ചുറ്റും ആളിക്കത്തി തീ; വീടിനുള്ളിൽ കുടുങ്ങിയ കുട്ടിയെ സാഹസികമായി രക്ഷിച്ച് സൗദി പൗരൻ
റിയാദ്: ചുറ്റും പടർന്നുപിടിച്ച തീ ചാടിക്കടന്ന് തീ പടർന്നുപിടിച്ച വീടിനകത്തുനിന്ന് സൗദി പൗരൻ പെൺകുട്ടിയെ സാഹസികമായി രക്ഷിച്ചു. റിയാദ് അൽഖർജിലെ അൽഹദാ ജില്ലയിലാണ് സംഭവം. തീ പിടിച്ച വീടിനകത്തുനിന്ന് പെൺകുട്ടിയെ സൗദി പൗരൻ മുഅമ്മർ സഖർ അൽറൂഖിയാണ് രക്ഷിച്ചത്.
മക്കൾക്കൊപ്പം സാധനങ്ങൾ വാങ്ങാൻ പുറത്തുപോയ മുഅമ്മറിനെ പ്രവാസി തൊഴിലാളികൾ തടഞ്ഞുനിർത്തി ഫയർ ഫോഴ്സിന്റെ നമ്പർ ചോദിക്കുകയായിരുന്നു. തീ പടർന്നുപിടിച്ച വീടിന് മുന്നിൽ സ്ത്രീ പരിഭ്രാന്തയായി നിൽക്കുന്നുണ്ടെന്നും അവരുടെ സഹോദരി വീടിനകത്ത് ഉറങ്ങുകയാണെന്നും തൊഴിലാളികൾ പറഞ്ഞു. മുഅമ്മർ ഉടൻ സിവിൽ ഡിഫൻസിനെ വിളിക്കുകയും സമയം പാഴാക്കാതെ വീടിനടുത്തേക്ക് കുതിക്കുകയും ചെയ്തു. വീടിന്റെ വാതിലുകളും ജനലുകളും പൂർണമായും അടച്ച നിലയിലായിരുന്നു. അപ്പോഴേക്കും വീടിനകം കറുത്ത പുകകൊണ്ട് നിറഞ്ഞിരുന്നു.
തന്റെ തലയിൽ മറച്ച വസ്ത്രം ഉപയോഗിച്ച് മുഖം മറച്ച്, മൊബൈൽ ഫോണിന്റെ വെളിച്ചം ഉപയോഗിച്ച് മുഅമ്മർ അകത്ത് കടക്കുകയും ചെയ്തു. എന്നാൽ ശ്വാസം കിട്ടാതെ വീണ്ടും പുറത്തേക്കോടി കാറിൽനിന്ന് കൂടുതൽ വെളിച്ചമുള്ള ടോർച്ചുമായി വീടിനകത്തേക്ക് വീണ്ടും പ്രവേശിച്ചു. ഏറെ നേരം തിരഞ്ഞതിന് ശേഷമാണ് പെൺകുട്ടിയെ കണ്ടെത്താനായത്. ഇരുട്ടും പുകയും കാരണം പുറത്തേക്കുള്ള വഴി കണ്ടെത്താനും ഏറെ വിഷമിച്ചു. ഏറെ പണിപ്പെട്ടാണ് പുറത്തുകടന്നതെന്നും മുഅമ്മർ പറഞ്ഞു. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് നിഗമനം.


