മലപ്പുറത്ത് ഫുട്‌ബോള്‍ ഗ്യാലറി തകര്‍ന്ന് വീണ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

മലപ്പുറം: മലപ്പുറം കാളികാവ് പൂങ്ങോട്ടില്‍ ഫുട്‌ബോള്‍ ഗ്യാലറി തകര്‍ന്നുവീണു. അപകടത്തില്‍ കളി കാണാനെത്തിയ നിരവധി പേര്‍ക്ക് പരിക്കേറ്റു. മൂന്നുപേരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

മൈതാനത്ത് സെവന്‍സ് ഫുട്‌ബോള്‍ മത്സരം നടക്കുന്നതിന് തൊട്ടുമുമ്പാണ് താത്കാലിക ഗ്യാലറി തകര്‍ന്നുവീണത്. ഗ്യാലറിയില്‍ നിറയെ ആളുകളുണ്ടായിരുന്നു. അപകടത്തിന് ശേഷമുള്ള തിക്കിലും തിരക്കിലുംപെട്ടും നിരവധിപേര്‍ക്ക് പരിക്കേറ്റു.

ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. യൂണൈറ്റഡ് എഫ്.സി നെല്ലിക്കുത്തും റോയൽ ട്രാവൽ കോഴിക്കോടും തമ്മിലുള്ള മത്സരത്തിനിടെയാണ് അപകടം. സ്റ്റേഡിയത്തിൽ നിറയെ കാണികളുണ്ടായിരുന്നു. സ്റ്റേഡിയം തിങ്ങി നിറഞ്ഞിരുന്നു. രണ്ടായിരത്തിലധികം പേരുണ്ടായിരുന്ന ഗാലറിയാണ് തകർന്നു വീണത്. മത്സരം തുടങ്ങി, അധികം വൈകാതെയായിരുന്നു അപകടം.

കവുങ്ങ് കൊണ്ടുള്ള ഗാലറി നിറഞ്ഞതിനാൽ ഔട്ടർ ലൈനിൽ വരെ ആളുകൾ ഇരുന്നിരുന്നു. ഇതിനിടയിലാണ് ഗാലറി പൊടുന്നനെ തകർന്ന് വീണത്. ഫ്ലഡ് ലൈറ്റും തകർന്ന് വീണു. പരിക്കേറ്റവരെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും വണ്ടൂരിലെ വിവിധ ആശുപത്രികളിലും പ്രവേശിപ്പിച്ചു

കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയിലുണ്ടായ ബലക്ഷയമാണ് ഗ്യാലറി തകര്‍ന്നുവീഴാന്‍ ഇടയാക്കിയതെന്നാണ് കരുതുന്നത്. എന്നാൽ പരിധിയിൽ കൂടുതൽ പേരെ ടിക്കറ്റ് നൽകി കളി കാണാനായി കടത്തിവിട്ടതാണ് ഗ്യാലറി തകരാൻ കാരണമായതെന്ന് നാട്ടുകാരുടെ അഭിപ്രായം.

Share
error: Content is protected !!