കൊടും ക്രൂരത; ഒന്നര വയസ്സുകാരിയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊന്നു
ഒന്നര വയസ്സുകാരിയെ മുത്തശ്ശിയുടെ കാമുകൻ കൊലപ്പെടുത്തി. കൊച്ചി കലൂരുള്ള ഹോട്ടലിൽ മുറിയെടുത്തു താമസിക്കുമ്പോഴാണ് പിഞ്ചു കുഞ്ഞിനെ മുത്തശ്ശിയുടെ കാമുകൻ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.
ഹോട്ടൽ മുറിയിൽവെച്ച് കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിലിട്ട് മുക്കിക്കൊന്നതായാണ് പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. സംഭവത്തിൽ മുത്തശ്ശിക്ക് പങ്കുണ്ടോ എന്ന് വ്യക്തമല്ല. ഇക്കാരിത്തിൽ വ്യക്തത വരുത്താനായി മുത്തശ്ശിയെ ചോദ്യം ചെയ്ത് വരികയാണെന്നും പോലീസ് പറഞ്ഞു. മുത്തശ്ശിയുടെ കാമുകനായ പ്രതി പള്ളുരുത്തി സ്വദേശി ജോൺ ബിനോയിയെ എറണാകുളം നോർത്ത് പൊലീസ് അറസ്റ്റു ചെയ്തു.
അങ്കമാലി കോട്ടശേരി സ്വദേശി സജീഷിന്റെയും ഡിക്സിയുടെയും മകൾ നോറ മരിയ ആണ് മരിച്ചത്.
കുഞ്ഞിന്റെ അമ്മ വിദേശത്ത് ജോലി ചെയ്യുകയാണ്. മുത്തശ്ശിയായിരുന്നു കുഞ്ഞിനെ നോക്കിയിരുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് മുത്തശ്ശിയും കാമുകനും കുഞ്ഞും കലൂരിലെ ഹോട്ടലിൽ മുറിയെടുത്തത്. ദമ്പതിമാരാണെന്ന് പറഞ്ഞാണ് ഇരുവരും ഹോട്ടലിൽ മുറിയെടുത്തത്. ചൊവ്വാഴ്ച പുലർച്ചെ രണ്ടോടെ മുറിയെടുത്ത സ്ത്രീ റിസപ്ഷനിലേക്ക് വരികയും കുഞ്ഞിന് സുഖമില്ലെന്നും ശ്വാസം കിട്ടുന്നില്ലെന്നും ജീവനക്കാരോട് പറഞ്ഞു. രാത്രി ഇവർ ആശുപത്രിയിൽ എത്തിക്കുമ്പോൾ കുഞ്ഞു മരിച്ചിരുന്നു. ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്ന് പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുക്കുകയും അന്വേഷണം നടത്തി വരികയുമായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കൊലപാതകമാണെന്നു സംശയം ഉയർന്നതോടെ പൊലീസ് മുത്തശ്ശിയെയും ജോൺ ബിനോയിയേയും ചോദ്യം ചെയ്യുകയായിരുന്നു.
കുഞ്ഞിനെ കൊല്ലുക ലക്ഷ്യമിട്ടാണ് ഇരുവരും മുറിയെടുത്തത് എന്നാണ് സംശയിക്കുന്നത്. മുറിയെടുക്കുമ്പോൾ ഇവരുടെ പെരുമാറ്റത്തിൽ അസ്വാഭാവികത ഉണ്ടായിരുന്നതായി ഹോട്ടൽ ജീവനക്കാരും മൊഴി നൽകിയിട്ടുണ്ട്.