നാട്ടിലേക്ക് പോകാനിരിക്കെ പ്രവാസിയെ താമസ സ്ഥലത്ത് മരിച്ച നിലിയിൽ കണ്ടെത്തി
നാട്ടിലേക്ക് പോകാനായി എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയ പ്രവാസിയെ സൌദിയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് തഞ്ചാവൂർ സ്വദേശി മുരുകേഷിനെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. നാട്ടിലേക്ക് പോകേണ്ടതിൻ്റെ തലേ ദിവസമായിരുന്നു സംഭവം. കഴിഞ്ഞ 25 വർഷമായി സൗദിയിലെ നജ്റാനിൽ ജോലിചെയ്തുവരികയായിരുന്നു. 12 വർഷം മുമ്പാണ് അവസാനമായി നാട്ടിൽ നിന്നും തിരിച്ചെത്തിയത്. അതിന് ശേഷം ഇത് വരെ നാട്ടിലേക്ക് പോയിരുന്നില്ല.
നാല് വർഷം മുമ്പ് വിസ കാലാവധി അവസാനിച്ചിരുന്നു. യാത്ര രേഖകൾ ശരിയല്ലാത്തതിനാൽ നാട്ടിലേക്ക് പോകാനാകാതെ പ്രയാസപ്പെട്ട മുരുകേഷിനെ നാട്ടിലേക്കയക്കാൻ സഹായമഭ്യർത്ഥിച്ച് കൊണ്ട് സുഹൃത്തുക്കൾ സാമൂഹ്യ പ്രവർത്തകനും ഇന്ത്യൻ സോഷ്യൽ ഫോറം നജ്‌റാൻ വെൽഫയർ ഇൻചാർജുമായ ഷെയ്ക്ക് മീരാനെ സമീപിച്ചു. അദ്ദേഹം അധികാരികളെ പലതവണ കണ്ട് മുരുകേശിന്റെ യാത്രക്ക് ആവശ്യമായ രേഖകളെല്ലാം ശരിയാക്കി കൊടുക്കുകയും ചെയ്തു.
നാട്ടിലേക്ക് പോകാൻ ഫ്ലൈറ്റ് ടിക്കറ്റുൾപ്പെടെയുള്ള എല്ലാ രേഖകളും ശരിയായ ശേഷമാണ്, മുരുകേശിനെ പോകുന്നതിൻ്റെ തലേ ദിവസം താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് കരുതപ്പെടുന്നത്. തുടർന്ന് സോഷ്യൽ ഫോറം പ്രവർത്തകരുടെ ഇടപെടലിലൂടെ മൃതദേഹം നജ്റാനിൽ തന്നെ മറവുചെയ്തു. ഭാര്യ ഇളവരശി, രണ്ടു മക്കൾ: ശ്രീമതി, രൂപശ്രീ.