പൊട്ടിവീണ വൈദ്യുതലൈനിൽനിന്ന് ഷോക്കേറ്റുമരിച്ച കുരുന്നുകൾക്ക് യാത്രാമൊഴി; പള്ളിയങ്കണം ജനസാഗരമായി
കോടഞ്ചേരി: കോരിച്ചൊരിയുന്ന മഴ, വകവെക്കാതെ നാട് ഒന്നടങ്കമെത്തി കോടഞ്ചേരി സെയ്ന്റ് മേരീസ് പള്ളിയങ്കണത്തിലേക്ക്, ഷോക്കേറ്റ് മരിച്ച സഹോദരങ്ങൾക്ക് യാത്രാമൊഴിയേകാൻ. മൃതദേഹങ്ങൾ വഹിച്ചുകൊണ്ടുള്ള വിലാപയാത്രയ്ക്ക് മണിക്കൂർ മുൻപേ പള്ളിയങ്കണം ജനങ്ങളെക്കൊണ്ട് നിറഞ്ഞു.
.
കഴിഞ്ഞ ദിവസം വീടിന് സമീപത്തെ തോട്ടില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് സഹോദരങ്ങളായ ആണ്‍കുട്ടികള്‍ വൈദ്യുതാഘാതമേറ്റ് മരിച്ചത്. വൈദ്യുതലൈന്‍ പൊട്ടി തോട്ടില്‍ വീണതിന് പിന്നാലെയായിരുന്നു അപകടം. നിരന്നപാറ റോഡിന് സമീപത്തുള്ള തോട്ടിലായിരുന്നു ദാരുണ സംഭവം.
.
ചന്ദ്രന്‍കുന്നേല്‍ ബിജു-ഷീബ ദമ്പതിമാരുടെ മക്കളായ നിതിന്‍ ബിജു (14), ഐവിന്‍ ബിജു (10) എന്നിവരാണ് മരിച്ചത്. കോടഞ്ചേരി അങ്ങാടിയില്‍ മീന്‍ കച്ചവടം നടത്തുന്നയാളാണ് ബിജു. കുട്ടികള്‍ ഞായറാഴ്ച വൈകീട്ട് തോട്ടില്‍ കുളിക്കാനിറങ്ങിയതായിരുന്നു. ഈ സമയം മേഖലയില്‍ പൊടുന്നനെ അതിശക്തമായ കാറ്റും മഴയുമുണ്ടായി. ശക്തമായ കാറ്റില്‍പ്പെട്ട് തോടിന് സമീപത്തുനിന്ന ഒരു തേക്കുമരം വൈദ്യുതിലൈനിന് മുകളിലേക്ക് മറിഞ്ഞു വീണു. മരം വീണതിനെ തുടര്‍ന്ന് വൈദ്യുതലൈന്‍ പൊട്ടി തോട്ടില്‍ വീഴുകയും കുട്ടികള്‍ക്ക് വെള്ളത്തിൽ നിന്ന് വൈദ്യുതാഘാതം ഏല്‍ക്കുകയും ആയിരുന്നു.
.
ലൈന്‍ ഓഫ് ചെയ്ത് വൈദ്യുതിബന്ധം വിച്ഛേദിച്ച് കുട്ടികളെ കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
.
അന്ത്യോപചാരമർപ്പിക്കാൻ നാനാതുറയിലുള്ളവർ കാത്തുനിന്നു. മന്ത്രി കെ. കൃഷ്ണൻകുട്ടി വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു. മരിച്ച കുട്ടികളുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. വയനാട് എംപി പ്രിയങ്കാ ഗാന്ധിക്കുവേണ്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോബി ഇലന്തൂർ പുഷ്പചക്രം അർപ്പിച്ചു. സന്ദേശത്തിൽ ദുഃഖം രേഖപ്പെടുത്തിയ അവർ, കാലവർഷക്കെടുതിക്കെതിരേ ജാഗ്രത പുലർത്തണമെന്ന് ഓർമ്മിപ്പിച്ചു. ലിന്റോ ജോസഫ് എംഎൽഎ ഉൾപ്പെടെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ സംസ്കാരശുശ്രൂഷയിൽ പങ്കുചേർന്നു.
.
നിധിനും ഐവിനും പഠിച്ച കോടഞ്ചേരി സെയ്ന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ, നെല്ലിപ്പൊയിൽ സെയ്ന്റ് ജോൺസ് ഹൈസ്കൂൾ, കോടഞ്ചേരി എൽപി സ്കൂൾ എന്നിവിടങ്ങളിലെ അധ്യാപകരും വിദ്യാർഥികളും ആദരാഞ്ജലിയർപ്പിച്ചു. കോടഞ്ചേരി സെയ്ന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിലെ ഒരു കല്ലറയിൽത്തന്നെ ഇരുവർക്കും അന്ത്യവിശ്രമമൊരുക്കി. സംസ്കാരശുശ്രൂഷകൾക്ക് താമരശ്ശേരി രൂപതാ വികാരി ജനറാൾ മോൺസിഞ്ഞോർ അബ്രഹാം വയലിൽ, ഇടവക വികാരി ഫാ. കുര്യാക്കോസ് ഐകുളമ്പിൽ എന്നിവർ മുഖ്യകാർമികത്വം വഹിച്ചു.
.
കെഎസ്ഇബി പത്തുലക്ഷം വീതം നൽകും
വൈദ്യുതലൈനിൽനിന്ന് ഷോക്കേറ്റ് സഹോദരങ്ങൾ തോട്ടിൽവെച്ച് മരിച്ച സംഭവത്തിൽ ഇരുവരുടെയും കുടുംബാംഗങ്ങൾക്ക് പത്തുലക്ഷം രൂപ വീതം നഷ്ടപരിഹാരം ഉടൻ അനുവദിക്കുമെന്ന് വൈദ്യുതമന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു. കെഎസ്ഇബി തന്നെയാണ് ഈ നഷ്ടപരിഹാരം അനുവദിക്കുന്നത്. ഇതിനുപുറമേ, മുഖ്യമന്ത്രിയുടെ ദുരന്തനിവാരണഫണ്ടിൽനിന്ന് നഷ്ടപരിഹാരം അനുവദിക്കാൻ ശ്രമിക്കും. നെഞ്ചിനകത്ത് കടുത്ത നീറ്റലുണ്ടാക്കുന്ന അനുഭവമാണ് ആ കുരുന്നുകളുടെ വീട്ടിലെത്തിയപ്പോൾ അനുഭവപ്പെട്ടതെന്നും ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക