കേന്ദ്രത്തിന് നേരെ ആക്രമണം നടന്നത്. ആക്രമണത്തിൽ എണ്ണ ടാങ്കിന് തീപിടിച്ചതോടെ വലിയ തീ ഗോളങ്ങൾ മുകളിലേക്കുയർന്നു. കറുത്ത പുകപടലങ്ങൾ ആകാശത്ത് വ്യാപിച്ചതും, മൊബൈൽ ദൃശ്യങ്ങളിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ച് തുടങ്ങിയതും ജനങ്ങളിൽ ആശങ്ക വർധിപ്പിച്ചു.

ആക്രമണത്തിൽ ജിസാനിലെ സ്വാംത വൈദ്യുത വിതരണ കേന്ദ്രത്തിനും തീപിടിച്ചു. രാജ്യത്തുടനീളം ഊർജ്ജ സ്രോതസ്സുകളെ ലക്ഷ്യം വെച്ചാണ് ഹൂതികൾ ആക്രമണം നടത്തുന്നത്. ആക്രമണം സൌദിയെ മാത്രം ലക്ഷ്യം വെച്ചല്ലെന്നും, ആഗോള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുക്കുകയാണ് ലക്ഷ്യമെന്നും സൌദി സഖ്യസേന ആരോപിച്ചു. ആഗോള എണ്ണ വിപണയിൽ എണ്ണയുടെ കുറവ് പ്രതിഫലിച്ചാൽ സൌദി ഉത്തരവാദി ആയിരിക്കില്ലെന്നും സൌദി അറേബ്യ വ്യക്തമാക്കി.

അതേ സമയം ഹൂതി ആക്രമണങ്ങൾക്കെതിരെ സൌദി സഖ്യസേന സൈനിക നടപടികൾ ശക്തമാക്കി. യമെനിലെ ഹൂതി ശക്തി കേന്ദ്രങ്ങളായ സൻആയിലും ഹുദൈദയിലും ശക്തമായ വ്യോമാക്രമണം ആരംഭിച്ചു. ലക്ഷ്യം കൈവരിക്കുന്നത് വരെ സൈനിക നടപടി തുടരുമെന്നും സഖ്യസേന അറിയിച്ചു.

 

 

 

 

 

 

Share
error: Content is protected !!